|    Apr 26 Thu, 2018 3:23 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ലോകം ചുറ്റി സൗരോര്‍ജ്ജ വിമാനം അബുദബിയില്‍ തിരിച്ചെത്തി

Published : 27th July 2016 | Posted By: sdq

6 landing al batheen airportഅബുദബി: ലോകം ചുറ്റി ലോകത്തിലെ ആദ്യത്തെ സൗരോര്‍ജ്ജ വിമാനം ഇന്നലെ അബുദബിയില്‍ തിരിച്ചെത്തി. സോളാര്‍ ഇംപല്‍സ് 2 എന്ന വിമാനം നാലുമണിയോടെയാണ് അല്‍ ബത്തീന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ശുദ്ധ, പുനരുപയോഗ ഊര്‍ജ ഗവേഷണത്തില്‍ ചരിത്രം സൃഷ്ടിക്കുന്നതാണ് ഒരു തുള്ളി ഇന്ധനമില്ലാതെ ലോകം ചുറ്റിയുള്ള സോളര്‍ ഇംപല്‍സിന്റെ വരവ്. ഒരു വര്‍ഷം മുന്‍പ്, 2015 മാര്‍ച്ച് 9നാണ് ശുദ്ധ ഊര്‍ജത്തിന്റെ പ്രചാരവുമായി വിമാനം അബുദാബിയില്‍ നിന്നും പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന അതേ സ്ഥലത്തു തന്നെയാണ് ലോക പര്യടനത്തിനു ശേഷം വിമാനം തിരിച്ചിറങ്ങിയത്.
40000 കിലോമീറ്റര്‍ (510) മണിക്കൂര്‍ പറന്നതിനു ശേഷമാണ് സൗരവിമാനം ലക്ഷ്യസ്ഥാനത്ത് തിരിച്ചെത്തിയത്. ഇന്ധനമില്ലതെ ഒരു വിമാനം ലോക പര്യടനം നടത്തുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഇതോടെ യു.എ.ഇയും തലസ്ഥാനമായ അബുദാബിയും ചരിത്രത്തിന്റെ ഭാഗമായി. താപ നിയന്ത്രണത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടക്കാലത്ത് വിമാനത്തിന് അറ്റകുറ്റ പണികള്‍ ആവശ്യമായതാണ് തിരിച്ചെത്തുന്നത് വൈകാനിടയാക്കിയത്. ഒമാന്‍, ഇന്ത്യ, മ്യാന്‍മര്‍, ചൈന, പസഫിക്, യു.എസ്.എ, അറ്റ്‌ലാന്റിക്, യൂറോപ്പ്, വടക്കന്‍ ആഫ്രിക്ക, എന്നിവിടങ്ങളില്‍ ഇറങ്ങിയ ശേഷമാണ് എസ്.ഐ.2 അബുദാബിയില്‍ തിരിച്ചെത്തിയത്. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ നിന്ന് അബുദാബിയിലേക്കായിരുന്നു പര്യടനത്തിന്റെ ഭാഗമായുള്ള അവസാന യാത്ര. കടുത്ത കാറ്റും ചൂടും മറികടന്നാണ് പൈലറ്റ് ബെട്രന്റ് പിക്കാര്‍ഡ് ചൊവ്വാഴ്ച പുലര്‍ച്ചെ 4.05ഓടെയാണ് അല്‍ബത്തീന്‍ വിമാനത്താവളം റണ്‍വേയില്‍ നിന്ന വിമാനത്താവളത്തില്‍ നിന്നും പിക്കാര്‍ഡ് പുറത്തിറങ്ങിയത്. ആദ്യം തന്നെ പദ്ധതിയുടെ സഹസ്ഥാപകനും പൈലറ്റുമായ ആന്‍ഡ്രേ ബോഷ്ബര്‍ഗിനെ അഭിവാദ്യം ചെയ്താണ് പിക്കാര്‍ഡ് പുറത്തിറങ്ങിയത്. കെയ്‌റോയില്‍ നിന്നും 48 മണിക്കൂര്‍ പറന്നതിന്റെ ക്ഷീണമൊന്നും കാണിക്കാതെയാണ് 3.8 ക്യുബിക് മീറ്റര്‍ മാത്രമുള്ള കാബിനില്‍ നിന്ന് അദ്ദേഹം പൂറത്തിറങ്ങിയത്. ബോഷ്‌ബെര്‍ഗ് ആയിരുന്നു സോളാര്‍ ആദ്യപാതത്തില്‍ അബുദാബിയില്‍ നിന്നും മസ്‌കത്തിലേക്ക് വിമാനം പറത്തിയത്. അവസാന യാത്രയില്‍ പിക്കാര്‍ഡ് വിമാനത്തെ നിയന്ത്രിച്ചു. 5 solar impulse 3
ഞങ്ങള്‍ ഇന്ധനമില്ലാതെ 40,000 കിലോമീറ്റര്‍ പറന്നു. ഇനി അതിന്റെ ഭാവിക്കായി നിങ്ങള്‍ക്ക് കൈമാറുന്നു. പിക്കാര്‍ഡ് പറഞ്ഞു. മൊണോക്കോ രാജകുമാന്‍ ആല്‍ബര്‍ട്ട് 2, സ്വിറ്റ്‌സര്‍ലാന്റ് വൈസ് പ്രസിഡന്റ് ഡോറിസ് ല്യൂചസ്, യു.എ.ഇ സഹമന്ത്രിയും മസ്ദര്‍ ചെയര്‍മാനുമായ സുല്‍ത്താന്‍ അല്‍ ജാബിര്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. അബുദാബിയുടെ പുനരുപയോഗ ഊര്‍ജ കമ്പനിയായ മസ്ദറാണ് സോളാര്‍ ഇംപള്‍സിന്റെ ആതിഥേയ പങ്കാളി. പദ്ധതിയില്‍ മസ്ദര്‍ പങ്കാളികളായത് യു.എ.ഇക്ക് വലിയ അഭിമാനത്തിന് വക നല്‍കുന്നതാണെന്ന് സുല്‍ത്താന്‍ അല്‍ ജാബിര്‍ പറഞ്ഞു. സൗരോര്‍ജം എങ്ങിനെ പ്രായോഗികമായി ഉപയോഗിക്കാമെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഊര്‍ജ സംഭരണം, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താനുള്ള നിര്‍ണായക വിവരങ്ങള്‍ ഇതുവഴി ലഭ്യമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
13 വര്‍ഷം മുന്‍പ് സോളാര്‍ ഇംപള്‍സ് പദ്ധതിക്ക് 90ല്‍ അധികം കമ്പനികള്‍ പിന്തുണ നല്‍കി. അറ്റ്‌ലാന്റിക്കും പസഫിക്കും ഇന്ധനമില്ലാ വിമാനം മുറിച്ചു കടക്കുകയെന്നതായിരുന്നു ബോഷ്‌ബെര്‍ഗും പിക്കാര്‍ഡും മുന്നോട്ടു വെച്ച ആശയം. രാഷ്ട്രീയ നേതൃത്വവും വിശേഷിച്ചും അബുദാബിയും യു.എ.ഇ ഭരണകൂടുവും പദ്ധതിക്ക് നിര്‍ണായക പിന്തുണ നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss