|    Mar 21 Wed, 2018 12:56 pm
Home   >  Todays Paper  >  page 11  >  

ലോകകപ്പ് യോഗ്യത: ജര്‍മനിക്കും ഇംഗ്ലണ്ടിനും വിജയത്തുടക്കം

Published : 6th September 2016 | Posted By: SMR

ഒസ്‌ലോ: ലോകകപ്പിനുള്ള യൂറോപ്യന്‍ മേഖലാ യോഗ്യതാ മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിക്കും ഗ്ലാമര്‍ ടീമായ ഇംഗ്ലണ്ടിനും വിജയത്തുടക്കം. ഗ്രൂപ്പ് സിയില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യറൗണ്ട് പോരാട്ടത്തില്‍ ജര്‍മനി എതിരില്ലാത്ത മൂന്ന് ഗോളിന് നോര്‍വെയെയാണ് പരാജയപ്പെടുത്തിയത്.
എന്നാല്‍, ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് സ്ലൊവാക്യയെ മറികടക്കുകയായിരുന്നു.
ഗ്രൂപ്പ് സിയിലെ മറ്റു മല്‍സരങ്ങളില്‍ അസര്‍ബെയ്ജാന്‍ 1-0ന് സാന്‍ മരിനോയെ തോല്‍പ്പിച്ചപ്പോള്‍ ചെക്ക് റിപബ്ലിക്കും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ഗ്രൂപ്പ് ഇയില്‍ ഡെന്‍മാര്‍ക്ക് 1-0ന് അര്‍മേനിയയെ തോല്‍പ്പിച്ചപ്പോള്‍ പോളണ്ട്-കസാക്കിസ്താന്‍ (2-2), റുമാനിയ-മോണ്ടനെഗ്രോ (1-1) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് എഫില്‍ സ്‌കോട്ട്‌ലന്‍ഡ് ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് മാള്‍ട്ടയെ തരിപ്പണമാക്കിയപ്പോള്‍ സ്ലൊവേനിയയും ലിത്വാനിയയും 2-2ന് പിരിയുകയായിരുന്നു.
നോര്‍വെയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയ സ്റ്റാര്‍ ഫോര്‍വേഡ് തോമസ് മുള്ളറാണ് ജര്‍മനിക്ക് മികച്ച ജയം നേടിക്കൊടുത്തത്. കളിയുടെ ഇരുപകുതികളിലായാണ് ബയേണ്‍ മ്യൂണിക്ക് താരം ജര്‍മനിക്കു വേണ്ടി വലകുലുക്കിയത്.
15ാം മിനിറ്റില്‍ മുള്ളറിലൂടെ ആദ്യ ഗോള്‍ നേടിയ ജര്‍മനി 45ാം മിനിറ്റില്‍ ജോസുഹ കിമ്മിച്ചിലൂടെ ലീഡ് ഉയര്‍ത്തുകയായിരുന്നു. 60ാം മിനിറ്റില്‍ മികച്ച ഹെഡ്ഡറിലൂടെ മുള്ളര്‍ മല്‍സരത്തിലെ തന്റെ രണ്ടാം ഗോളും നിറയൊഴിച്ചു.
എന്നാല്‍, മല്‍സരം സമനിലയിലേക്ക് നീങ്ങവെ ആദം ലല്ലാനയിലൂടെ ഇംഗ്ലണ്ട് സ്ലൊവാക്യക്കെതിരേ നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു. ഇഞ്ചുറിടൈമിലാണ് ലല്ലാന മികച്ചൊരു ഫിനിഷിങിലൂടെ ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്. മല്‍സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് 58ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ സ്‌കര്‍ട്ടല്‍ പുറത്തുപോയത് സ്ലൊവാക്യയ്ക്ക് വിനയായി.
ഇംഗ്ലണ്ടിന്റെ പുതിയ പരിശീലകനായ സാം അല്ലാര്‍ഡയ്‌സിന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. ഈ മല്‍സരത്തോട് കൂടി ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ ഔട്ട്ഫീല്‍ഡ് മല്‍സരങ്ങള്‍ കളിക്കുന്ന താരമെന്ന ഖ്യാതി ക്യാപ്റ്റന്‍ വെയ്ന്‍ റൂണി സ്വന്തമാക്കി. മുന്‍ സൂപ്പര്‍താരം ഡേവിഡ് ബെക്കാമിന്റെ പേരിലുണ്ടായിരുന്ന 115 മല്‍സരങ്ങളാണ് റൂണി മറികടന്നത്.
നേരത്തെ ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് റൂണി തന്റെ പേരിലാക്കിയിരുന്നു. 125 തവണ ദേശീയ ടീമിന്റെ ജെഴ്‌സിയണിഞ്ഞ മുന്‍ സ്റ്റാര്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടനാണ് ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച താരം.
സ്‌കോട്ട്‌ലന്‍ഡിനെതിരായ മല്‍സരത്തിനിടെ രണ്ട് താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ച കളംവിടേണ്ടിവന്നത് കനത്ത തോല്‍വിക്കിടയില്‍ മാള്‍ട്ടയ്ക്ക് മറ്റൊരു നാണക്കേട് കൂടിയായി. ഹാട്രിക്ക് നേടിയ റോബര്‍ട്ട് സ്‌നോഗ്രാസാണ് മല്‍സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ഹീറോ. 10, 61, 85 മിനിറ്റുകളിലാണ് സ്‌നോഗ്രാസ് സ്‌കോട്ട്‌ലന്‍ഡിനു വേണ്ടി ലക്ഷ്യംകണ്ടത്. ക്രിസ് മാര്‍ട്ടിനും സ്റ്റീവന്‍ ഫ്‌ളെച്ചറുമാണ് സ്‌കോട്ട്‌ലന്‍ഡിന്റെ മറ്റു സ്‌കോറര്‍മാര്‍.
അര്‍മേനിയക്കെതിരേ ക്രിസ്റ്റന്‍ എറിക്‌സനാണ് ഡെന്‍മാര്‍ക്കിന്റെ വിജയഗോള്‍ നേടിയത്. 17ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. മല്‍സരത്തില്‍ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടാനുള്ള സുവര്‍ണാവസരം എറിക്‌സന്‍ പാഴാക്കി. സാന്‍ മരിനോയ്‌ക്കെതിരേ 45ാം മിനിറ്റില്‍ റസ്ലന്‍ ഗുര്‍ബനോവാണ് അസര്‍ബെയ്ജാന്റെ വിജയഗോള്‍ നേടിയത്.
യൂറോപ്യന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ന് നടക്കുന്ന പ്രധാന മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സ് ബെലാറസിനെയും ഹോളണ്ട് സ്വീഡനെയും ബള്‍ഗേറിയ ലക്‌സംബര്‍ഗിനെയും ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും ഹംഗറി ഫറോ ഐസ് ലന്‍ഡിനെയും അന്‍ഡോറ ലാത്‌വിയയെയും ഗ്രൂപ്പ് എച്ചില്‍ ബെല്‍ജിയം സൈപ്രസിനെയും ഗ്രീസ് ജിബ്രാള്‍ട്ടറിനെയും എതിരിടും.
ഏഷ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചൈന ഇറാനെയും ദക്ഷിണ കൊറിയ സിറിയയെയും ഖത്തര്‍ ഉസ്‌ബെക്കിസ്താനെയും സൗദി അറേബ്യ ഇറാഖിനെയും ജപ്പാന്‍ തായ്‌ലന്‍ഡിനെയും യുഎഇ ആസ്‌ത്രേലിയെയും നേരിടും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss