|    Jan 23 Mon, 2017 6:19 pm
FLASH NEWS

ലോകം ഇനി റിയോയിലേക്ക്; ഉദ്ഘാടനച്ചടങ്ങ് ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 4:30ന്

Published : 5th August 2016 | Posted By: SMR

റിയോഡി ജനെയ്‌റോ: കാല്‍പ്പന്തുകളിയുടെ കളിത്തട്ട് ഇനിയുള്ള 16 ദിനങ്ങള്‍ ലോക കായിക മാമാങ്കത്തിന്റെ അങ്കത്തട്ട്. മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ക്കു ശേഷം 31ാമത് ഒളിംപിക്‌സിന് ലോകപ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തില്‍ ഇന്നു തിരിതെളിയുന്നു. 207 രാജ്യങ്ങളില്‍ നിന്നും 11,239 കായികതാരങ്ങളാണ് ഇക്കുറി പുതിയ റെക്കോഡുകള്‍ താണ്ടാനും മെഡലുകള്‍ വാരിയെടുക്കാനും റിയോയുടെ മണ്ണിലേക്കെത്തിയിരിക്കുന്നത്.
ബ്രസീല്‍ സമയം ഇന്നു രാത്രി എട്ടുമുതല്‍ 11 വരെയാണ് (ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാലര മുതല്‍) ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുക. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനാണ് ഇന്നു തുടക്കമാവുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമൂലം ഉദ്ഘാടനച്ചടങ്ങുകള്‍ ചെലവു കുറച്ചായിരിക്കും നടത്തുകയെന്ന് ഇതിനകം സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. എങ്കിലും ലോകത്തെ വിസ്മയിപ്പിക്കുന്നതായിരിക്കും ഉദ്ഘാടനച്ചടങ്ങെന്ന് ഇതിനകം നടന്ന റിഹേഴ്‌സലുകള്‍ വ്യക്തമാക്കുന്നുണ്ട്.
11,000 കായികതാരങ്ങള്‍ക്കും 5000 ഓളം കാണികള്‍ക്കും മാത്രമാണ് ഉദ്ഘാടനച്ചടങ്ങ് നേരില്‍ കാണുന്നതിനായി സ്‌റ്റേഡിയത്തിലേക്കു പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഒളിംപിക്‌സിന് വേദിയായതു മുതല്‍ നാട്ടില്‍ നിന്നുള്ള എതിര്‍പ്പും ഒപ്പം ക്രിമിനലുകള്‍ കൂടുതലുള്ള നഗരം എന്ന സുരക്ഷാ ഭീഷണിയും നേരിടുന്നതിനാല്‍ 85,000 സൈനികരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
ബ്രസീലിന്റെ പരമ്പരാഗത സംഗീത, നൃത്ത പാരമ്പര്യം വിളിച്ചോതുന്നതായിരിക്കും ഇന്നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍. ഒപ്പം ആമസോണ്‍ കാടുകളുടെ പരിസ്ഥിതി പ്രാധാന്യം വ്യക്തമാക്കുന്ന പരിപാടികളും ഉദ്ഘാടനച്ചടങ്ങിനെ മിഴിവുറ്റതാക്കും. സിറ്റി ഓഫ് ഗോഡ് എന്ന പ്രശസ്ത സിനിമയുടെ സംവിധായകന്‍ ഫെര്‍ണാണ്ടോ മിറെലെസ് ഒരുക്കുന്ന വര്‍ണപ്പൊലിമയ്ക്ക് കാതോര്‍ക്കുകയാണ് ലോകം. ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയായിരിക്കും ഒളിംപിക് ദീപത്തിനു തിരിതെളിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക