|    Mar 29 Wed, 2017 11:03 am

ലൈസന്‍സും രജിസ്‌ട്രേഷനും ഇല്ലാതെ നഗരത്തില്‍ നിരവധി സ്ഥാപനങ്ങള്‍

Published : 17th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: ലൈസന്‍സ് ഇല്ലാതെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പാലിക്കാതെയും കോര്‍പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്നത് നിരവധി സ്ഥാപനങ്ങളെന്ന് കണ്ടെത്തല്‍. വ്യാപാര സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ അടക്കം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് കോര്‍പറേഷന്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കോര്‍പറേഷന്‍ ചട്ടപ്രകാരവും മുനിസിപാലിറ്റി ചട്ടപ്രകാരവും സ്വകാര്യ ആശുപത്രികളും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കാ ന്‍ പാടില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ കോര്‍പറേഷന്‍ വരുമാനത്തില്‍ നഷ്ടം സംഭവിക്കാനും ഇത് കാരണമായിട്ടുണ്ട്. മുനിസിപ്പല്‍ ചട്ടപ്രകാരം 300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 2014-15 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 26,700 രൂപയാണ് കോര്‍പറേഷന് നഷ്ടം സംഭവിച്ചിട്ടുള്ളത്. ഫോര്‍ട്ട് മേഖലാ ഓഫിസ് പരിധിയില്‍ ഇത്തരത്തില്‍ 19 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 5,700 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസായി നഗരസഭക്ക് ലഭിക്കേണ്ടത്. വിഴിഞ്ഞം മേഖലാ ഓഫിസ് പരിധിയില്‍ 48 സ്ഥാപനങ്ങള്‍ (14,400), തിരുവല്ലം-10 (3,000), ഉള്ളൂര്‍-5 (1500), കുടപ്പനക്കുന്ന്-7 (2,100) എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളുടെ എണ്ണവും ഒടുക്കേണ്ട തുകയും. ഉള്ളൂര്‍ സോണല്‍ ഓഫിസ് പരിധിയില്‍ ഏഴ് വാര്‍ഡുകളിലായി 601 വ്യാപാരികള്‍ കോര്‍പറേഷനില്‍ നിന്നുള്ള നിയമാനുസൃത ലൈസന്‍സ് ഇല്ലാതെ സ്ഥാപനങ്ങള്‍ നടത്തിവരുന്നത്. തൊഴില്‍ നികുതി രജിസ്റ്ററും ഡി ആന്റ് ഒ രജിസ്റ്ററും ഓഡിറ്റ് വിഭാഗം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത് ബോധ്യമായത്. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവയുടെ പട്ടികയില്‍ ഇരട്ടിപ്പുണ്ടെന്നും റസിഡന്‍ഷ്യല്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നുമാണ് കോര്‍പറേഷന്റെ വിശദീകരണം. എന്നാല്‍ ഉള്ളൂര്‍ സോണല്‍ ഓഫിസില്‍ തൊഴില്‍ നികുതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ കൃത്യമായി പരിപാലിക്കുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായി. റസിഡന്‍ഷ്യല്‍ ബില്‍ഡിങുകളില്‍ ലൈസന്‍സ് ഇല്ലാതെ നിരവധി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ബില്‍ഡിങുകളില്‍ വസ്തു നികുതി നിര്‍ണയിക്കുകയും അവിടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വസ്തു നികുതി ഇനത്തിലും കോര്‍പറേഷനു നഷ്ടമുണ്ടാക്കുന്നുണ്ട്. വിഴിഞ്ഞം മേഖലാ ഓഫിസ് പരിധിയിലെ ആറ് വാര്‍ഡുകളില്‍ 199 വ്യാപാര സ്ഥാപനങ്ങളാണ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. പട്ടിക പരിശോധിച്ചതില്‍ നിന്ന് ലിസ്റ്റില്‍ നിരവധി വ്യാപാരികളും 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഡി ആന്റ് ഒ ലൈസന്‍സ് എടുക്കുകയോ പുതുക്കുകയോ ചെയ്തിട്ടില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2,07,988 രൂപയാണ് ഡി ആന്‍ഡ് ഒ ലൈസന്‍സ് ഫീസ് ഇനത്തില്‍ കോര്‍പറേഷന് നഷ്ടം ഉണ്ടായിട്ടുള്ളത്. ഇതില്‍ തിരുവല്ലം മേഖലാ ഓഫീസ് പരിധിയില്‍ നിന്ന് 10,135 രൂപയും മെയിന്‍ ഓഫിസില്‍ നിന്ന് 1,97853 രൂപയുമാണ് ലഭിക്കേണ്ടത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day