|    Dec 14 Fri, 2018 8:43 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ലൈഫ് ധനസഹായ വിതരണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

Published : 28th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ലൈഫ് പദ്ധതിപ്രകാരമുള്ള വീടുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഭവന വികസന ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായ സാഹചര്യത്തിലാണിത്. നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നവകേരളം കര്‍മപദ്ധതി ശില്‍പശാലയില്‍ വിവിധ പദ്ധതികളെപ്പറ്റി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ഹരായവര്‍ക്കുള്ള ധനസഹായവിതരണം ഡിസംബര്‍ 31ന് മുമ്പുതന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ രേഖകളില്‍ നെല്‍വയല്‍ എന്നു രേഖപ്പെടുത്തപ്പെട്ടുപോയെങ്കിലും നെല്‍വയലോ തണ്ണീര്‍ത്തടമോ അല്ലാത്ത, ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലമാണെങ്കില്‍ ഭവനനിര്‍മാണത്തിന് തടസ്സങ്ങളില്ലെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ പറഞ്ഞു. തോട്ടം എന്നു രേഖകളില്‍ പറഞ്ഞിട്ടുള്ള ഭൂമിയിലും ഭവനനിര്‍മാണത്തിന് നിയമതടസ്സങ്ങളില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള ഉപയോഗയോഗ്യമായ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ജനപ്രതിനിധികള്‍ അതത് ജില്ലകളിലെ ലൈഫ് കോ-ഓഡിനേറ്റര്‍മാരെ അറിയിക്കണമെന്നും ലൈഫ് പദ്ധതി അവലോകനത്തില്‍ അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികള്‍പ്രകാരം ധനസഹായം നല്‍കിയിട്ടും ഭവനനിര്‍മാണം നടക്കാതെപോയവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ ആദ്യഘട്ടം മുന്‍ഗണന നല്‍കിയത്. ഇതനുസരിച്ച് ഇതിനോടകം 48,197 ഗുണഭോക്താക്കള്‍ക്ക് വീടു നല്‍കാന്‍ കഴിഞ്ഞു. 5,839 വീടുകളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായെങ്കിലും ഇതുവരെ 50,000 ഭവനങ്ങളുടെ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്്. ധനസഹായം നല്‍കിയാലും പണി പൂര്‍ത്തിയാക്കാ ന്‍തക്ക സാമ്പത്തികശേഷിയില്ലാത്ത ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പ്രത്യേകം സഹായം നല്‍കാനാണു പദ്ധതിയിടുന്നത്.
ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടുവയ്ക്കാന്‍ ധനസഹായം നല്‍കുന്നതിലാണ് ലൈഫ് മിഷന്‍ ഇക്കൊല്ലം ഊന്നല്‍ നല്‍കുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് പൈലറ്റ് അടിസ്ഥാനത്തില്‍ ജില്ലയില്‍ ഒന്ന് എന്ന കണക്കില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിന് ജില്ലാ കലക്ടര്‍മാര്‍ മുഖേന നടപടി സ്വീകരിക്കും. ഭവനനിര്‍മാണാനുമതി സംബന്ധിച്ചും ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ള്‍ ഊര്‍ജിതമാക്കണമെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss