|    Jun 22 Fri, 2018 1:00 pm
FLASH NEWS

ലൈഫ് മിഷന്‍ പദ്ധതി : വ്യാപക പരാതികളുമായി കരട് ഗുണഭോക്തൃ പട്ടിക

Published : 3rd August 2017 | Posted By: fsq

 

മാനന്തവാടി: സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും അടുത്ത അഞ്ചുവര്‍ഷത്തിനകം പാര്‍പ്പിടമൊരുക്കാന്‍ ലക്ഷ്യംവച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിക്കായി തയ്യാറാക്കിയ പട്ടികയില്‍ പരാതി പ്രളയം. കഴിഞ്ഞ ദിവസം ലൈഫ് മിഷന്‍ പുറത്തിറക്കിയ കരട് അര്‍ഹതാ പട്ടികയിലാണ് വ്യാപക പരാതികള്‍. കുടുംബശ്രീ പ്രവര്‍ത്തകരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ഫീല്‍ഡ് പരിശോധന നടത്തി തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയില്‍ അര്‍ഹതപ്പെട്ടവര്‍ പുറത്തായതായും അനര്‍ഹര്‍ കടന്നുകൂടിയതായുമാണ് ആക്ഷേപം. സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായുള്ള സര്‍വേ ഫെബ്രുവരിയിലാണ് നടത്തിയത്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ജീവനോപാധിയോടു കൂടിയ ഫഌറ്റുകളും വീടില്ലാത്തവര്‍ക്ക് 600 ചതുരശ്ര അടിയിലുള്ള വീടുകളും അടുത്ത അഞ്ചുവര്‍ഷത്തിനകം നിര്‍മിച്ചു നല്‍കാനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി ഗുണഭോക്തൃ കരട് പട്ടികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. 2011ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സെന്‍സസില്‍ ഭവനരഹിതരായി കണ്ടെത്തിയവരുടെയും അടുത്ത കാലത്തായി ത്രിതല പഞ്ചായത്തുകള്‍ തയ്യാറാക്കിയ ഭവനരഹിതരുടെ പട്ടികയും ആസ്പദമാക്കിയാണ് സര്‍വേ നടത്തിയത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, മാരകരോഗമുള്ളവര്‍, അവിവാഹിത അമ്മമാര്‍, വിധവകള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കണമെന്നു നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, പടിഞ്ഞാറത്തറ പഞ്ചായത്തില്‍ ഇത്തരത്തില്‍ നല്‍കിയ 1200 പേരുടെ പട്ടികയില്‍ നിന്നു 132 പേരാണ് കരട് പട്ടികയില്‍ വന്നത്. ചില വാര്‍ഡുകളില്‍ ഏറ്റവും അര്‍ഹതപ്പെട്ടതായി കണ്ടതിനെ തുടര്‍ന്ന് ഒന്നാം സ്ഥാനം നല്‍കിയവര്‍ പോലും പട്ടികയില്‍ നിന്നു പുറത്തുപോയി. മറ്റ് പഞ്ചായത്തുകളിലും ഇതേ രീതിയിലാണ് പട്ടിക പുറത്തിറക്കിയത്. സ്വന്തമായി റേഷന്‍കാര്‍ഡില്ലെന്നതിന്റെ പേരില്‍പോലും പല അര്‍ഹരും പട്ടികയില്‍ നിന്നു പുറത്തുപോയതായും ഇതു സര്‍ക്കാര്‍ ലക്ഷ്യം നിറവേറുന്നതിന് തടസ്സമാവുമെന്നും പരാതിയുണ്ട്. ഇപ്പോള്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ അപ്പീല്‍ നല്‍കാനുള്ള അവസാന തിയ്യതി ഈ മാസം പത്താണ്. ഇതിനു ശേഷം അപ്പീലുകള്‍ പരിഗണിച്ച് നിലവിലെ ലിസ്റ്റില്‍ മാറ്റം വരുത്താതെ പുതിയ പട്ടിക പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിയായിരിക്കും പരാതികള്‍ പരിഗണിക്കുക. ഇതിനു ശേഷം ആഗസ്ത് 20നു പ്രസിദ്ധീകരിക്കുന്ന പുതിയ പട്ടികയിലും പരാതിയുള്ളവര്‍ക്ക് ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാം. സപ്തംബര്‍ 25നാണ് ഗ്രാമസഭയുടെ അംഗീകാരത്തോടെയുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച വീട് നിര്‍മാണത്തിനായിരിക്കും മുന്‍ഗണന ലഭിക്കുകയെന്നാണ് സൂചനകള്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവനപദ്ധതി നിലവിലുള്ളതിനാല്‍ ഈ വര്‍ഷവും ഗ്രാമപ്പഞ്ചായത്തുകള്‍ ഭവനപദ്ധതി നടപ്പാക്കുന്നില്ല. ഇതോടെ വീടില്ലാത്തവര്‍ക്ക് വീട് ലഭ്യമാവാന്‍ കാത്തിരിപ്പ് തുടരേണ്ടി വരുമെന്നാണ് സൂചന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss