|    Jul 22 Sun, 2018 6:23 am
FLASH NEWS

ലേക് പാലസ് റിസോര്‍ട്ട് ഫയലുകള്‍ കാണാതായ സംഭവം : കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിമര്‍ശനം

Published : 21st September 2017 | Posted By: fsq

 

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ്് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍  മുനിസിപ്പാലിറ്റിയില്‍ നിന്നു കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണവും നടപടിയും വേണമെന്ന് ഭരണപക്ഷമായ യുഡിഎഫും ബിജെപി കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെ നാളെ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചു. നഗരസഭയില്‍ നിന്നു ഫയലുകള്‍ കാണാതാവുകയും ഇതിന്റെ പേരില്‍ നാലു ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ട ഫയലുകളില്‍ റവന്യൂ രേഖകളില്ലാതെ അലമാരയില്‍ നിന്നും കണ്ടെത്തിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. അഡ്വ. എ എ റസാഖാണ് ഫയലുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്ക്ക് വച്ചത്. ഫയലുകള്‍ കാണാതായ സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനായി ഉദ്യോഗസ്ഥര്‍ക്കെതിരേ  ജൂഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഒരു സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നും മുനിസിപ്പല്‍ സെക്രട്ടറിയെ ഘെരാവോ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്് നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി സ്‌പെഷ്യല്‍ കൗണ്‍സില്‍ ചേരുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. എന്നാല്‍ ഫയലുകള്‍ കാണാതായതിന്റെ ഉത്തരാവാദിത്വം ചെയര്‍മാനാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചു. ഫയലുകള്‍ കാണാതായ സംഭവത്തില്‍ സംസ്ഥാന നഗരസഭാ സെക്രട്ടറി മുനിസിപ്പാലിറ്റിയില്‍ നിന്ന് റിപോര്‍ട്ട് തേടിയതിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ ക്ലാര്‍ക്ക്, എന്‍ജിനീയറിങ് സൂപ്രണ്ട്, രണ്ട് ഓഫിസ് അറ്റന്‍ഡര്‍മാര്‍ എന്നിവരെ സ്ഥാനം മാറ്റിയിരുന്നു. നഗരസഭയിലെ ഫയലുകളുടെ ചുമതലയുള്ള സിഎം സുജയെ ജനറല്‍ സെക്ഷനിലേക്കും റവന്യൂ സെക്ഷന്‍ സൂപ്രണ്ടായ ഷിബുവിനെ എന്‍ജിനീയറിങ് സെക്ഷന്റെ സൂപ്രണ്ടാക്കിയും മാറ്റി. പകരം എന്‍ജിനീയറിങ് സെക്ഷനിലെ ഉദ്യോഗസ്ഥനായ പ്രശാന്തിനെ റവന്യൂ സെക്ഷന്റെ സൂപ്രണ്ടാക്കി. ഓഫിസ് അറ്റന്‍ഡര്‍മാരായ ഗീവര്‍ഗീസ്, പിസി മോളി എന്നിവരെ ജനറല്‍ സെക്ഷനിലേക്കുമാണ് മാറ്റിയത്. തിരികെ ലഭിച്ച രേഖകളുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും ഇതില്‍ നിന്നു പ്രധാനപ്പെട്ടവ നഷ്ടപ്പെട്ടതിന് പിന്നിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നും ആവശ്യം ഉയര്‍ന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss