|    Jun 20 Wed, 2018 7:10 pm
FLASH NEWS

ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല വ്യാപാരികള്‍ സെക്രട്ടറിയെ ഉപരോധിച്ചു

Published : 29th January 2017 | Posted By: fsq

 

താമരശ്ശേരി: വ്യാപാരികളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ചു പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസില്‍ ഉപരോധിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്തിലാണ് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സെക്രട്ടറിയും സമരക്കാരും തമ്മില്‍ കൈയ്യാങ്കളിയും അരങ്ങേറിയതോടെ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കെട്ടിട ഉടമകളുടെ പുതിയ എഗ്രിമെന്റുണ്ടെങ്കിലെ കച്ചവട ലൈസന്‍സ് പുതുക്കി നല്‍കൂ എന്ന നിലപാടിനെതിരെയാണ് വ്യാപാരി സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയെ ഉപരോധിച്ചത്. ഇന്നലെ പതിനൊന്നരയോടെയാണ് സംഭവം. രണ്ടാഴ്ച കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കി നല്‍കാത്തതിനാല്‍ തങ്ങള്‍ക്ക് ജിഎസ്ടി ലഭിക്കില്ലെന്നും ഇത് ലഭിക്കാത്ത കച്ചവടക്കാര്‍ പതിനായിരം രൂപ പിഴ ഒടുക്കേണ്ടിവരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മറ്റൊരു പഞ്ചായത്തിലും ഇല്ലാത്ത നടപടിയാണ് താമരശ്ശേരിയില്‍ പുതുതായി എത്തിയ സെക്രട്ടറി കൈകൊള്ളുന്നതെന്നാണ് വ്യാപാരികളുടെ പരാതി. കെട്ടിട ഉടമകള്‍ക്കനുകൂലമായ നിലപാടാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു കച്ചവടക്കാരുടെ നിലപാട്. തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ വന്ന നേതാക്കളെ സെക്രട്ടറി അപമാനിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത് അപലപനീയമാണെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ താന്‍ നിയമം വിട്ടു ഒരു കാര്യവും ചെയ്യുന്നില്ലെന്നാണ് സെക്രട്ടറി മിഥുന്‍ കൈലാസിന്റെ നിലപാട്. മൂന്നും നാലും പതിറ്റാണ്ട് മുമ്പ് കച്ചവടക്കാര്‍ ചുരുങ്ങിയ വാടകക്ക് എടുത്ത കെട്ടിടങ്ങള്‍ക്ക് ഉടമകളുടെ എഗ്രിമെന്റ് വേണമെന്നു മാത്രമാണ് താന്‍ പറയുന്നതെന്നും ഉടമകള്‍ തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കി. ഇത് കൊണ്ടാണ് കെട്ടിട ഉടമയുടെ പുതിയ എഗ്രിമെന്റുണ്ടെങ്കില്‍ മാത്രം ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ കാലങ്ങളില്‍ താമരശ്ശേരി പഞ്ചായത്തില്‍ രാഷ്ട്രീയക്കാരും ചില ഉദ്യോഗസ്ഥരും കൂട്ടുചേര്‍ന്ന് പല നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. തനിക്ക് മുമ്പുണ്ടായിരുന്ന സെക്രട്ടറി ഇതിനെതിരെ നടപടിയെടുത്തതോടെ അദ്ദേഹത്തെ സ്വാധീനമുപയോഗിച്ചു മാറ്റുകയായിരുന്നു. നിയമ വിരുദ്ധമായി ഒരുകാര്യവും താന്‍ ചെയ്യില്ലെന്നും സെക്രട്ടറി അസന്നിദ്ധമായി പറഞ്ഞു. വ്യാപാര സംഘടനാ നേതാക്കളായ കെ ടി ഹംസ, ചിന്ത വേണു, സര്‍ഗ്ഗ രാമചന്ദ്രന്‍, വിജേഷ് ബാവ, രാജീവ്, കെ പി ലത്തിഫ്, പൊതുപ്രവര്‍ത്തകന്‍ സി കെ വേണു എന്നിവരുടെ നേതൃത്വത്തിലാണ് സെക്രട്ടറിയെ ഉപരോധിച്ചത്. ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss