|    Dec 17 Sun, 2017 11:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലൈഫ് മിഷന്‍ പദ്ധതി : ഭൂമി സംഭാവനയ്ക്ക് പ്രത്യേക യജ്ഞം

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് ലഭ്യമാക്കാനുള്ള ലൈഫ് മിഷന്‍ പദ്ധതിക്കുവേണ്ടി ഭൂമി സംഭാവനയായി ലഭിക്കുന്നതിന് പ്രത്യേക യജ്ഞം ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ യോഗം തീരുമാനിച്ചു. ഈ പരിപാടിക്ക് ഒക്‌ടോബര്‍ രണ്ടിന് തുടക്കം കുറിക്കും. ഏകദേശം അഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് വാസസ്ഥലം ഒരുക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പദ്ധതിക്കായി കമ്പനികളുടെയും വ്യവസായ സംഘടനകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം തേടും. പദ്ധതിയുമായി സഹകരിക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തി ല്‍ അറിയിച്ചു.  പദ്ധതിക്കുള്ള ധനസമാഹരണത്തിന് സംസ്ഥാനത്തെ പ്രധാന സ്ഥാപനങ്ങളെയും വ്യവസായ- വ്യാപാര പ്രമുഖരെയും അവരുടെ സംഘടനാ പ്രതിനിധികളുടെയും യോഗം വിളിക്കാന്‍ തീരുമാനിച്ചു. പദ്ധതിക്ക് കുറഞ്ഞ വിലയ്ക്ക് സിമന്റ് ലഭ്യമാക്കുന്നതിന് സിമന്റ് കമ്പനികളുടെ യോഗവും വിളിക്കും. ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലും ഭവനസമുച്ചയങ്ങളുടെ നിര്‍മാണത്തിനുള്ള ഏകീകരിച്ച നിരക്കും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. ഭവനസമുച്ചയങ്ങളില്‍ ഒരു വീടിന്റെ വിസ്തീര്‍ണം 500 ചതുരശ്ര അടിയായി നിജപ്പെടുത്തിയിട്ടുണ്ട്. സമുച്ചയങ്ങളില്‍ 20 ശതമാനം സ്ഥലം പൊതു സൗകര്യത്തിനായിരിക്കും.  ഭവനസമുച്ചയങ്ങള്‍ക്ക് വിവിധ ജില്ലകളിലായി ഇതിനകം 123 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അധീനതയില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയില്‍ അനുയോജ്യമായ സ്ഥലം ലൈഫ് പദ്ധതിക്കുവേണ്ടി ലഭ്യമാക്കും. വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി കണ്ടെത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ എ കെ ബാലന്‍, ഇ ചന്ദ്രശേഖരന്‍, കെ ടി ജലീല്‍, നളിനി നെറ്റോ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss