|    Jan 17 Tue, 2017 12:20 pm
FLASH NEWS

ലേബര്‍ക്യാംപുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുവാന്‍ നിര്‍ദേശം

Published : 20th September 2016 | Posted By: mi.ptk

cctv

തൊടുപുഴ :  ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാംപുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുവാന്‍ നിര്‍ദേശം. ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജ്ജാണ് തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ക്കുമേല്‍ കടുത്ത ലംഘനമാകുന്ന നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നുവെന്നാരോപിച്ച്് സംഘടിപ്പിച്ച തൊഴില്‍ ധാതാക്കളുടെ യോഗത്തിലാണ് എസ്പിയുടെ നിര്‍ദേശം. ഇടുക്കി ജില്ലാ ആംഡ് റിസര്‍വ് ക്യാംപിലായിരുന്നു യോഗം.
യോഗത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും അവര്‍ക്ക് ലഭ്യമാക്കുന്ന അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും വിശദമായ ചര്‍ച്ച നടന്നു. ഇതര സംസ്ഥാന തൊഴിലാളികളില്‍ പോലിസ് സ്‌റ്റേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവരെ കൊണ്ട് പേര് രജിസ്റ്റര്‍ ചെയ്യിക്കുന്നതിനും തൊഴിലാളികളുടെ അഡ്രസ്, ഫോട്ടോഗ്രാഫ്, തിരിച്ചറിയല്‍ രേഖകള്‍, ഫിംഗര്‍ പ്രിന്റ്, മൊബൈല്‍ നമ്പര്‍, എന്നിവ പോലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുന്നതിനോടൊപ്പം തൊഴില്‍ ദാതാക്കളും ഒരു കോപ്പി സൂക്ഷിക്കുന്നതിനും തീരുമാനമായി. തൊഴിലാളികളുടെ താമസസ്ഥലത്തെ പോലിസ് സ്‌റ്റേഷനില്‍ നിന്നും കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (പിസിസി) മേടിച്ച് തൊഴില്‍ ചെയ്യുന്ന സ്ഥലത്തെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കുന്നതിനും നിലവില്‍ ജോലി  ചെയ്യുന്ന  തൊഴിലാളികളുടെ പിസിസി  45 ദിവസത്തിനുള്ളില്‍ അവരില്‍ നിന്ന് ശേഖരിച്ച് അതാത് പോലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുന്നതിനും ജില്ലാ പോലിസ് മേധാവി നിര്‍ദ്ദേശം നല്‍കി.
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികളുടെ വിവരവും സംശയാസ്പദമായി തോന്നുന്ന തൊഴിലാളികളെ കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും  പോലിസ് സ്‌റ്റേഷനില്‍ അറിയിക്കുന്നതിനും തീരുമാനിച്ചിട്ടുള്ളതും ഇതില്‍ വീഴ്ച്ച വരുത്തുന്ന തൊഴിലുടമക്കെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി  വി എന്‍ സജിയും പങ്കെടുത്തിരുന്നു.
തൊഴിലാളികളുടെ ഓരോ ചലനവും ക്യാമറക്കണ്ണുകളിലൂടെ സദാ നിരീക്ഷിക്കുവാനുള്ള പോലീസിന്റെ നിര്‍ദേശം കടുത്ത മനുഷ്യാവകാശലംഘനമായും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 346 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക