|    Jul 19 Thu, 2018 9:52 am
FLASH NEWS

ലൈഫ് മിഷന്‍ : കോര്‍പറേഷന്‍ ഗുണഭോക്തൃപട്ടികയുടെ കരടിനെതിരേ ആക്ഷേപം

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയ്ക്കായി കോര്‍പറേഷന്‍ തയ്യാറാക്കിയ ഗുണഭോക്തൃപട്ടികയുടെ കരട് രൂപത്തിനെതിരെ ആക്ഷേപമുയരുന്നു.  നഗരത്തിലെ 100 വാര്‍ഡുകളിലായി, സ്ഥലവും വീടുമില്ലാത്ത 14,625 പേരുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. വസ്തു സ്വന്തമായുള്ളതും വീടില്ലാത്തവരുമായി 1269 പേരുണ്ടെന്നാണു കണ്ടെത്തല്‍. കുടുംബശ്രീ പ്രവര്‍ത്തകരെക്കൊണ്ടാണ് എല്ലാ വാര്‍ഡുകളിലും സര്‍വേ നടത്തിയത്. അനര്‍ഹര്‍ കടന്നുകൂടാതിരിക്കാന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം. സര്‍വേയ്ക്കായി നിയോഗിക്കപ്പെടുന്നവര്‍ക്കു പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. മാര്‍ഗനിര്‍ദേശമനുസരിച്ചാണ് സര്‍വേ നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ വിവിധ കാരണങ്ങളാല്‍ പട്ടികയില്‍നിന്നു പുറന്തള്ളപ്പെട്ടുവെന്നാണ് ആക്ഷേപമുയരുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയും ലൈഫ് മിഷന്റെ ഭാഗമാക്കിക്കൊണ്ടാണ് കോര്‍പറേഷന്‍ പദ്ധതി തയ്യാറാക്കുന്നത്. സ്ഥലമുള്ളവര്‍ക്ക് വീട് കെട്ടിക്കൊടുക്കുന്നത് പ്രധാനമന്ത്രി ആവാസ് യോജനയിലുള്‍പ്പെടുത്തിയാണ്. ഇതിനായി കേന്ദ്ര ഫണ്ട്് ലഭ്യമാക്കും. ലൈഫ് മിഷന്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റേതാണ്. അതിനാല്‍ത്തന്നെ കേന്ദ്രപദ്ധതിയുമായി ഇതിനെ കൂട്ടിക്കുഴച്ചതിനെതിരെയും വിമര്‍ശനമുണ്ട്്. ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തീകരിക്കുമ്പോഴേക്കും വീടില്ലാത്തവരുണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഒട്ടേറെ അര്‍ഹരായവര്‍ പട്ടികയില്‍നിന്നു പുറന്തള്ളപ്പെട്ടുവെന്നതാണ് തലസ്ഥാനനഗരത്തിലെ സ്ഥിതി. അനര്‍ഹര്‍ കടന്നുകൂടിയിട്ടില്ലെന്ന് കോര്‍പറേഷന്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പരാതി വ്യാപകമാണ്. അര്‍ഹരായവര്‍ തഴയപ്പെട്ടിട്ടുമുണ്ട്്. പട്ടികയില്‍ പേരു വിട്ടുപോയവര്‍ക്ക് ആക്ഷേപം സമര്‍പ്പിക്കാവുന്നതാണ്. പത്താം തീയതി മുതല്‍ 20 വരെ ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് പരിശോധന നടത്തി ക്രമക്കേടുണ്ടെങ്കില്‍ കണ്ടെത്തണം. 20ന് അന്തിമപട്ടിക തയ്യാറാക്കണം.  എന്നാല്‍, പരാതികളുടെ എണ്ണം ഏറിവരുന്നതിനാല്‍ ഫീല്‍ഡ് പരിശോധന സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയുമോയെന്ന സംശയമുയരുന്നുണ്ട്. വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് ഫഌറ്റുകള്‍ നിര്‍മിച്ചു കൈമാറാനാണു തീരുമാനിച്ചിരിക്കുന്നത്. സ്ഥലമുള്ളവര്‍ക്ക് വീട് വെച്ചു നല്‍കും. സൗകര്യത്തിനനുസരിച്ചു നിര്‍മിക്കാനും പൊളിക്കാനും കഴിയുന്ന പ്രീഫാബ്രിക്കേഷന്‍ രീതിയും ഇക്കാര്യത്തില്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ബിഎസ്‌യുപി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഫഌറ്റ് സമുച്ചയമാണ് ലൈഫ് മിഷനിലേക്ക് മാറ്റിയിരിക്കുന്നത്. ബിഎസ്‌യുപി പദ്ധതി ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതിനായി അനുവദിച്ച ഫണ്ടുപയോഗിച്ച് കരിമഠം കോളനിയില്‍ ഫഌറ്റ് സമുച്ചയം നിര്‍മിക്കാനൊരുങ്ങിയതാണ്. ഇതിന്റെ അന്തിമരൂപരേഖയായപ്പോഴാണ് ലൈഫ് മിഷന്‍ പദ്ധതി ആവിഷ്‌കരിക്കുന്നതും ബിഎസ്‌യുപി പദ്ധതി പിന്‍വലിക്കുന്നതും. കരിമഠം കോളനിയിലും പേരൂര്‍ക്കട മണ്ണാമൂലയിലും ഫഌറ്റുകള്‍ നിര്‍മിക്കാനാണ് ആലോചിക്കുന്നത്. കൂടുതല്‍ സ്ഥലം കണ്ടെത്താന്‍ ശ്രമങ്ങള്‍ നടക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss