|    Nov 19 Sun, 2017 6:53 am
FLASH NEWS

ലൈഫ് മിഷന്‍ പദ്ധതി : കൊണ്ടോട്ടി നഗരസഭയുടെ ഗുണഭോക്തൃപട്ടികയില്‍ അപാകതകളേറെ

Published : 2nd August 2017 | Posted By: fsq

 

കൊണ്ടോട്ടി: സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ഭവനപദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയുടെ കൊണ്ടോട്ടി നഗരസഭയിലെ പ്രാഥമിക ഗുണഭോക്തൃപട്ടികയില്‍ അപാകതകളേറെ. വാഴക്കാട്, ചേലേമ്പ്ര പഞ്ചായത്തുകളിലുള്ളവര്‍ പട്ടികയില്‍ കടന്നുകൂടി. നഗരസഭയിലെ അഞ്ചു വാര്‍ഡുകളില്‍ കുടംബശ്രീ പ്രവര്‍ത്തകര്‍ സര്‍വേ നടത്തിയില്ലെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.     പ്രാഥമിക ഗുണഭോക്തൃപട്ടികയ്ക്ക് അംഗീകാരം നല്‍കാന്‍ ഭരണസമിതിയോഗം ചേര്‍ന്നപ്പോഴാണു പട്ടികയില്‍ നഗരസഭയ്ക്കു പുറത്തുള്ളവരും കടന്നുകൂടിയതായി തിരിച്ചറിഞ്ഞത്. കുടുംബശ്രീയാണ് പട്ടിക നഗരസഭയ്ക്ക് കൈമാറിയത്. ലഭിച്ച പട്ടികയില്‍ വീടില്ലാത്ത 55 പേരും വീടും സ്ഥലവുമില്ലാത്ത 293 പേരുമാണ് ഉള്‍പ്പെട്ടത്. നഗരസഭയിലുള്‍പ്പെട്ടവര്‍ ഏതെങ്കിലും പഞ്ചായത്തുകളിലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയം ബാക്കിയായി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ നഗരസഭാ സെക്രട്ടറിയോട് കുടുംബശ്രീ ജില്ലാമിഷനുമായി ബന്ധപ്പെടാന്‍ കൗണ്‍സില്‍യോഗം ആവശ്യപ്പെട്ടു.    നഗരസഭയിലെ 23, 26, 27, 30, 39 വാര്‍ഡുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ലൈഫ് മിഷന്‍ സര്‍വേ നടത്തിയിട്ടില്ല. വാര്‍ഡുകളുടെ ചുമതലയുള്ള കുടുംബശ്രീ എഡിഎസിനായിരുന്നു സര്‍വേയുടെ ചുമതല. വാര്‍ഡ് പുനക്രമീകരണം നടന്നപ്പോള്‍ ഈ വാര്‍ഡുകളില്‍ എഡിഎസ് രൂപീകരിച്ചിട്ടില്ല. ഇക്കാര്യം ചുണ്ടിക്കാട്ടി കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വേയില്‍ നിന്ന് വിട്ടുനിന്നു. കുടുംബശ്രീ ഭാരവാഹികളുടെ നിരുത്തരവാദ പെരുമാറ്റം സംബന്ധിച്ച് ജില്ലാ സംസ്ഥാന കോ-ഓഡിനേറ്റര്‍മാരെ അറിയിക്കാനും തീരുമാനിച്ചു. പ്രാഥമിക ഗുണഭോക്തൃപട്ടിക നഗരസഭാകാര്യാലയത്തിലും പ്രധാനയിടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൗണ്‍സിലര്‍മാരുടെ കൈവശവുമുണ്ട്. പരാതികളില്‍ ആഗസ്ത് അഞ്ചു വരെ അപ്പീല്‍ നല്‍കാം. ഭരണസമിതിയോഗത്തില്‍ സി കെ നാടിക്കുട്ടി അധ്യക്ഷനായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക