|    Aug 18 Fri, 2017 4:55 am
FLASH NEWS

ലൈഫ് പദ്ധതി സമ്പൂര്‍ണ പരാജയത്തിലേക്ക്

Published : 13th August 2017 | Posted By: fsq

 

രാമങ്കരി: സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ലൈഫ് വന്‍ പരാജയത്തിലേക്ക്. പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറെയും അനര്‍ഹരും കൂടിയായതോടെ മിക്ക ഗ്രാമസഭകളും  വന്‍ ബഹളത്തില്‍ കലാശിക്കുകയാണ്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ഗ്രാമപ്പഞ്ചായത്തു ജീവനക്കാരും വാര്‍ഡ് അംഗങ്ങളും ആശങ്കയിലാണ്.ഭൂരഹിതര്‍, ഭവനരഹിതര്‍ വാസയോഗ്യമല്ലാത്ത വീടുള്ളവര്‍ എന്നിവരെ പദ്ധതിയിലേക്ക് പരിഗണിക്കുക എന്നതായിരുന്നു സര്‍ക്കര്‍ ലക്ഷ്യം. എന്നാല്‍  പദ്ധതിയുടെ  മാനദണ്ഡങ്ങളില്‍ പലതും പാലിക്കുക വളരെ പ്രയാസമായി മാറിയതോടെ അര്‍ഹരായവരില്‍ വലിയൊരു വിഭാഗം  പദ്ധതിക്ക് പുറത്താവുകയായിരുന്നു. മുന്‍ കാലങ്ങളില്‍ ഇത്തരം ആനൂകൂല്യങ്ങള്‍ക്കായ്  അപേക്ഷകള്‍ ക്ഷണിച്ചിരുന്നത് ഗ്രാമസഭകള്‍ മുഖേന ആയിരുന്നെങ്കില്‍ ഇക്കുറി അതിന് മാറ്റം വരുത്തി കുടുംബശ്രീമുഖേന വാര്‍ഡ് തല സര്‍വ്വേ നടത്തി അര്ഹരായവരെ കണ്ടെത്തുകയായിരുന്നു. കുടുംബശ്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വേ പ്രകാരം തയ്യാറാക്കിയ ലിസ്റ്റ്  പുറത്തുവന്നപ്പോള്‍ അര്‍ഹരായവരില്‍ പലരും പടിക്ക് പുറത്താകുകയും അനര്‍ഹരില്‍ പലരും ഇതില്‍ ഇടം പിടിക്കുകയും കൂടി ചെയ്തതോടെ പദ്ധതിക്കെതിരെ  വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.  ഇതോടെ പല ഗ്രാമസഭകളിലും ഇത് സമ്പന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ക്ക്  എങ്ങനെ മറുപടി പറയണമെന്നറിയാതെ  പഞ്ചായത്ത് ജീവനക്കാരും വാര്‍ഡ് അംഗങ്ങളും കുഴയുകയാണ്.  മാത്രമല്ല ഒക്‌ടോബര്‍ മുപ്പത്തിയൊന്നിന് മുമ്പായി ഒന്നാംഘട്ട പദ്ധതികളുടെ പകുതി ഭാഗവും പൂര്‍ത്തികരിക്കണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നയം.  കുടുംബശ്രി നേതൃത്വത്തില്‍ തയ്യാറാക്കി നല്‍കിയ ലിസ്റ്റിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍  പഞ്ചായത്ത് ജീവനക്കാരും കൃഷിഭവനുകളിലെ ജീവനക്കാരും ചേര്‍ന്ന് ലിസ്റ്റ് പുനപരിശോധിക്കാനും ആക്ഷേപങ്ങള്‍ ഒഴിവാക്കി ഈ മാസം ഇരുപതിനകം പുതിയലിസ്റ്റ് പ്രസിദ്ധികരിക്കാനും  നിര്‍ദേശം വന്നതോടെ ഈ പദ്ധതി ത്രിശങ്കുവിലായി.  ഇതിനും പുറമെ  ഗ്രാമസഭകളെല്ലാം തന്നെ ഏറെക്കുറെ പൂര്‍ത്തികരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഇനി ലിസ്റ്റ് പുനപ്പരിശോധിക്കുകയെന്നതും ആക്ഷേപങ്ങള് ഒഴിവാക്കി പുതിയ ലിസ്റ്റ് പ്രസിദ്ധികരിക്കുക എന്നതും വളരെ ഭാരമേറിയ ഒന്നാണന്നും പറയുന്നു.   അതുപോലെ തന്നെ പദ്ധതിയുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നാണ് മുമ്പ് പറഞ്ഞിരുന്നതെങ്കിലും അതു സംബന്ധിച്ച് ഇതുവരെയും വ്യക്തമായൊരു ഉത്തരവ് പഞ്ചായത്തുകള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പറയുന്നു. കൂടാതെ പദ്ധതിയുടെ പകുതി ഭാഗം സപ്തംമ്പര്‍ മാസത്തില്‍ തന്നെ പൂര്‍ത്തികരിക്കണം. അല്ലാത്തപക്ഷം അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം നല്‍കില്ലെന്നുമാണ് സര്‍ക്കാരിന്റെ കര്ശന നിലപാടും പദ്ധതി ആകെ അവതാളത്തിലെത്തിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക