|    Oct 17 Wed, 2018 12:18 am
FLASH NEWS

ലൈറ്റ് മെട്രോ കൂടിയേ തീരൂ; ശ്രീധരനെ തിരികെ വിളിക്കണം

Published : 14th March 2018 | Posted By: kasim kzm

കോഴിക്കോട്: ജില്ലയുടെ ഗതാഗത ദുരിതം അവസാനിപ്പിക്കാന്‍ ഇ ശ്രീധരനെ തിരികെ വിളിച്ച് പ്രാഥമിക പ്രവര്‍ത്തി പുനരാരംഭിച്ച് ലൈറ്റ് മെട്രോ യാഥാര്‍ഥ്യമാക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന ബഹുജന കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപെട്ടു. മലബാറിന്റെ പൊതുവികാരമറിഞ്ഞു പ്രവര്‍ത്തിച്ച ഇ ശ്രീധരനെ അപമാനിച്ചതില്‍ ജനങ്ങള്‍ക്കുള്ള മനോവിഷമം സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ലൈറ്റ് മെട്രോ യാഥാര്‍ഥ്യമാക്കണമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. ലൈറ്റ്  മെട്രോ ജനകീയ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടമായി 23ന് കലക്ടറേറ്റിന് മുമ്പില്‍ ഉപവാസം നടത്തും. സമരസമിതി ചെയര്‍മാന്‍ ഡോ. എംജിഎസ് നാരായണന്‍, ക ണ്‍വീനര്‍മാരായ എം കെ രാഘവന്‍ എംപി, എം കെ മുനീര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് ഉപവാസം. ലൈറ്റ് മെട്രോയില്‍ നിന്നും ഇ ശ്രീധരനെ പിന്തിരിയാന്‍ അനുവദിക്കാതെ പിന്‍താങ്ങണമെന്ന് ബഹുജന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമായതു പോലെ ലൈറ്റ് മെട്രോ യാഥാര്‍ത്യമാവാന്‍ പൊതുജനവും രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും ഒറ്റക്കെട്ടായി  സമ്മര്‍ദം ചെലുത്തണമെന്ന് കണ്‍വന്‍ഷനില്‍ അധ്യക്ഷത വഹിച്ച എം കെ രാഘവന്‍ എംപി പറഞ്ഞു. ലൈറ്റ് മെട്രോ ഭാവിക്കായുള്ള സൃഷ്ടിയാണെന്നും  അതിനായി പരിശ്രമിച്ച ഇ ശ്രീധരനെ സര്‍ക്കാര്‍ അപമാനിച്ചതു ശരിയായില്ലെന്നും സാഹിത്യകാരന്‍ യു കെ കുമാരന്‍ അഭിപ്രായപ്പെട്ടു. ശ്രീധരനെ പുറത്താക്കിയത് സത്യത്തിന്റെ മുഖത്തേറ്റ അടിയാണന്ന് സംവിധായകന്‍ വി എം വിനു പറഞ്ഞു. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് സമയബന്ധിതമായി പദ്ധതി നടപ്പാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. പി വി ചന്ദ്രന്‍, തായാട്ട് ബാലന്‍, പി വി ഗംഗാധരന്‍, ഉമ്മര്‍ പാണ്ടികശാല, കെ സി അബു, അഡ്വ. പി ശങ്കരന്‍, സി നാരായണന്‍കുട്ടി, അഡ്വ. എം ടി പത്മ, അഡ്വ. കെ പ്രവീണ്‍ കുമാര്‍, മനോജ് ശങ്കരനെല്ലൂര്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി നിത്യാനന്ദന്‍,  മെഹറൂഫ് മണലൊടി സംസാരിച്ചു.
ലൈറ്റ് മെട്രോ സംയുക്ത സമരസമിതി രൂപീകരിച്ചതിന്റെ കരട് അവതരിപ്പിച്ചു. പി വി ചന്ദ്രന്‍, യു കെ കുമാരന്‍, തായാട്ട് ബാലന്‍, വി എം വിനു എന്നിവരാണ് രക്ഷാധികാരികള്‍. എം ജി എസ് നാരായണന്‍ (ചെയര്‍മാന്‍),  പി വി ഗംഗാധരന്‍, നിത്യാനന്ദ കമ്മത്ത്, മൊഹറുഫ് മണലൊടി (വൈസ് ചെയര്‍മാന്‍), എം കെ രാഘവന്‍, എം കെ മുനീര്‍ (കണ്‍വീനര്‍മാര്‍), അഡ്വ. ടി സിദ്ദീഖ്, പി ശങ്കരന്‍, അഡ്വ. പി എം സുരേഷ്ബാബു, ഉമ്മര്‍ പാണ്ടികശാല, സി നാരായണന്‍കുട്ടി , അഡ്വ. കെ പ്രവീണ്‍ കുമാര്‍, അഡ്വ. എം ടി പത്മ, സി വീരാന്‍ കുട്ടി, മനോജ് ശങ്കരനെല്ലൂര്‍, എന്‍ സി അബുബക്കര്‍, കെ സി അബു, എം എ റസാക്ക് (ജോ. കണ്‍വീനര്‍മാര്‍). കൂടാതെ ജില്ലാ പഞ്ചായത്തംഗങ്ങള്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, പ്രസിഡന്റുമാര്‍ , പഞ്ചായത്ത്‌കോര്‍പറേഷന്‍ അംഗങ്ങള്‍ എന്നിവരും കമ്മിറ്റിയില്‍ അംഗമാകും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss