|    Nov 13 Tue, 2018 6:15 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലെസ്റ്ററിന് ലിവര്‍പൂളിന്റെ ബ്രേക്ക്; ആഴ്‌സനല്‍ നാണംകെട്ടു

Published : 28th December 2015 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ അട്ടിമറി തോല്‍വിയേറ്റുവാങ്ങുന്നത് പതിവാകുന്നു. ലീഗിലെ 18 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വമ്പന്‍ ക്ലബ്ബുകളെല്ലാം കുഞ്ഞന്‍മാര്‍ക്കു മുന്നില്‍ ഒരിക്കലെങ്കിലും മുട്ടമടക്കാതിരുന്നിട്ടില്ല. മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കഴിഞ്ഞ ദിവസം സ്റ്റോക്ക് സിറ്റിയോട് അട്ടിമറിയേറ്റുവാങ്ങിയതിനു പിന്നാലെ ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനലും നാണംകെട്ട പരാജയം ഏറ്റുവാങ്ങി.
സതാംപ്റ്റനാണ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഗണ്ണേഴ്‌സിന്റെ കഥകഴിച്ചത്. അതേസമയം, തുടര്‍ച്ചയായ ഒമ്പത് മല്‍സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയ ലെസ്റ്റര്‍ സിറ്റിയെ മുന്‍ ജേതാക്കളായ ലിവര്‍പൂള്‍ തടയിട്ടു. ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവര്‍പൂളിന്റെ വിജയം. എന്നാല്‍, മാഞ്ചസ്റ്റര്‍ സിറ്റി 4-1ന് സണ്ടര്‍ലാന്റിനെ തരിപ്പണമാക്കി മുന്നേറിയപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി 2-2ന് വാട്ട്‌ഫോര്‍ഡിനോട് സമനില കൊണ്ട് തൃപ്തിപ്പെട്ടു.
മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 3-0ന് നോര്‍വിച്ചിനെയും സ്വാന്‍സി 1-0ന് വെസ്റ്റ്‌ബ്രോമിനെയും എവര്‍ട്ടന്‍ 1-0ന് ന്യൂകാസിലിനെയും മറികടന്നപ്പോള്‍ ആസ്റ്റന്‍വില്ല-വെസ്റ്റ്ഹാം (1-1), ബേണ്‍മൗത്ത്-ക്രിസ്റ്റല്‍ പാലസ് (0-0) പോരാട്ടങ്ങള്‍ സമനിലയില്‍ കലാശിച്ചു.
ഇരട്ട ഗോള്‍ നേടിയ ഷെയ്ന്‍ ലോങാണ് ആഴ്‌സനലിനെതിരേ സ്വന്തം തട്ടകത്തില്‍ സതാംപ്റ്റന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. ഒന്നാംപകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ഗണ്ണേഴ്‌സിനെ രണ്ടാംപകുതിയില്‍ സതാംപ്റ്റന്‍ നിഷ്പ്രഭമാക്കുകയായിരുന്നു. 55, 90 മിനിറ്റുകളിലാണ് ലോങ് സതാംപ്റ്റനു വേണ്ടി വലകുലുക്കിയത്. കുക്കോ മാര്‍ട്ടിന്‍ (19ാം മിനിറ്റ്), ജോസ് ഫോന്റെ (69) എന്നിവരാണ് സതാംപ്റ്റന്റെ മറ്റു സ്‌കോറര്‍മാര്‍.
മല്‍സരത്തില്‍ പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ആഴ്‌സനലിനെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ സതാംപ്റ്റന്‍ തിരിച്ചടി നല്‍കുകയായിരുന്നു. തോല്‍വിയോടെ ലീഗിലെ ഒന്നാംസ്ഥാനത്തേക്ക് കയറാനുള്ള സുവര്‍ണാവസരവും ആഴ്‌സന്‍ വെങര്‍ പരിശീലിപ്പിക്കുന്ന ആഴ്‌സനലിന് നഷ്ടമാവുകയും ചെയ്തു. ഒന്നാംസ്ഥാനക്കാരായ ലെസ്റ്ററുമായി രണ്ടു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് രണ്ടാം സ്ഥാനക്കാരായ ആഴ്‌സനലിനുണ്ടായിരുന്നത്.
പുതിയ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിനു കീഴില്‍ തിരിച്ചുവരവ് നടത്തികൊണ്ടിരിക്കുന്ന ലിവര്‍പൂള്‍ ലെസ്റ്ററിനെതിരേ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വമ്പന്‍മാരെ അട്ടിമറിച്ച് മുന്നേറി കൊണ്ടിരുന്ന ലെസ്റ്ററിന് 63ാം മിനിറ്റിലാണ് ലിവര്‍പൂള്‍ ഞെട്ടിച്ചത്. പകരക്കാരനായിറങ്ങിയ ക്രിസ്റ്റ്യന്‍ ബെന്റേക്കാണ് ലിവര്‍പൂളിന് വിജയവും വിലപ്പെട്ട മൂന്നു പോയിന്റും നല്‍കിയ വിജയഗോള്‍ നേടിയത്.
ആഴ്‌സനലിനെതിരേ സപ്റ്റംബര്‍ 26നാണ് ലെസ്റ്റര്‍ ഇതിനു മുമ്പ് അവസാനമായി പരാജയം രുചിച്ചത്. തോറ്റെങ്കിലും ലെസ്റ്റര്‍ തന്നെയാണ് ലീഗില്‍ തലപ്പത്തുള്ളത്.
18 മല്‍സരങ്ങളില്‍ നിന്ന് 11 ജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 38 പോയിന്റോടെയാണ് ലെസ്റ്റര്‍ ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ലെസ്റ്ററിനെതിരേ വെന്നിക്കൊടി നാട്ടാനായതോടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി.
എന്നാല്‍, ഹോംഗ്രൗണ്ടില്‍ ആധികാരിക പ്രകടനം നടത്തിയാണ് സിറ്റി സണ്ടര്‍ലാന്റിനെതിരേ തകര്‍പ്പന്‍ ജയം നേടിയത്. റഹീം സ്റ്റെര്‍ലിങ് (12ാം മിനിറ്റ്), യായ ടുറെ (17), വില്‍ഫ്രഡ് ബോണി (22), കെവിന്‍ ഡിബ്രുയെന്‍ (54) എന്നിവരാണ് സിറ്റിക്കു വേണ്ടി ലക്ഷ്യം കണ്ടത്. 69ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ഇരട്ട ഗോള്‍ നേടാനുള്ള അവസരം ബോണി നഷ്ടപ്പെടുത്തി. സണ്ടര്‍ലാന്റിന്റെ ആശ്വാസ ഗോള്‍ 59ാം മിനിറ്റില്‍ ഫാബിയോ ബൊറീനോയുടെ വകയായിരുന്നു.
ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ആഴ്‌സനലുമായുള്ള പോയിന്റ് അകലം ഒന്നാക്കി കുറയ്ക്കാനും സിറ്റിക്കായി. നിലവില്‍ 35 പോയിന്റുമായാണ് സിറ്റി ലീഗില്‍ മുന്നാംസ്ഥാനത്ത് തുടരുന്നത്.
ഹോംഗ്രൗണ്ടിലാണ് ചെല്‍സി വാട്ട്‌ഫോര്‍ഡിനോട് പോയിന്റ് പങ്കുവച്ചത്. 80ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ വിജയഗോള്‍ നേടാനുള്ള സുവര്‍ണാവസരം ഒസ്‌കാര്‍ പാഴാക്കിയത് ചെല്‍സിക്ക് തിരിച്ചടിയായി.
മല്‍സരത്തില്‍ ഇരട്ട ഗോളുമായി ഡിയേഗോ കോസ്റ്റ ചെല്‍സിക്കു വേണ്ടി തിളങ്ങിയിരുന്നു. 32, 65 മിനിറ്റുകളിലാണ് കോസ്റ്റ ബ്ലൂസിനു വേണ്ടി നിറയൊഴിച്ചത്. വാട്ട്‌ഫോര്‍ഡിനായി ട്രോയ് ഡീനേയും (42ാം മിനിറ്റ്) ഒഡിയോന്‍ ഇഗാലോയും (56) സ്‌കോര്‍ ചെയ്തു.
ഹാരി കെയ്‌നിന്റെ ഇരട്ട ഗോളുകളാണ് നോര്‍വിച്ചിനെതിരേ ടോട്ടനമിന്റെ ആധികാരിക ജയം സമ്മാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss