|    Oct 21 Sun, 2018 8:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലോകകപ്പിനായി കൊച്ചി പൂര്‍ണസജ്ജം : സ്റ്റേഡിയം 25നു ഫിഫയ്ക്ക് വിട്ടുനല്‍കും – കായികമന്ത്രി

Published : 23rd September 2017 | Posted By: fsq

 

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിനായി ഫിഫ നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയെന്നു സംസ്ഥാന കായികമന്ത്രി എ സി മൊയ്തീന്‍. പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയവും മറ്റു പരിശീലന മൈതാനങ്ങളും 25ന് ഫിഫയ്ക്ക് കൈമാറുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലാവും സ്റ്റേഡിയം കൈമാറുന്നത്. കൊച്ചിയിലെ വേദിയെപ്പറ്റി നിലനിന്നിരുന്ന ആശങ്കകളെല്ലാം അകന്നു. സ്‌റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഫിഫ നിര്‍ദേശിച്ച എല്ലാ സൗകര്യങ്ങളും കലൂര്‍ സ്‌റ്റേഡിയത്തിലും പരിശീലനവേദികളിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിലെ എട്ടു മല്‍സരങ്ങള്‍ക്കാണ് കൊച്ചി വേദിയൊരുക്കുന്നത്. ഇതിനായി എത്തുന്ന ടീമുകള്‍ക്കു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ് ന ല്‍കും. ലോകകപ്പിന്റെ പ്രചാരണാര്‍ഥം നടത്തുന്ന പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ണമായിട്ടുണ്ട്. 27നു സംസ്ഥാനമൊട്ടാകെ വണ്‍ മില്യന്‍ ഗോള്‍ പരിപാടി നടക്കും. പത്തു ലക്ഷത്തിലധികം ഗോളുകളാണ് പ്രതീക്ഷിക്കുന്നത്. പ്രചാരണ പരിപാടിയുടെ ഭാഗമായി ഫുട്‌ബോള്‍-കായികരംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കുന്ന ബോള്‍ റണ്‍ അടുത്ത മാസം 3നു കളിയിക്കാവിളയില്‍ നിന്നും ദീപശിഖാ റാലി ഇതേ ദിവസം കാസര്‍കോട്ടു നിന്നും പര്യടനം ആരംഭിക്കും. വിവിധ ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങി 6നു കലൂര്‍ സ്‌റ്റേഡിയത്തില്‍ സംഗമിക്കും. ഇതിനൊപ്പം നിയമസഭാ സാമാജികര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് സെലിബ്രിറ്റി മല്‍സരങ്ങള്‍ തിരുവനന്തപുരത്തും കോഴിക്കോട്ടുമായി സംഘടിപ്പിക്കും. സ്‌റ്റേഡിയത്തിനു സമീപമുള്ള വിവിധ ആശുപത്രികളുമായി സഹകരിച്ചു താരങ്ങള്‍ക്കു മികച്ച ചികില്‍സാ സൗകര്യവും ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ചാംപ്യന്‍ഷിപ്പിന്റെ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് ഇന്നു വൈകുന്നേരം 6ന് എറണാകുളം ഐജി ഓഫിസില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ ഉന്നതതല പോലിസ് യോഗം ചേരും. ഫിഫയുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് പോലിസ് ഒരുക്കുക. സുരക്ഷ പരിഗണിച്ച് മല്‍സരദിവസങ്ങളില്‍ ടിക്കറ്റ് ഉള്ളവര്‍ക്കു മാത്രമാവും സ്‌റ്റേഡിയത്തിലും സമീപമുള്ള റോഡിലും പ്രവേശനത്തിന് അനുമതി. ടിക്കറ്റില്ലാത്തവരെ ഒരു കാരണവശാലും സ്‌റ്റേഡിയത്തിന്റെ സര്‍ക്കിള്‍ റോഡിലേക്കു പോലും കയറ്റില്ല. വാഹനങ്ങള്‍ക്കും പ്രവേശന അനുമതി ഉണ്ടാവില്ല. സ്‌റ്റേഡിയത്തിന്റെ പരിസരപ്രദേശങ്ങളിലായിരിക്കും പാര്‍ക്കിങ് സൗകര്യം ഒരുക്കുക. ഇക്കാര്യങ്ങള്‍ ഇന്നു നടക്കുന്ന പോലിസ് യോഗത്തില്‍ തീരുമാനമാവും.  ഇതുവരെ വിവിധ ഏജന്‍സികള്‍ വഴി 43 കോടി രൂപ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് ചെലവഴിച്ചതായും മന്ത്രി പറഞ്ഞു. കെ വി തോമസ് എംപി, എംഎല്‍എമാരായ പി ടി തോമസ്, ഹൈബി ഈഡന്‍, ടി പി ദാസന്‍, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, മുഹമ്മദ് ഹനീഷ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss