|    May 21 Mon, 2018 8:42 pm
FLASH NEWS

ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ മല്‍സരം; ക്രിസ്റ്റിയാനോ ഡബിളില്‍ പറങ്കിപ്പട

Published : 10th June 2017 | Posted By: ev sports

പോര്‍ച്ചുഗല്‍ 3- ലത്വിയ 0, സ്വീഡന്‍ 2- ഫ്രാന്‍സ് 1
– ഹോളണ്ട് 5- ലക്‌സംബര്‍ഗ് 0, അന്‍ഡോറ 1- ഹംഗറി 0

റിഗ: ലോകകപ്പ് യോഗ്യതാ മല്‍സരത്തിന്റെ യൂറോപ്യന്‍ റൗണ്ടില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ പറങ്കികള്‍ ലോകകപ്പിലേക്കുള്ള ടിക്കറ്റ് സാധ്യത നിലനിര്‍ത്തിയപ്പോള്‍ കരുത്തരായ ഫ്രാന്‍സ് സ്വീഡന്റെ മുന്നില്‍ മുട്ടുകുത്തി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രഞ്ച് പടയുടെ തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലത്വിയക്കെതിരേയായിരുന്നു പോര്‍ച്ചുഗല്‍ ജയം. അതേസമയം, എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഹോളണ്ട് ലക്‌സംബര്‍ഗിനെയും ഒറ്റ ഗോളില്‍ അന്‍ഡോറ, ഹംഗറിയേയും പരാജയപ്പെടുത്തി.
ബി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരാവാന്‍ ബൂട്ടണിഞ്ഞ പോര്‍ച്ചുഗലിന് വേണ്ടി 41ാം മിനിറ്റിലാണ് റൊണാള്‍ഡോ ആദ്യ ലക്ഷ്യം കണ്ടത്. പിന്നാലെ 63ാം മിനിറ്റിലും താരം വലകുലുക്കിയതോടെ തോല്‍വി ഉറപ്പിച്ച ലത്വിയയുടെ ശവപ്പെട്ടിയില്‍ ആന്ദ്രെ സില്‍വ 67ാം മിനിറ്റില്‍ അവസാന അണിയും അടിച്ചുകയറ്റി. ഇപ്പോള്‍ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാണ് പോര്‍ച്ചുഗല്‍. എന്നാല്‍, രണ്ടാംസ്ഥാനക്കാരുടെ പട്ടികയില്‍ ഒന്നാമനായി പ്രോമോഷന്‍ സ്‌റ്റേജിലേക്ക് ടിക്കറ്റ് ഉറപ്പാക്കിയിട്ടുണ്ട് ക്രിസ്റ്റിയും കൂട്ടരും.
ആഴ്‌സനലിന്റെ ഒലിവര്‍ ജിറൗഡ് 37ാം മിനിറ്റില്‍ നേടിയ ഗോള്‍ സ്വീഡന്‍ ആദ്യപകുതി തന്നെ മറികടന്നപ്പോള്‍ ഫ്രാന്‍സ് തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല. 43ാം മിനിറ്റില്‍ ജിമ്മി ഡര്‍മാസിന്റെ സമനില ഗോളിലേക്ക് അവസാന നിമിഷം ഒല തൊയ്വേനന്‍ ഗോള്‍ ചേര്‍ത്തതോടെ സമനില ഉറപ്പാക്കിയ മല്‍സരത്തില്‍ സ്വീഡന്‍ അസാധാരണ ജയമുറപ്പാക്കി. ഇതോടെ എ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായ ഫ്രാന്‍സിന്റെ കാര്യം ആശങ്കയിലാണ്. രണ്ടാംസ്ഥാനക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഫ്രാന്‍സിന്റെ സ്ഥാനം.
റഷ്യന്‍ ടിക്കറ്റ് ഇതുവരെ സ്വന്തമാക്കാന്‍ സാധിക്കാത്ത ഹോളണ്ട് എതിരാളികളുടെ വലയില്‍ തുടരെതുടരെ ഗോള്‍ നിക്ഷേപിക്കുകയായിരുന്നു. ആര്യന്‍ റോബന്‍ (21ാം മിനിറ്റ്) തുടക്കമിട്ട ഗോള്‍ വേട്ടയിലേക്ക് വെസ്‌ലി സ്‌നൈഡര്‍ (34), വൈല്‍നാല്‍ഡം (62), ക്വിന്‍സി പ്രോംസ് (70), ജാന്‍സെന്‍ (പെനല്‍റ്റി- 84) എന്നിവരും പങ്കുചേര്‍ന്നു. ഇനി അടുത്ത മല്‍സരത്തില്‍ ഫ്രാന്‍സിനെ തോല്‍പിച്ചാല്‍ മാത്രമേ ഹോളണ്ട് റഷ്യന്‍ ലോകകപ്പ് കാണുകയുള്ളൂ. മാര്‍ക് റിബസിന്റെ ഏക ഗോളിന് മറുപടി നല്‍കാനാവാതെ ഹംഗറി തലകുനിച്ചപ്പോള്‍ അന്‍ഡോറയും ബല്‍ഗേറിയയെ തോല്‍പിച്ച് ബെലാറസും (1-2) ഏകപക്ഷീയമായ രണ്ട് ഗോളില്‍ എസ്‌റ്റോനിയക്കെതിരേ ബെല്‍ജിയവും ജയം നേടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss