|    Jan 20 Fri, 2017 3:02 am
FLASH NEWS

ലൈറ്റ് മെട്രോ: മേല്‍പ്പാല നിര്‍മാണത്തിന് ഭരണാനുമതി നല്‍കാന്‍ ധാരണ

Published : 2nd August 2016 | Posted By: SMR

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ ഭാഗമായി മേല്‍പ്പാല നിര്‍മാണത്തിന് ഡിഎംആര്‍സി സമര്‍പ്പിച്ച പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കും. ഇക്കാര്യം നാളത്തെ മന്ത്രിസഭാ യോഗത്തി ല്‍ പരിഗണിക്കാനും മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ലൈറ്റ് മെട്രോ പദ്ധതിക്കുള്ള കേന്ദ്രാനുമതി ലഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി. ലൈറ്റ് മെട്രോ പദ്ധതിക്ക് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട മേല്‍പ്പാല നിര്‍മാണവും ഡിഎംആര്‍സി തയ്യാറാക്കിയ രൂപരേഖയുമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയി ല്‍ ചേര്‍ന്ന യോഗം പരിഗണിച്ചത്.
ഡിഎംആര്‍സിയുടെ രൂപരേഖയനുസരിച്ച് പദ്ധതിക്കായി തിരുവനന്തപുരത്ത് നാല് മേല്‍പ്പാലങ്ങളാണു പൂര്‍ത്തിയാക്കേണ്ടത്. 2.17 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കണം. 163 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവരും. ആകെ 272 കോടി രൂപയുടെ വിശദമായ പദ്ധതിയാണ് ഡിഎംആര്‍സി തയ്യാറാക്കിയിട്ടുള്ളത്.
കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷനു സമര്‍പ്പിച്ച പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി നല്‍കാനാണു ധാരണ. ഭൂമി ഏറ്റെടുക്കല്‍ വിഷയവും നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യും. ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കിവച്ച തുക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണു തീരുമാനം. ലൈറ്റ് മെട്രോയ്ക്കു വേണ്ട കേന്ദ്രാനുമതി നേടിയെടുക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് യോഗത്തില്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്ര നഗരവികസന വകുപ്പ് ചോദിച്ച വിശദീകരണങ്ങള്‍ കേരളം യഥാസമയം ലഭ്യമാക്കിയില്ലെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കും. കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതി സംബന്ധിച്ചും ഇ ശ്രീധരന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തു.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ രൂപരേഖ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇ ശ്രീധരന്‍ അവതരിപ്പിച്ചു. സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ സമ്പത്ത് എംപി, എംഎല്‍എമാരായ സി ദിവാകരന്‍, കെ മുരളീധരന്‍, വി എസ് ശിവകുമാര്‍, തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത്, തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, ഡിഎംആര്‍സി പ്രതിനിധികള്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 205 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക