|    Oct 19 Fri, 2018 6:37 pm
FLASH NEWS

ലൈഫ് മിഷന്‍ : ഉള്ള്യേരിയില്‍ സമഗ്ര പാര്‍പ്പിട സമുച്ചയ പദ്ധതി വരുന്നു

Published : 8th September 2017 | Posted By: fsq

 

ഉള്ള്യേരി:  അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കാനുള്ള ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി ഉള്ള്യേരിയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സമഗ്ര പാര്‍പ്പിട സമുച്ചയ പദ്ധതി നടപ്പിലാക്കുന്നു. പേരാമ്പ്ര റോഡില്‍നിന്ന് രണ്ടര കിലോ മീറ്റര്‍ ദൂരത്തില്‍ അഞ്ചനൂര്‍ മലയിലെ 15 ഏക്കര്‍ സ്ഥലത്താണ് 1,000 വാസഗൃഹങ്ങളുള്ള പാര്‍പ്പിട സമുച്ചയം ലൈഫ് മിഷന്റെ ഭാഗമായി നിര്‍മിക്കുന്നത്. പാതകള്‍, ജലനിര്‍ഗമന സംവിധാനങ്ങള്‍, പൊതുവിളക്കുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യസംവിധാനങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനം, നഴ്‌സറി, പ്രാഥമിക വിദ്യാലയങ്ങള്‍, ആരോഗ്യ പരിപാലന സൗകര്യങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രം, പൊതുപഠനമുറിയും വായനശാലയും, കമ്യൂണിറ്റി ഹാള്‍, ഹെല്‍ത്ത് ക്ലബ്, ശിശുസംരക്ഷണ കേന്ദ്രം, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുവേണ്ടി പകല്‍ വീടുകള്‍, വായനശാല എന്നിവ ഇതിലുണ്ടാവും. സൗരോര്‍ജ്ജ പദ്ധതിയടക്കമുള്ള വൈദ്യുതവിതരണ സംവിധാനങ്ങള്‍, മഴവെള്ളസംഭരണി, ജലവിതരണ സംവിധാനം, പൊതു ഉദ്യാനങ്ങളും അനുബന്ധസൗകര്യങ്ങളും, കൂട്ടുകൃഷി, യന്ത്രരഹിത ഗതാഗത സംവിധാനങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രം, ഗുണഭോക്താക്കളാല്‍ നടത്തപ്പെടുന്ന പരിസ്ഥിതി സൗഹൃദ ചെറു വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.പൊതു പങ്കാളിത്തം ഭൂമിയും അടിസ്ഥാന സൗകര്യ വികസനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം, സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിത സാമ്പത്തിക പിന്തുണ തുടങ്ങിയവയിലായിരിക്കും. സ്വകാര്യ പങ്കാളിത്തം കോര്‍പ്പറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്ത നിധി, സംരഭക മേഖലകളില്‍ നിന്നുള്ള ഇതര സംഭാവനകള്‍, വ്യക്തിഗത സംഭാവനകള്‍, സന്നദ്ധ-കാരുണ്യ പ്രവര്‍ത്തക സംഘടനകള്‍ വഴിയുള്ള സംഭാവനകള്‍ എന്നിവ വഴി തേടും. സ്വകാര്യ പങ്കാളികളുടെ ഏകോപനം മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ കുടക്കീഴിലായിരിക്കും.സംഭാവനകളുടെ തരം ഇങ്ങനെയായിരിക്കും. ഡയമണ്ട്- 20000 യൂനിറ്റും (40 വാസഗൃഹങ്ങള്‍) അതിന് മുകളിലും. പ്ലാറ്റിനം    – 12000 യൂനിറ്റും (24 വാസഗൃഹങ്ങള്‍) അതിന് മുകളിലും. ഗോള്‍ഡ്-4000 യൂനിറ്റും (എട്ട് വാസഗൃഹങ്ങള്‍) അതിന് മുകളിലും. സില്‍വര്‍- 2000 യൂനിറ്റും (നാല് വാസഗൃഹങ്ങള്‍) അതിന് മുകളിലും. വ്യക്തിഗത സംഭാവന എത്ര യൂനിറ്റുമാവാം. സമുച്ചയത്തിനകത്ത് സ്വതന്ത്ര കെട്ടിടങ്ങള്‍ സ്വതന്ത്ര പങ്കാളിയുടെ ബ്രാന്‍ഡിംഗോടെ നിര്‍മ്മിക്കുന്നതിനുള്ള അവസരമുണ്ടാവും. സമുച്ചയത്തിന്റെ രൂപകല്‍പനയ്ക്കായി ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കും. പദ്ധതിയുടെ അംഗീകൃത നിര്‍മാണ ചുമതലക്കാര്‍  ——ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. സ്വതന്ത്ര സാങ്കേതിക പിന്തുണ എന്‍ ഐ ടി, കോഴിക്കോട് നല്‍കും. ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയാണ് പദ്ധതി നടപ്പിലാക്കുക. മലബാര്‍ ചേംബറിന്റെ പ്രസിഡന്റ് രണ്ട് പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എന്‍.ഐ.ടി സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം വകുപ്പ് മേധാവി, എന്‍.ഐ.ടി ആര്‍ക്കിടെക്റ്റ് വിഭാഗം വകുപ്പു മേധാവി എന്നിവര്‍ അംഗങ്ങളും റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും. റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ ഓഫീസ് മലബാര്‍ ചേംബറിന്റെ സഹായത്തോടെ സെക്രട്ടറിയേറ്റ് ആയി പ്രവര്‍ത്തിക്കും.ഇതു സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷത വഹിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി നിധീഷ്, മലബാര്‍ ഗ്രൂപ്പിന്റെ പ്രതിനിധി കെ.പി നാരായണന്‍, നിത്യാനന്ദ് കാമത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല,എന്‍.ഐ.ടി കോഴിക്കോട് ആര്‍ക്കിടെക്ചര്‍ വകുപ്പ് മേധാവി ഡോ. കസ്തൂര്‍ബ എ.കെ, സിവില്‍ എന്‍ജിനീയറിംഗ് വകുപ്പ് മേധാവി ഡോ. ടി. സക്കറിയ വര്‍ഗീസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാജേനര്‍ രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എ. മുഹമ്മദ് അഷ്‌റഫ്, ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ പ്രൊജക്ട് ഡയറ്ടര്‍ പി. രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സി. മുരളീധരന്‍, യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ പി. രമേശന്‍, ടൗണ്‍പ്ലാനര്‍ കെ.വി മുഹമ്മദ് മാലിക്  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss