|    Aug 20 Mon, 2018 9:41 pm
FLASH NEWS
Home   >  Sports  >  Football  >  

ഇരട്ട ചങ്കോടെ ലുക്കാക്കു; പാനമയെ വീഴ്ത്തി ബെല്‍ജിയം

Published : 18th June 2018 | Posted By: vishnu vis

സോച്ചി: ഗ്രൂപ്പ് ജിയിലെ ആവേശ പോരാട്ടത്തില്‍ പാനമയെ തകര്‍ത്ത് ബെല്‍ജിയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ്  പാനമയെ ബെല്‍ജിയം നാണം കെടുത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം റോമലു ലുക്കാക്കു ഇരട്ട ഗോളുകളുമായി ബെല്‍ജിയത്തെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഡ്രൈസ് മെര്‍ട്ടെന്‍സും ബെല്‍ജിയത്തിനായി ലക്ഷ്യം കണ്ടു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമായിരുന്നു ബെല്‍ജിയം മൂന്ന് ഗോളുകളും അടിച്ചെടുത്തത്.
സൂപ്പര്‍ താരങ്ങളായ ഈഡന്‍ ഹസാര്‍ഡ്, റോമലു ലുക്കാക്കു, കെവിന്‍ ഡി ബ്രൂയിന്‍ എന്നിവരെയെല്ലാം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി 3-4-3 ഫോര്‍മാറ്റില്‍ ബെല്‍ജിയം ബൂട്ടുകെട്ടിയപ്പോള്‍ 4-1-4-1 ഫോര്‍മാറ്റിലായിരുന്നു പാനമ തന്ത്രം മെനഞ്ഞത്. ആദ്യ പകുതിയില്‍ ബെല്‍ജിയത്തിന്റെ കളിക്കരുത്തിനെ ശക്തമായ പ്രതിരോധം തീര്‍ത്ത് പനാമ പൂട്ടിയിട്ടു. ആദ്യ പകുതിയില്‍ മാത്രം ഒമ്പത് തവണ ബെല്‍ജിയം ഗോള്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നതോടെ ആദ്യ പകുതി ഗോള്‍രഹിതമായാണ് ഇരു കൂട്ടരും പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ആക്രമിച്ച ബെല്‍ജിയം 47ാം മിനിറ്റില്‍ അക്കൗണ്ട് തുറന്നു. ഇടത് വശത്ത് നിന്ന് ഡ്രൈസ് മെര്‍ട്ടെന്‍സ് തൊടുത്ത ബുള്ളറ്റ് ഷോട്ട് പനാമയുടെ വല തുളയ്ക്കുകയായിരുന്നു. പിന്നീട് റോമലു ലുക്കാക്കുവിലൂടെ ബെല്‍ജിയം അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രൂയിന്റെ അളന്നുമുറിച്ച ക്രോസിനെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ലുക്കാക്കു വലയിലെത്തിക്കുകയായിരുന്നു. ബെല്‍ജിയം 2-0ന് മുന്നില്‍. ലീഡെടുത്തതോടെ നിരന്തരം പാനമ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ച ബെല്‍ജിയം താരങ്ങള്‍ 75ാം മിനിറ്റില്‍ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. ഇത്തവണ ഈഡന്‍ ഹസാര്‍ഡ് അസിസ്റ്റ് നല്‍കിയപ്പോള്‍ ലക്ഷ്യം പിഴക്കാതെ ലുക്കാക്കു പന്ത് വലയിലാക്കി. ബെല്‍ജിയം 3-0ന് മുന്നില്‍
പിന്നീടുള്ള സമയത്ത്് പാനമ താരങ്ങള്‍ നനഞ്ഞ പടക്കമായതോടെ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയം ബെല്‍ജിയത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ജിയില്‍ മൂന്ന് പോയിന്റും ബെല്‍ജിയം സ്വന്തമാക്കി.


10:02:27 PM

ബെല്‍ജിയം മൂന്ന് ഗോളിന് മുന്നില്‍
75ാം മിനിറ്റില്‍ പാനമ ഗോള്‍മുഖത്ത് നിന്ന് നടത്തിയ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ റോമലു ലുക്കാക്കുവിലൂടെ ബെല്‍ജിയം മൂന്നാം ഗോള്‍ സ്വന്തമാക്കി.


9:57:06 PM

പാനമയ്‌ക്കെതിരേ ബെല്‍ജിയം രണ്ട് ഗോളിന് മുന്നില്‍
പാനമയ്‌ക്കെതിരേ ബെല്‍ജിയം രണ്ട് ഗോളിന് മുന്നില്‍. 69ാം മിനിറ്റില്‍ ഡി ബ്രൂയിന്റെ അസിസ്റ്റില്‍ റോമലു ലുക്കാക്കു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് ബെല്‍ജിയത്തിന് രണ്ടാം ഗോള്‍ സമ്മാനിച്ചത്.


9:34:35 PM
പാനമയ്‌ക്കെതിരേ അക്കൗണ്ട് തുറന്ന് ബെല്‍ജിയം. 47ാം മിനിറ്റില്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ മെര്‍ട്ടന്‍സാണ് ബെല്‍ജിയത്തിന് ലീഡ് സമ്മാനിച്ചത്.


9:28:06 PM

ഗ്രൂപ്പ് ജിയിലെ ബെല്‍ജിയം പാനമ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു കൂട്ടര്‍ക്കും വലകുലുക്കാനായിട്ടില്ല. 62 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ബെല്‍ജിയം ഒമ്പത് ഗോള്‍ ശ്രമവും മൂന്ന് തവണ പാനമ ഗോള്‍പോസ്റ്റിലേക്ക് ഷോട്ടും തൊടുത്തപ്പോള്‍ മൂന്ന് തവണ മാത്രമാണ് പാനമയ്ക്ക് ഗോള്‍ ശ്രമം നടത്താനായത്.

 


9:05:45 PM

ലൈവ് അപ്‌ഡേറ്റ്: ബെല്‍ജിയത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി പാനമ
സോച്ചി: ഗ്രൂപ്പ് ജയിലെ പോരാട്ടത്തില്‍ ബെല്‍ജിയത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി പനാമ. ഈഡന്‍ ഹസാര്‍ഡ്, ലുക്കാക്കു ഡി ബ്രൂയിന്‍, തോമസ് മ്യൂനിയര്‍ തുടങ്ങി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ബെല്‍ജിയത്തിന് 34 മിനിറ്റ് കഴിഞ്ഞിട്ടും വലകുലുക്കാനായിട്ടില്ല. 64 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ബെല്‍ജിയം ഇതുവരെ ഏഴ് തവണ ഗോള്‍ ശ്രമം നടത്തിയപ്പോള്‍ രണ്ട് തവണ പാനമ ഗോള്‍മുഖത്തേക്ക് ഷോട്ടും ഉതിര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss