|    Nov 24 Fri, 2017 8:24 pm
FLASH NEWS

ലൈഫ് മിഷനില്‍ ജില്ലയില്‍ 56,966 വീട് ലഭിക്കും

Published : 6th August 2017 | Posted By: fsq

 

ആലത്തൂര്‍:  എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 56,966 പേര്‍ക്ക് വീട് ലഭിക്കും. ഗുണഭോക്താക്കളുടെ പട്ടിക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ചു. നിലവിലെ പട്ടിക പ്രകാരം ഭൂമിയുള്ള ഭവനരഹിതര്‍ 17,094 പേരാണ്. ഭൂമിയും വീടുമില്ലാത്തവര്‍ 39,872 പേരും. പട്ടിക വര്‍ഗ വിഭാഗക്കാര്‍ 1102 പേരും പട്ടികജാതി വിഭാഗത്തില്‍ 10,105 പേരുമുണ്ട്. 153 മല്‍സ്യത്തൊഴിലാളികളും 697 തോട്ടം തൊഴിലാളികളും പട്ടികയിലുണ്ട്. ഗുണഭോക്താക്കളുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ല കഴിഞ്ഞാല്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം പാലക്കാടിനാണ്. കുടുംബശ്രീ സര്‍വേ നടത്തി 1,35,368 പേരുടെ പട്ടികയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതില്‍ നിന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ പത്ത് വരെ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പരാതി നല്‍കാം.  വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍ക്ക് നല്‍കണം. പരാതികളില്‍ ഏഴു ദിവസത്തിനകം നടപടിയെടുക്കണം. എന്നിട്ടും പരിഹാരമുണ്ടായില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ കലക്ടറാവും തീരുമാനമെടുക്കുക. സൂക്ഷ്മ പരിശോധനയ്ക്കു ശേഷമാണ് അര്‍ഹതയില്ലാത്തവരെ ഒഴിവാക്കിയത്. സ്ഥലമുള്ളവര്‍ക്ക് വീടും സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് ഫഌറ്റും നിര്‍മിച്ചു നല്‍കുന്നതാണ് ലൈഫ് പദ്ധതി. ഫഌറ്റ് നിര്‍മിക്കുന്നതിന് ചിറ്റൂര്‍, പാലക്കാട്, പട്ടാമ്പി താലൂക്കുകളിലായി ഏഴിടത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ചിറ്റൂര്‍തത്തമംഗലം നഗരസഭാ പരിധിയിലും കൊടുമ്പ് പഞ്ചായത്തിലും രണ്ട് വീതം സ്ഥലങ്ങളും കൊടുവായൂര്‍, കണ്ണാടി, കൊപ്പം പഞ്ചായത്തുകളിലുമാണ് ഫഌറ്റുകള്‍ നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തിയത്. ഇതില്‍ ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെ തത്തമംഗലം വെള്ളപ്പനയില്‍ കെട്ടിടത്തിന്റെ കല്ലിടല്‍ നടന്നു. മൂന്നു നിലകളിലായി 80 കുടുംബങ്ങളെ പാര്‍പ്പിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന ഫഌറ്റിന് 9.41 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക