|    Apr 24 Tue, 2018 12:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലൈറ്റ് മെട്രോ: ഡിഎംആര്‍സിയുമായി  20ന് ധാരണാപത്രം ഒപ്പുവയ്ക്കും

Published : 14th January 2016 | Posted By: SMR

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഡിഎംആര്‍സി അംഗീകരിച്ചു. ഈ മാസം 20ന് തിരുവനന്തപുരത്ത് ഡിഎംആര്‍സിയുമായി ധാരണാപത്രം ഒപ്പുവയ്ക്കുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതി ഒന്നാംഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ മാസം 16—ന് ദുബയില്‍ നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ ഉദ്ഘാടന തിയ്യതി നിശ്ചയിക്കും. വിഴിഞ്ഞം തുറമുഖ നിര്‍മാണം നല്ല വേഗത്തിലാണ് പുരോഗമിക്കുന്നത്.
കൊച്ചി മെട്രോ 1095 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, ആ ദിവസത്തിന് മുമ്പേ കൊച്ചി മെട്രോ പരീക്ഷണ ഓട്ടത്തിന് തയ്യാറെടുക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മെട്രോ റെയില്‍ പദ്ധതി ഇത്ര വേഗത്തില്‍ പൂര്‍ത്തിയാക്കപ്പെടുന്നത്. ആധുനീക കോച്ചുകളാണ് മെട്രോയ്ക്കായി ഉപയോഗിക്കുന്നത്. ഈ മാസം 23ന് ഗ്രൗണ്ടിലൂടെയും പിന്നീട് പാളത്തിലൂടെയും പരീക്ഷണ ഓട്ടം നടത്തും. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത കമ്മീഷന്‍ ചെയ്യുന്നതിനായി തയ്യാറായി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ തിയ്യതി കിട്ടുന്ന മുറയ്ക്ക് കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം. കേരളത്തിന്റെ റെയില്‍വേ പദ്ധതികളില്‍ ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങ് ഈ മാസം 19ന് ഡല്‍ഹിയില്‍ നടക്കും.
റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദും ചീഫ് സെക്രട്ടറിയുമാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ധാരണാപത്രം ഒപ്പിടുന്നത്. സബര്‍ബന്‍ ഉള്‍പ്പെടെ പുതിയ റെയില്‍വേ ലൈനുകള്‍ സംബന്ധിച്ചാണ് ധാരണാപത്രം.
കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കലിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞു. റണ്‍വേയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതായിരുന്നു ഒടുവിലത്തെ പ്രതിസന്ധി. ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടു. തെറ്റായ വികസന നയങ്ങളിലൂടെ സിപിഎം കേരളത്തിന്റെ 25 വര്‍ഷമാണ് നഷ്ടപ്പെടുത്തിയത്. അവര്‍ നടത്തിയ പഠനകോണ്‍ഗ്രസ്സിലൂടെ യുഡിഎഫ് സര്‍ക്കാരിന്റെ വികസനനയത്തെ അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. വികസനവും കരുതലുമെന്ന നയം തന്നെയാണ് സര്‍ക്കാരിന്റെ ശക്തി. ആറുമാസത്തെ ആയുസ്സ് മാത്രമേ ഉണ്ടാകൂവെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലേറിയപ്പോള്‍ പ്രതിപക്ഷം പറഞ്ഞിരുന്നത്. യാതൊരു രാഷ്ട്രീയ പ്രതിസന്ധിയുമില്ലാതെ മുന്നോട്ടുപോവാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അതിനേക്കാള്‍ സര്‍ക്കാരിന് അംഗീകാരം ലഭിച്ചത് സിപിഎമ്മിന്റെ പഠന കോണ്‍ഗ്രസ്സിലാണ്. വികസന രാഷ്ട്രീയത്തിനെതിരേ പുറം തിരിഞ്ഞു നില്‍ക്കാനാവില്ലെന്ന് വൈകിയാണെങ്കിലും സിപിഎമ്മിന് ബോധ്യപ്പെട്ടു എന്നും സിപിഎം 25 വര്‍ഷം പിന്നിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss