|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ലീഡര്‍ക്ക് നീതി കിട്ടിയോ?

Published : 16th September 2018 | Posted By: kasim kzm

രാഷ്ട്രീയ കേരളം – എച്ച് സുധീര്‍
കെ കരുണാകരന്റെ മുഖ്യമന്ത്രിപദം തട്ടിത്തെറിപ്പിക്കാന്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം കരുവാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സുപ്രിംകോടതിയുടെ സുപ്രധാന വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുകയാണ്. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് 24 വര്‍ഷത്തിനു ശേഷം നീതി കിട്ടിയപ്പോള്‍ കെ കരുണാകരന് നീതി കിട്ടിയോ എന്നതാണ് കേസിന്റെ രാഷ്ട്രീയ മാനം.
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കെ കരുണാകരനെ താഴെയിറക്കാന്‍ ശ്രമം നടന്നതായും അതു തെറ്റായിപ്പോയെന്നും അടുത്തിടെ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ തുറന്നുപറഞ്ഞത് എ ഗ്രൂപ്പിനെ അലോസരപ്പെടുത്തിയിരുന്നു. വൈകിയാണെങ്കിലും സത്യം പുറത്തുവന്നുവെന്ന് ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും നിലപാട് എടുത്തിരുന്നു. ഈ വിവാദത്തിന്റെ മുറിവുണങ്ങും മുമ്പ് ചരിത്രവിധിയിലൂടെ ചാരക്കേസ് വീണ്ടും ചര്‍ച്ചയാവുന്നത് കോണ്‍ഗ്രസ്സിനു വെല്ലുവിളി ഉയര്‍ത്തും.
സുപ്രിംകോടതി വിധിയോടെ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ കുടുംബത്തിനും പിന്തുണക്കാര്‍ക്കും വന്നിരിക്കുന്നത്. സുപ്രിംകോടതി വിധിക്കു പിന്നാലെ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഢാലോചനയില്‍ അഞ്ചു രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കെ കരുണാകരന്റെ മകളും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പത്മജ വേണുഗോപാല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ പേരുകള്‍ സുപ്രിംകോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തുമെന്നാണ് പത്മജ പറഞ്ഞത്.
കരുണാകരനെ ലക്ഷ്യമിട്ടാണ് നമ്പി നാരായണനെ കരുവാക്കി ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ചിലരുടെ കൈകളിലെ ചട്ടുകങ്ങളാവുകയായിരുന്നു. ഇനിയും ഗൂഢാലോചനകള്‍ പുറത്തുവരാനുണ്ട്. ഗൂഢാലോചനയുടെ പിറകിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും പുറത്തുവരണം. കരുണാകരന്‍ ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ ഇരയാണ്. വിശ്വസിച്ച് കൂടെ നിര്‍ത്തിയിരുന്നവരും ഗൂഢാലോചനക്കാരുടെ കൂട്ടത്തില്‍ കൂടി. അതിനു മുകളില്‍ നിന്നുള്ള പിന്തുണയും ഉണ്ടായിരുന്നു. സത്യം ഒരു നാള്‍ പുറത്തുവരുമെന്നു കരുണാകരന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും പത്മജ പറയുകയുണ്ടായി.
അഞ്ചു പേരില്‍ ഉമ്മന്‍ചാണ്ടി ഉണ്ടോയെന്ന മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും ആരുടെയും പേര് വെളിപ്പെടുത്താന്‍ പത്മജ തയ്യാറായതുമില്ല. ഉമ്മന്‍ചാണ്ടി, എം എം ഹസന്‍, എം ഐ ഷാനവാസ് ഉള്‍പ്പെടെ അന്ന് കരുണാകരനെതിരേ ഒളിയമ്പെയ്ത നേതാക്കളുടെ പേരുകള്‍ പറയാതെ പറയുകയാണ് പത്മജ. പക്ഷേ, മകനായ കെ മുരളീധരന്‍ പത്മജയോളം വികാരപ്രകടനത്തിന് അടിമപ്പെട്ടില്ല. പകരം കരുണാകരനു നീതി നിഷേധിക്കപ്പെട്ടുവെന്ന വികാരത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയെന്നതാണ് മുരളീധരന്റെ ലക്ഷ്യമെന്ന സൂചനയാണ് ആദ്യ പ്രതികരണം നല്‍കുന്നത്.
ചിതറിത്തെറിച്ച കെ കരുണാകരന്റെ അനുയായികളെ ചാരക്കേസ് ഉയര്‍ത്തിക്കൊണ്ടുവന്ന് പാര്‍ട്ടിയില്‍ ഒരു മേധാവിത്വം സ്ഥാപിക്കാവുന്ന വിധത്തില്‍ ഏകോപിപ്പിക്കുക ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണെന്ന പ്രായോഗിക രാഷ്ട്രീയബോധ്യത്തില്‍ നിന്നാണ് കെ മുരളീധരന്റെ പ്രതികരണം. പഴയ ഐ ഗ്രൂപ്പ് ശിഥിലമായതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐയുടെ ഭാഗമായിരുന്നു മുരളിയും പത്മജയും. സമീപകാലത്ത് ഐ നേതൃത്വവുമായി തെറ്റി ഗ്രൂപ്പിനു പുറത്തായ മുരളി എ ഗ്രൂപ്പുമായി നല്ല ബന്ധത്തിലാണ്. പത്മജയാവട്ടെ ഐ ഗ്രൂപ്പില്‍ അത്ര സജീവവുമല്ല.
ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ രാഷ്ട്രീയ ഗൂഢാലോചനയും ഉള്‍പ്പെട്ടാല്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാവും എന്നതില്‍ സംശയമില്ല. കേസില്‍ മുന്‍ എഡിജിപി സിബി മാത്യൂസ്, എസ്പിമാരായ കെ കെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ സുപ്രിംകോടതി കമ്മീഷനെ നിയോഗിച്ചിരിക്കെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ എന്ത് അന്വേഷണ നടപടി സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുടുങ്ങുമെന്ന കാര്യം ഉറപ്പാണ്. ഇത് കോണ്‍ഗ്രസ്സില്‍ പുതിയ രാഷ്ട്രീയ ചേരിപ്പോരിനും പുതിയ ഗ്രൂപ്പുസമവാക്യത്തിനും വഴിയൊരുക്കും.
എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുണാകരന്റെ മക്കളായ പത്മജയുടെയും മുരളീധരന്റെയും വായടപ്പിക്കാനുള്ള നീക്കമാവും കോണ്‍ഗ്രസ് നടത്തുക. ഹൈകമാന്‍ഡ് വഴി സീറ്റ് വാഗ്ദാനമാവും ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇതിനായി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. സുപ്രിംകോടതി വിധിക്കു ശേഷമുണ്ടായ പത്മജ വേണുഗോപാലിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ പോലും ഉമ്മന്‍ചാണ്ടി വിസമ്മതിച്ചിരിക്കുകയാണ്. എ ഗ്രൂപ്പിലെ മറ്റൊരു നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജുഡീഷ്യല്‍ കമ്മീഷനോട് പത്മജ പേരുകള്‍ പറയട്ടെയെന്ന നിലപാടിലാണ്.
നിസ്സംഗതയോടെ ഇതിനെ നേരിടുകയെന്നതാവും എ ഗ്രൂപ്പ് സ്വീകരിക്കാന്‍ പോകുന്ന തന്ത്രം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുരളീധരനും പത്മജയ്ക്കും അനുകൂലമായ ഗ്രൂപ്പുവ്യതിയാനം സംഭവിക്കാവുന്ന തലത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ പോന്നതാവില്ല ജുഡീഷ്യല്‍ അന്വേഷണം. കരുണാകരന്റെ പാരമ്പര്യത്തിന്റെ തുടര്‍ച്ച ഏറ്റെടുക്കുന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ ഇന്നു പല തട്ടിലാണ്. ചാരക്കേസ് ശക്തമായപ്പോള്‍ തിരുത്തല്‍വാദികളായി നിന്ന രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും എം ഐ ഷാനവാസും സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ സമിതിയുടെ മുന്നില്‍ കരുണാകരനു വേണ്ടി നിലകൊള്ളുകയില്ലെന്ന് ഉറപ്പാണ്.
അതിന്റെ രാഷ്ട്രീയ നേട്ടം കെ മുരളീധരനു ലഭിക്കുന്നതിനോട് ഈ നേതാക്കള്‍ക്ക് ഒരുതരത്തിലുള്ള യോജിപ്പുമുണ്ടാവില്ല. ഈ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടു കൂടിയാണ് കെ മുരളീധരന്‍ സഹപ്രവര്‍ത്തകര്‍ക്കെതിരായ രാഷ്ട്രീയ വിമര്‍ശനം നടത്താതെ കരുണാകരനു മാത്രം നീതി കിട്ടിയില്ലെന്ന വൈകാരിക പ്രതികരണത്തിലേക്ക് ഒതുങ്ങിയത്. ഇതുവരെ അറിഞ്ഞതില്‍ കവിഞ്ഞ ജുഡീഷ്യല്‍ അന്വേഷണം എന്തു പുതിയ വിവരങ്ങള്‍ കണ്ടെത്തിയാലും അതിനെടുക്കുന്ന കാലതാമസം ഏത് രാഷ്ട്രീയ മാറ്റത്തിനും വിഘാതമാവുന്ന ഒന്നായിരിക്കും.
ചാരക്കേസ് തകര്‍ത്തുകളഞ്ഞ നമ്പി നാരായണന്റെ ജീവിതവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് 1996ല്‍ സുപ്രിംകോടതി ശരിവച്ചെങ്കിലും വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും നമ്പി നാരായണന് ഉണ്ടായ നഷ്ടം നികത്താനാവാത്തതായിരുന്നു.
തടവറയില്‍ താന്‍ നേരിട്ട കൊടിയ പീഡനങ്ങള്‍ നമ്പി നാരായണന്‍ പിന്നീട് തന്റെ ആത്മകഥയിലൂടെ പുറംലോകത്തെ അറിയിച്ചു. 50 ദിവസമാണ് ക്രിമിനലുകള്‍ക്കൊപ്പം അദ്ദേഹം കഴിച്ചുകൂട്ടിയത്. ഒപ്പം പോലിസിന്റെ മൂന്നാംമുറയും. അറസ്റ്റിലായ ശേഷം 70 മണിക്കൂറിലധികം ഉണ്ണാതെയും ഉറങ്ങാതെയും ഇരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. മൂന്നാം ദിവസം മാത്രമാണ് കുറച്ച് വെള്ളം ചോദിച്ചത്. ‘നീ ഒരു തുള്ളി വെള്ളം പോലും അര്‍ഹിക്കുന്നില്ലെ’ന്നു പറഞ്ഞ് പോലിസുകാരന്‍ ചവിട്ടി താഴെയിട്ടു. നിലത്തുനിന്നു പതിയെ പതിയെ എഴുന്നേറ്റുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കാലുകള്‍ ശരീരത്തിന്റെ ഭാരം താങ്ങാന്‍ പാടുപെട്ടു. മണിക്കൂറുകള്‍ കടന്നുപോയപ്പോള്‍ കുറച്ചു നേരം ഇരിക്കാന്‍ ഒരു കസേര ചോദിച്ചു. അപ്പോള്‍ മറ്റൊരാള്‍ വന്നു പറഞ്ഞത് ‘ഈ രാജ്യത്ത് നിനക്കൊരു കസേരയില്ല, കാരണം നീയൊരു ചാരനാണെ’ന്നാണ്- അദ്ദേഹം ആത്മകഥയില്‍ പറയുന്നു.
78കാരനായ നമ്പി നാരായണന് അര കോടി രൂപ നഷ്ടപരിഹാരവും ചാരക്കേസ് അന്വേഷിച്ച കേരള പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിനുമാണ് 24 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഒടുവില്‍ സുപ്രിംകോടതി വിധിച്ചത്. നീതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് ആവേശം പകരുന്ന മറ്റൊരു നിയമപോരാട്ടമായി ഇതു ചരിത്രത്തില്‍ സ്ഥാനംപിടിക്കും. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss