|    Apr 29 Sat, 2017 11:04 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ലേബര്‍ സിറ്റിയിലെ സൗകര്യങ്ങളില്‍ അദ്ഭുതം കൂറി വിദേശ മാധ്യമ പ്രവര്‍ത്തകര്‍

Published : 21st November 2016 | Posted By: SMR

ദോഹ: ഖത്തറിലെ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് താമസത്തിനായി ഒരുക്കിയ ലേബര്‍ സിറ്റിയിലെ സൗകര്യങ്ങളെ അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകര്‍ പ്രശംസിച്ചു. 21ാമത് എഎന്‍ഒസി(അസോസിയേഷന്‍ ഓഫ് നാഷനല്‍ ഒളിംപിക് കമ്മിറ്റീസ്) ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ സിറ്റിയില്‍ സന്ദര്‍ശന സൗകര്യമൊരുക്കിയിരുന്നു.
ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ഗൈഡിന്റെ സഹായത്തോടെ നടത്തിയ സന്ദര്‍ശനത്തിലാണ് ലേബര്‍ സിറ്റിയിലെ സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണെന്ന് വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയത്. 2022 ലോക കപ്പിന് ഖത്തര്‍ നടത്തുന്ന  ഒരുക്കങ്ങളെ അട്ടിമറിക്കാന്‍ ചില കോണുകളില്‍ നിന്ന് നടക്കുന്ന ദുഷ്പ്രചരണങ്ങളുടെ മുനയൊടിക്കുന്നതിന് വേണ്ടിയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് ലേബര്‍ സിറ്റിയില്‍ സന്ദര്‍ശനത്തിന് അവസരമൊരുക്കിയത്.
11 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലേബര്‍ സിറ്റിയില്‍ ഇപ്പോള്‍ 60,000ഓളം പേര്‍ താമസിക്കുന്നുണ്ടെന്ന് ഗൈഡ് അബ്ദുല്‍ മാലിക് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. ഒരു ലക്ഷം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലേബര്‍ സിറ്റിയെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനത്തിന് ശേഷം തൊഴിലാളികള്‍ താമസിക്കുന്ന സൗകര്യപ്രദമായ മുറികള്‍, വിശാലമായ ഡൈനിങ് ഹാള്‍, കായിക വിനോദ സൗകര്യങ്ങള്‍, ടി വി റൂം, സൈബര്‍ കഫേ, ക്ലിനിക്ക് എന്നിവ മാധ്യമപ്രവര്‍ത്തകര്‍ നോക്കിക്കണ്ടു.
മുറികളിലെ സൗകര്യങ്ങള്‍ വളരെ മികച്ചതാണെന്നും ലോകത്ത് എത്ര തൊഴിലാളികള്‍ക്ക് ഇങ്ങനെ ഒരു സൗകര്യം ലഭിക്കുമെന്നും ഹംഗേറിയന്‍ ജേണലിസ്റ്റ് അന്റല്‍ ഹുബായ് അഭിപ്രായപ്പെട്ടു. ഡൈനിങ് ഹാളിലെ മെനുവും മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്രെഡ് സ്ലൈസ്, ജാം, തേന്‍ അല്ലെങ്കില്‍ വെണ്ണ, ചീസ്, ഓട്ട്‌സ്, ബാജി, എഗ് ബുര്‍ജി, ജ്യൂസ്, ചായ തുടങ്ങിയവയായിരുന്നു അന്നേ ദിവസത്തെ പ്രഭാത ഭക്ഷണ മെനു. ആരോഗ്യ ദായകമായ ഇത്രയും വിഭവങ്ങള്‍ സൗജന്യമായാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.
മാള്‍, തിയേറ്റര്‍, ഫുട്‌ബോള്‍ മൈതാനം, ക്രിക്കറ്റ് സ്‌റ്റേഡിയം, ആശുപത്രി എന്നിവ തൊട്ടടുത്തു തന്നെ ഉണ്ടെന്നത് സൗകര്യപ്രദമാണെന്ന് ആര്‍ടിഎല്‍ ക്ലബ്ബിനു വേണ്ടി ജോലി ചെയ്യുന്ന ഹുബായ് പറഞ്ഞു.
തൊഴിലാളികള്‍ക്കു മാത്രമായി ഖത്തര്‍ സര്‍ക്കാര്‍ ഇങ്ങനെയൊരു നഗരമൊരുക്കിയത് നല്ല തീരുമാനമാണ്. ഖത്തര്‍ നല്‍കുന്ന സൗകര്യങ്ങള്‍ ഹംഗറിയേക്കാള്‍ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച സാഹചര്യത്തില്‍ ജീവിക്കുന്ന തൊഴിലാളികളുടെ കര്‍മശേഷിയും മെച്ചപ്പെടുമെന്ന് കാമറാമാന്‍ പീറ്റര്‍ കൊവാക്‌സ് പറഞ്ഞു. ഫസ്റ്റ് ക്ലാസ് സൗകര്യങ്ങളാണ് ലേബര്‍ സിറ്റിയില്‍ ഉള്ളതെന്ന് ലണ്ടനിലെ സ്‌പോര്‍ട്‌സ് ഏജന്‍സി ഹെയ്‌റ്റേഴ്‌സ് ടീംവര്‍ക്കിന്റെ റിപോര്‍ട്ടര്‍ ഗെറി കോക്‌സ് പറഞ്ഞു. താന്‍ ആദ്യമായി ഖത്തറിലെത്തിയത് ഏഷ്യന്‍ ഗെയിംസിന് വേണ്ടിയായിരുന്നു. അതിന് ശേഷം അദ്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് വിമര്‍ശകര്‍ക്കുള്ള ശരിയായ മറുപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡെയ്‌ലി മെയ്‌ലില്‍ സ്ഥിരമായി എഴുതുന്ന ബ്രിട്ടനിലെ ചാള്‍സ് സെയിലും തൊഴിലാളി ക്ഷേമത്തിനായി ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചു. ലേബര്‍ സിറ്റിയിലെ സൗകര്യങ്ങള്‍ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day