|    Mar 20 Tue, 2018 5:01 pm
FLASH NEWS

ലൈസന്‍സില്ലാത്ത പടക്കക്കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന്

Published : 13th April 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലയില്‍ ലൈസന്‍സുള്ള 42 പടക്കക്കടകളല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍. ലൈസന്‍സുള്ള കടകള്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലിസ്, റവന്യൂ, ഫയര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അനധികൃത വില്‍പന ഒരു കാരണവശാലും അനുവദിക്കില്ല. വിഷുവിനു മുന്നോടിയായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ജില്ലയില്‍ ഇന്നു പടക്കവില്‍പനശാലകളിലും ഗോഡൗണുകളിലും വ്യാപക റെയ്ഡ് നടത്തും.
ലൈസന്‍സില്‍ അനുവദിച്ച പരിധിയില്‍ കൂടുതല്‍ പടക്കം സൂക്ഷിക്കാന്‍ പാടില്ല.
അനധികൃതമായി ലൈസന്‍സില്ലാതെ പടക്കമോ വെടിമരുന്നോ സൂക്ഷിച്ചാല്‍ കടയും ഗോഡൗണും പൂട്ടി കേസ് എടുക്കും. ഇന്ത്യന്‍ എക്‌സ്‌പ്ലോസീവ് ആക്ട് സെക്ഷന്‍ 7 പ്രകാരവും 2008ലെ എക്‌സ്‌പ്ലോസീവ് റൂള്‍ പ്രകാരവും മൂന്നു വര്‍ഷം വരെ കഠിനതടവ് ശിക്ഷയായി ലഭിക്കും. അത്യുഗ്രശേഷിയുള്ളതും നിരോധിക്കപ്പെട്ടിട്ടുള്ളതുമായ ഗുണ്ട് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ക്ലോറേറ്റ് അംശമുള്ള ഒരു പടക്കത്തിന്റെയും വില്‍പന അനുവദിക്കില്ല.
റെയ്ഡ് നടപടികള്‍ക്കായി ഓരോ പോലിസ് സ്‌റ്റേഷനിലും പ്രത്യേകമായി റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. ലൈസന്‍സ് ഉള്ളവര്‍ നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂ. ലൈസന്‍സില്‍ പറഞ്ഞിട്ടുള്ള നിശ്ചിത അകലം മറ്റ് കടകളുമായും വീടുകളുമായും പാലിച്ചിരിക്കണം. എവിടെ വില്‍ക്കാനാണോ ലൈസന്‍സ് ലഭിച്ചിരിക്കുന്നത് അവിടെ മാത്രമേ വില്‍പന നടത്താവൂ. കടകളില്‍ കൃത്യമായ സ്‌റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കണം. പെര്‍മനന്റ് ലൈസന്‍സ് ഉള്ളവര്‍ മിനിമം 90 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമെങ്കിലും ഉള്ള കടകളിലേ വില്‍പന നടത്താവൂ.
ലൈസന്‍സുള്ള കടകളില്‍ എന്തെങ്കിലും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കട പൂട്ടിച്ച് സാമഗ്രികള്‍ പിടിച്ചെടുക്കും. അനധികൃത കടകളുടെ പ്രവര്‍ത്തനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ പടക്കവില്‍പനയ്ക്ക് ലൈസന്‍സ് ഉള്ളവരുടെ വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. അനധികൃതമായ പടക്കവില്‍പ—നയോ ശേഖരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലോ (ഫോണ്‍: 0471 2730045, 94977 11281) പോലിസ് കണ്‍ട്രോള്‍ റൂമിലോ (ഫോണ്‍: 100) അടുത്തുള്ള പോലിസ് സ്‌റ്റേഷനിലോ അറിയിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍, റൂറല്‍ എസ്പി ഷഫിന്‍ അഹ്മദ്, ഡിസിപി ജി ശിവവിക്രം, എഡിഎം ടി ആര്‍ ആസാദ്, ഡിഎംഒ ഡോ. വേണുഗോപാല്‍, ഡിപിഎം ഡോ. ബി ഉണ്ണികൃഷ്ണന്‍, ഫോറന്‍സിക് വിദഗ്ധന്‍ വേണുഗോപാല്‍, തഹസില്‍ദാര്‍മാര്‍, മറ്റ് റവന്യൂ, ഫയര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss