|    Oct 21 Sun, 2018 1:46 am
FLASH NEWS

ലൈഫ് മിഷന്‍ : ജില്ലയിലെ ആദ്യ ഭവന സമുച്ചയത്തിന് ഇന്ന് തറക്കല്ലിടും

Published : 28th May 2017 | Posted By: fsq

 

പാലക്കാട്:സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട  സുരക്ഷാ പദ്ധതി ‘ലൈഫ് മിഷന്റെ ഭാഗമായുളള ജില്ലയിലെ ആദ്യത്തെ ഭവന സമുച്ചയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം ഇന്ന് (മെയ് 28ന് ) രാവിലെ 11ന്  ചിറ്റൂര്‍-തത്തമംഗലം നഗരസഭാ പരിധിയിലുള്ള വെള്ളപ്പന കോളനിയില്‍ നിയമ-സാംസ്‌കാരിക-പട്ടിക-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍—വഹിക്കും.കെ കൃഷ്ണന്‍കുട്ടി എംഎല്‍എ അധ്യക്ഷനാവും. എം ബി രാജേഷ് എം പി മുഖ്യതിഥിയാകും. പരിപാടിയോടനുബന്ധിച്ച് എന്‍യുഎല്‍എം (നാഷനല്‍ അര്‍ബണ്‍ ലൈവ്‌ലിഹുഡ് മിഷന്‍) ധനസഹായ വിതരണം ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ എംഎല്‍എയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ ചിറ്റൂര്‍-തത്തമംഗലം നഗരസഭ നടപ്പാക്കുന്ന 9.41 കോടിയുടെ പിഎംഎവൈ ഭവനപദ്ധതിയുടെ ചെക്ക് വിതരണോദ്ഘാടനം പി കെ ബിജു എംപിയും നിര്‍വഹിക്കും. പരിപാടിയില്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍മാന്‍ ടി എസ് തിരുവെങ്കിടം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, കുടുംബശ്രീ ഡിഎംസിപി സെയ്തലവി ജില്ലയിലെ എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനായി ആദ്യഘട്ടമായി ജില്ലയിലെ 95 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീ നടത്തിയ സര്‍വെയില്‍ 82659 ഭവനരഹിതരും 52709 ഭൂരഹിതരും ഉള്‍പ്പെടെ 1,35, 368 ഗുണഭോക്താക്കളെ കണ്ടെത്തിയതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. ഇതില്‍ 54000 പേര്‍  മുന്‍ഗണനാ മാനദണ്ഡപ്രകാരമുള്ള അര്‍ഹരില്‍ ഉള്‍പ്പെടും. പദ്ധതി നടപ്പാക്കാന്‍ ജില്ലയില്‍ ഏഴ് ഭാഗത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭയുടെ ഉടമസ്ഥതയിലുളള പെരുവെമ്പ് -തത്തമംഗലം റോഡില്‍ വെള്ളപ്പനയില്‍ 50 സെന്റ് സ്ഥലത്ത് 80തോളം ഭവനരഹിതര്‍ക്കായി നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനമാണ് ഇന്ന് നടക്കുക. ജി പ്ലസ് ടു മാതൃകയിലുളള ഭവനസമുച്ചയചത്തിന് 10 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് തരം ഫോമുകള്‍ വഴിയാണ് പദ്ധതിക്ക് ഗുണഭോക്താക്കാളെ കണ്ടെത്തിയത്. നിലവില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ലഭ്യമായ ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് എ,ബി ഫോറങ്ങളില്‍ ഉള്‍പ്പെടുത്തുക. പട്ടികയില്‍ ഉള്‍പ്പെടാത്തവരെ നേരില്‍ കണ്ട് പരിശോധന നടത്തി സി ഡി ഫോറങ്ങളില്‍ ഉള്‍പ്പെടുത്തി. എ,ബി ഫോറങ്ങളിലുള്ളവരെ 10 ശതമാനവും സിഡി ഫോറങ്ങളില്‍ ഉള്ളവരെ 100 ശതമാനവും തദ്ദേശസ്ഥാപനതലത്തില്‍ നേരിട്ടും പരിശോധന നടത്തിയാണ് അര്‍ഹരെ കണ്ടെത്തിയിരിക്കുന്നത്. ഫോറങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തിയ ശേഷം കരട് സര്‍വെ ലിസ്റ്റ് ലൈഫിന്റെ വെബ്‌സൈറ്റിലും അതത് ഗ്രാമപ്പഞ്ചായത്ത്, നഗരസഭകള്‍,സിഡിഎസ്സുകള്‍ എന്നിവയിലും പ്രസിദ്ധികരിക്കും. പട്ടിക സംബന്ധിച്ച ആദ്യ ആക്ഷേപം തദ്ദേശ സ്ഥാപന സെക്രട്ടറിക്കും രണ്ടാംഘട്ട ആക്ഷേപം ജില്ലാ കലക്ടര്‍ക്കും നല്‍കാം,  സര്‍വേക്കായി അഞ്ച് കുടുംബശ്രീ  ഐടി യൂനിറ്റുകളെ സജ്ജമാക്കുകയും 282 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയോഗിക്കുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss