|    Dec 12 Wed, 2018 3:44 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോകം സാക്ഷി; ഇന്ത്യ നേടി: ഇന്ത്യയുടെ മാനംകാത്ത് സാക്ഷി മാലിക്

Published : 19th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: 120 കോടിയിലധികം വരുന്ന ഇന്ത്യ ന്‍ ജനതയുടെ രണ്ടാഴ്ച നീണ്ട പ്രാര്‍ഥനയ്ക്ക് ഫലംകണ്ടു. ഒളിംപിക്‌സിന്റെ മഹാവേദിയില്‍ മെഡല്‍ദാനച്ചടങ്ങില്‍ ഇന്ത്യയും തലയുര്‍ത്തി നിന്നു. ഇതിനു രാജ്യം കടപ്പെട്ടിരിക്കുന്നത് ഹരിയാനയില്‍ നിന്നുള്ള വനിതാ ഗുസ്തി താരം സാക്ഷി മാലിക്കിനോടാണ്. ആരും കാര്യമായി സാധ്യത കല്‍പ്പിക്കാതിരുന്ന സാക്ഷിയുടെ മെഡല്‍നേട്ടം ഇന്ത്യക്ക് അക്ഷരാര്‍ഥത്തില്‍ ലോട്ടറിയായി മാറി.
വനിതകളുടെ 58 കിഗ്രാം ഗുസ്തിയിലാണ് റെപ്പഷാജെ റൗണ്ടില്‍ താരം രാജ്യത്തിനായി വെങ്കലമണിഞ്ഞത്. വെങ്കലമെഡലിനായുള്ള പോരാട്ടത്തില്‍ സാക്ഷി ഏഷ്യന്‍ ചാംപ്യന്‍ കൂടിയായ കിര്‍ഗിസ്താന്‍ താരം ഐസുലു ടിനിബെക്കോവയെ മലര്‍ത്തിയടിക്കുകയായിരുന്നു. 8-5നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.
ഒരു ഘട്ടത്തില്‍ 0-5 ന്റെ ദയനീയ തോല്‍വി മുന്നില്‍ കണ്ട സാക്ഷി പിന്നീട് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ജയത്തിലേക്ക് മാര്‍ച്ച് ചെയ്തത്.
മെഡല്‍ നേട്ടത്തോടെ പുതിയൊരു റെക്കോഡും സാക്ഷി സ്വന്തം പേരില്‍ കുറിച്ചു. ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ കരസ്ഥമാക്കിയ ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡിനാണ് സാക്ഷി അര്‍ഹയായത്.
ഇന്നലെ തന്നെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയുടെ വലേറിയ കോബ്ലോവയോട് 2-9നു പരാജയപ്പെട്ടതോടെ സാക്ഷിക്ക് കാത്തിരിപ്പിന്റെ മണിക്കൂറുകളായിരുന്നു. വലേറിയ ഫൈനലിലെത്തിയാല്‍ റെപ്പഷാജ് റൗണ്ടില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കുമെന്നതിനാലായിരുന്നു ഇത്. സാക്ഷിയുടെ കാത്തിരിപ്പ് വെറുതായായില്ല. വലേറിയ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. സെമിയില്‍ കിര്‍ഗിസ്താന്റെ ഐസുലു ടിനിബെക്കോവയെയാണ് വലേറിയ വീഴ്ത്തിയത്.
രണ്ടു മല്‍സരങ്ങളാണ് റെപ്പഷാജെ റൗണ്ടില്‍ സാക്ഷിക്കുണ്ടായിരുന്നത്. വലേറിയ പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച മംഗോളിയയുടെ ഒര്‍ഖോന്‍ പ്യുര്‍ഡോര്‍ജായിരുന്നു ഇന്ത്യ ന്‍ താരത്തിന്റെ ആദ്യ എതിരാളി. 12-3ന് മംഗോളിയന്‍ താരത്തെ തകര്‍ത്ത് സാക്ഷി വെങ്കലമെഡല്‍ പോരിന് യോഗ്യത നേടി. ഒടുവില്‍ ടിനിബെക്കോവയെയും കീഴടക്കി സാക്ഷി ഇന്ത്യയുടെ അഭിമാനതാരമാവുകയായിരുന്നു.
ഇന്ത്യക്കായി ഒളിംപിക്‌സ് ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടത്തിന് ഉടമയാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മല്‍സരശേഷം സാക്ഷി പ്രതികരിച്ചു.
”വെങ്കലമെഡല്‍ മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ പിന്നിലായപ്പോഴും ഞാന്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല. അവസാനറൗണ്ടില്‍ ഏറ്റ വും മികച്ച പ്രകടനം പുറത്തെടുത്താല്‍ ജയിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടായിരു ന്നു. ഭാഗ്യവശാല്‍ അതു സാധിക്കുകയും ചെയ്തു”- താരം കൂട്ടിച്ചേര്‍ത്തു.
എന്താണ് റെപ്പഷാജെ റൗണ്ട്
ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഒരു താരം പ്രീക്വാര്‍ട്ടറിലോ ക്വാര്‍ട്ടറിലോ തോറ്റാലും മെഡല്‍ സാധ്യതയില്‍ നിന്നു പുറത്താവില്ല. ഒരു താരം പ്രീക്വാര്‍ട്ടറിലോ ക്വാര്‍ട്ടറിലോ പരാജയപ്പെട്ടാലും അവരെ തോല്‍പ്പിച്ച താരം ഫൈനലില്‍ എത്തിയാല്‍ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും മല്‍സരിക്കാന്‍ അവസരം ലഭിക്കും. ഈ റൗണ്ടാണ് റെപ്പഷാജ് റൗണ്ട് എന്നറിയപ്പെടുന്നത്.
ഫൈനലിലെത്തുന്ന ഒരു താരത്തെ എടുക്കാം. ഈ താരം പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചവര്‍ തമ്മിലായിരിക്കും ആദ്യമായി ഏറ്റുമുട്ടുക. ഇതില്‍ ജയിക്കുന്നവര്‍ ഫൈനലിലെത്തിയ താരം സെമിയില്‍ തോ ല്‍പ്പിച്ച താരവുമായാണ് വെങ്കല മെഡലിനായി മാറ്റുരയ്ക്കുക. ഒളിംപിക്‌സില്‍ ഗുസ്തിയില്‍ മാത്രമല്ല ബോക്‌സിങിലും രണ്ടു വെങ്കലമെഡലുകളുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss