|    Jan 20 Fri, 2017 3:25 pm
FLASH NEWS

ലോകം സാക്ഷി: മദര്‍ തെരേസ വിശുദ്ധ

Published : 5th September 2016 | Posted By: SMR

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിയ ലക്ഷം പേരെ സാക്ഷിനിര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു അവിസ്മരണീയ പുണ്യചടങ്ങ്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും മദര്‍ ഇനി അറിയപ്പെടുക.
മദര്‍ തെരേസ വിശുദ്ധ പദവിക്ക് അര്‍ഹയാണെന്നും പ്രഖ്യാപനം നടത്തണമെന്നും മാര്‍പാപ്പയോട് കര്‍ദിനാള്‍ ആഞ്ചലോ ചടങ്ങില്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് മദറിന്റെ ലഘുജീവചരിത്രം വായിച്ചു. മദറിന്റെ 19ാം ചരമവാര്‍ഷികത്തിന്റെ തലേന്നാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്. 40 വര്‍ഷത്തോളം അവര്‍ കൊല്‍ക്കത്തയില്‍ അവശവിഭാഗത്തിന്റെ ആശ്രയകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയില്‍ നിന്നുള്ള 1500ല്‍പരം പാവപ്പെട്ടവരും വത്തിക്കാനിലെത്തി. ചടങ്ങില്‍ 31 വിശുദ്ധരോട് അപേക്ഷയര്‍പ്പിക്കുന്ന ലുത്തീനിയ നടന്നു. പിന്നീട് സിസ്റ്റര്‍ ക്ലെയര്‍ സെന്റ്പീറ്റേഴ്‌സ് ബസിലിക്കയിലെ അള്‍ത്താരയില്‍ മദറിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചു.
പ്രത്യേകം തയ്യാറാക്കിയ കാരുണ്യവര്‍ഷ ഗാനത്തോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. അല്‍ബേനിയ, ഫ്രഞ്ച്, ബംഗാളി, പോര്‍ച്ചുഗീസ്, ചൈനീസ് ഭാഷകളില്‍ മധ്യസ്ഥപ്രാര്‍ഥനയും നടന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങ് ആരംഭിച്ചത്. മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ ശനിയാഴ്ച തന്നെ പ്രാരംഭപ്രാര്‍ഥന തുടങ്ങിയിരുന്നു. സെന്റ്പീറ്റേഴ്‌സ് ചത്വരത്തില്‍ മദറിന്റെ ഛായാചിത്രം സ്ഥാപിച്ചു.
മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ രണ്ട് അദ്ഭുതപ്രവൃത്തികള്‍ നടന്നതായി സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് അവരെ വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന് മാര്‍പാപ്പ അറിയിച്ചത്. വയറ്റില്‍ അര്‍ബുദം ബാധിച്ച മോണിക്ക ബെസ്‌റ എന്ന ഇന്ത്യന്‍ യുവതിയുടെ രോഗം ഭേദപ്പെടുത്തിയതായിരുന്നു ഒരു അദ്ഭുതപ്രവൃത്തി. ബ്രസീലില്‍ നിന്ന് മദറിന്റെ പ്രാര്‍ഥനയുടെ ഫലമായി തലച്ചോറിലെ അര്‍ബുദം ഭേദപ്പെട്ടതായി ഒരു സാക്ഷ്യപത്രവും വന്നിരുന്നു. ഇതു രണ്ടും സഭ അംഗീകരിച്ചു.
ചടങ്ങില്‍ സംബന്ധിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം വത്തിക്കാനിലെത്തിയിരുന്നു. എംപിമാരായ കെ വി തോമസ്, ആന്റോ ആന്റണി, ജോസ് കെ മാണി, സുപ്രിംകോടതി ജഡ്ജി കുര്യന്‍ ജോസഫ്, അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയവരാണ് ഔദ്യോഗിക സംഘത്തിലുള്ളത്. ഇവര്‍ക്കു പുറമേ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കേരള മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി തോമസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 45 ബിഷപ്പുമാരും ഇന്ത്യയില്‍ നിന്നെത്തിയിരുന്നു.
1910ല്‍ കൊസോവന്‍-അല്‍ബേനിയന്‍ ദമ്പതികള്‍ക്ക് ഇന്നത്തെ മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്‌ജെയിലിലാണ് തെരേസ ജനിച്ചത്. അവര്‍ക്ക് 1979ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക