|    Oct 20 Sat, 2018 1:06 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് ; കെ പി എ മജീദ് പിന്‍മാറി

Published : 18th September 2017 | Posted By: fsq

 

മലപ്പുറം: അടുത്തമാസം 11നു നടക്കാനിരിക്കുന്ന വേങ്ങര അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍നിന്നു മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ് പിന്‍മാറി. ഇന്നലെ പാര്‍ട്ടി പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരില്‍ കണ്ടാണ് സംഘടനാ ചുമതലയുള്ളതിനാല്‍ മല്‍സരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചത്. മജീദ് മല്‍സരിക്കുന്നതിനെതിരേ ലീഗിലെ വലിയൊരു വിഭാഗം യുവാക്കള്‍ രംഗത്തുവന്നിരുന്നു. എംഎസ്എഫ് അഖിലേന്ത്യാ ഭാരവാഹിയായ എന്‍ എ കരീം ഫേസ്ബുക്കിലൂടെ മജീദിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. മല്‍സരിച്ചുമല്‍സരിച്ച് ജനം തോല്‍പിക്കുന്നവരെ മല്‍സരിപ്പിക്കരുതെന്നായിരുന്നു  കരീം പറഞ്ഞിരുന്നത്. പരസ്യവിമര്‍ശനത്തിന്റെ പേരില്‍ കരീമിനെ എംഎസ്എഫില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഞ്ച് തവണ മങ്കടയില്‍ മല്‍സരിച്ചു ജയിച്ച മജീദ് ഇടത് സ്വതന്ത്രന്‍ മഞ്ഞളാംകുഴി അലിയോട് തോറ്റിരുന്നു. പിന്നീട് മഞ്ചേരി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടി കെ ഹംസയോട് അരലക്ഷത്തിലേറെ വോട്ടുകള്‍ക്കു തോറ്റു. കഴിഞ്ഞ തവണ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗ് ടിക്കറ്റില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ കെ പി എ മജീദിനെ മല്‍സരിപ്പിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍, അവസാന നിമിഷം ഹൈദരലി തങ്ങള്‍ പി വി അബ്ദുല്‍വഹാബിനെ പ്രഖ്യാപിക്കുകയായിരുന്നു. വേങ്ങരയില്‍ നിയമസഭാ സീറ്റ് ഒഴിവുവന്നപ്പോള്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മജീദിന്റെ പേരാണ് ഉയര്‍ന്നുവന്നിരുന്നത്. മജീദ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് സ്വയം പിന്‍മാറിയതോടെ കെഎന്‍എ ഖാദര്‍, അഡ്വ. യു എ ലത്തീഫ്, പി കെ ഫിറോസ്, അബ്ദുറഹിമാന്‍ രണ്ടത്താണി, പി കെ അസ്്‌ലു എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത.് മുജാഹിദ് ആശയക്കാരനായ കെ പി എ മജീദിനെ വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ  പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ലീഗിലെ തന്നെ പ്രമുഖ നേതാക്കള്‍ മജീദിനോട് മല്‍സരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അദ്ദേഹം പിന്‍മാറിയിരിക്കുന്നത്. ലീഗ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss