|    Oct 20 Fri, 2017 7:20 am
Home   >  Todays Paper  >  Page 4  >  

ലൈംഗികാതിക്രമ കേസുകള്‍ : വനിതാ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: നിലവിലുള്ള നിയമങ്ങളും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍പറത്തിയാണ് മാധ്യമങ്ങള്‍ ലൈംഗികാതിക്രമ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതെന്ന് പരാതിപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. മംഗളം ടിവി ചാനല്‍ ജൂലൈ 4ന് സംപ്രേഷണം ചെയ്ത അപഹാസ്യമായ വാര്‍ത്ത നിര്‍ത്തുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുത്തതിനെ അവര്‍ സ്വാഗതം ചെയ്തു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും തീര്‍ത്തും അനാവശ്യമായ വിവരമാണ് ഒരു വാര്‍ത്തയില്‍ കണ്ടത്. പരാതിക്കാരിയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണിത്. ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ച ഇരയെ വീണ്ടും ക്രൂശിക്കുന്നതിനു തുല്യമാണ് ഇത്തരം മാധ്യമ റിപോര്‍ട്ടുകളെന്ന് എം സരിതാവര്‍മ (ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്), കെ കെ ഷാഹിന (ഓപണ്‍ മാഗസിന്‍), ഗീത ബക്ഷി (നൊസ്റ്റാള്‍ജിയ മാഗസിന്‍), അര്‍ച്ചന രവി (ഡെക്കാന്‍ ക്രേണിക്കിള്‍), റജീന വി പി, ജിഷ (മാധ്യമം), ലക്ഷ്മി (ടൈംസ് ഓഫ് ഇന്ത്യ) എന്നിവര്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം വിലക്കിയ കാര്യങ്ങളാണ് പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.ലൈംഗികാതിക്രമ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതു സംബന്ധിച്ച പ്രസ് കൗണ്‍സില്‍ മാര്‍ഗനിര്‍ദേശങ്ങളും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും മാധ്യമങ്ങള്‍ അവഗണിക്കുകയും തെറ്റുകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ലൈംഗികാതിക്രമ കേസുകളുടെ റിപോര്‍ട്ടിങില്‍ പാലിക്കേണ്ട മര്യാദ മാധ്യമങ്ങളെ ബോധ്യപ്പെടുത്തുംവിധം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് നെറ്റ്‌വര്‍ക്ക് ഇന്‍ മീഡിയ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക