|    Nov 18 Sun, 2018 3:33 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ലുലു സൈബര്‍ ടവര്‍ 2 നവകേരള നിര്‍മിതിക്കുള്ള മികച്ച തുടക്കം: മുഖ്യമന്ത്രി

Published : 11th November 2018 | Posted By: kasim kzm

കൊച്ചി: പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് നവകേരളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള മികച്ച തുടക്കമാണ് ലുലു സൈബര്‍ ടവര്‍ പദ്ധതിയിലൂടെ ലുലു ഗ്രൂപ്പ് നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 11,000 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന ലുലു സൈബര്‍ ടവര്‍ 2ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്‍ഫോ പാര്‍ക്കിന്റെ വളര്‍ച്ചയുടെ പുതിയ ഘട്ടമാണ് ലുലു സൈബര്‍ ടവര്‍. ഐടി മേഖലയെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളില്‍ സൈബര്‍ പാര്‍ക്കിന് പ്രധാന പങ്കു വഹിക്കാന്‍ കഴിയും. ഐടി മേഖലയില്‍ ലോകത്തെവിടെച്ചെന്നാലും മലയാളികളുണ്ട്. അവരെ കേരളത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിന് ഇതുപോലുള്ള കൂടുതല്‍ സംരംഭങ്ങള്‍ ഉണ്ടാവണം. ഇന്‍ഫോ പാര്‍ക്കിന്റെ ശേഷിയില്‍ 14 ലക്ഷം ചതുരശ്ര അടി അടിയുടെ വര്‍ധനവാണ് ലുലു സൈബര്‍ ടവറിലൂടെ ഉണ്ടാവുന്നത്. പ്രകൃതിയോട് പ്രതിബദ്ധത പുലര്‍ത്തിയും ഊര്‍ജക്ഷമത ഉറപ്പാക്കിയുമുള്ള നിര്‍മിതി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
ഐടി സംരംഭങ്ങള്‍ എങ്ങനെ പ്രകൃതിക്കിണങ്ങിയ രീതിയില്‍ ആരംഭിക്കാം എന്നതിനുള്ള ഉദാഹരണവും പ്രചോദനവുമാണ് സൈബര്‍ ടവര്‍. കൈവച്ചതിലൊക്കെ വിജയിച്ച ചരിത്രമാണ് ലുലു ഗ്രൂപ്പിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കഴിയണമെങ്കില്‍ വന്‍തോതില്‍ ഐടി നിക്ഷേപകരെ ആകര്‍ഷിക്കേണ്ടതുണ്ട്. അവര്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ക്കൊപ്പം തന്നെ സാമൂഹ്യ പശ്ചാത്തലവും ഉണ്ടാകണം. കേരളത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുമ്പോള്‍ അങ്ങോട്ടുപോകണോ എന്ന് സംശയിക്കുന്ന അവസ്ഥ മാറണമെങ്കില്‍ വ്യവസായ സൗഹൃദാന്തരീക്ഷം ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫലി, കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി സഹമന്ത്രി എസ് എസ് അലുവാലിയ, യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസയ്ന്‍ അല്‍ സാബി, എംപിമാരായ പ്രഫ. കെ വി തോമസ്, വി മുരളീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
എംഎല്‍എമാരായ പി ടി തോമസ്, വി കെ ഇബ്രാഹീം കുഞ്ഞ്, എല്‍ദോ എബ്രഹാം, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം ടി ഓമന, ഐടി പാര്‍ക്‌സ് സിഇഒ ഹൃഷികേശ് നായര്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അശ്‌റഫ് അലി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss