|    Jul 16 Mon, 2018 2:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ലൈംഗികാതിക്രമ കേസ് : ലിംഗസമത്വം വേണമെന്നു ഹരജി

Published : 29th September 2017 | Posted By: fsq

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യപരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ലൈംഗിക പീഡനങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന 375, 376 വകുപ്പുകള്‍ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹരജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. ലൈംഗിക പീഡന കേസുകളില്‍ എല്ലായ്‌പോഴും സ്ത്രീ ഇരയും പുരുഷന്‍ കുറ്റവാളിയുമായാണ് പരിഗണിക്കപ്പെടുന്നത്. നിയമത്തിലെ ഇത്തരം വകുപ്പുകള്‍ ലിംഗസമത്വത്തിന് എതിരാണെന്നുമാണ് ഹരജിക്കാരനായ സഞ്ജീവ് കുമാര്‍ എന്നയാള്‍ ചൂണ്ടിക്കാട്ടുന്നത്. ബലാല്‍സംഗ കുറ്റം പുരുഷന്‍മാരില്‍ മാത്രം അടിച്ചേല്‍പിക്കാവുന്ന ഒന്നാണെന്ന് ഇപ്പോഴും കരുതുന്നുണ്ടെന്നും ഒരു സ്ത്രീ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പുരുഷന്‍ പരാതിപ്പെട്ടാല്‍ അദ്ദേഹം യഥാര്‍ഥ പുരുഷനല്ലെന്നു കരുതുന്ന സമൂഹത്തിലാണ് നാം ഇപ്പോഴും ജീവിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. തുല്യതയ്ക്കുള്ള അവകാശം നല്‍കുന്ന ഭരണഘടന എന്തുകൊണ്ടാണ് ലൈംഗിക പീഡന കേസുകളില്‍ ഈ തുല്യത അനുവദിക്കാത്തതെന്നും ഹരജിയില്‍ ചോദിക്കുന്നു. അമേരിക്ക, ബ്രിട്ടന്‍, നേപ്പാള്‍, ആസ്‌ട്രേലിയ തുടങ്ങി ലോകത്തെ 63 രാജ്യങ്ങളിലെ ബലാല്‍സംഗ നിയമങ്ങള്‍ ലിംഗരഹിതമായ ഭാഷയിലാണ് എഴുതിയിരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പുരുഷനെ സ്ത്രീ ബലാല്‍സംഗം ചെയ്യുകയെന്നത് ഒരു യാഥാര്‍ഥ്യമാണ്, ഭാവനയല്ല, അതു നിഷേധിക്കാനാവില്ലെന്നതാണ് ഈ രാജ്യങ്ങളിലെ നിയമങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. എന്നാല്‍, ബലാല്‍സംഗ കേസുകളില്‍ ഒറ്റ യാഥാര്‍ഥ്യമേയുള്ളൂവെന്നു നിരീക്ഷിച്ച കോടതി, പുരുഷന്‍മാരെ ഇരയായി അംഗീകരിക്കുന്നത് ബുദ്ധിമുട്ടാണെന്നു വ്യക്തമാക്കി. ഹരജിയില്‍ ഒക്ടോബര്‍ 23നു വാദം കേള്‍ക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss