|    Dec 14 Fri, 2018 3:17 pm
FLASH NEWS

ലീഗ് വിമത കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവച്ചു

Published : 23rd May 2018 | Posted By: kasim kzm

കമ്പില്‍: കോണ്‍ഗ്രസ്-സിപിഎം-ബിജെപി പിന്തുണയോടെ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റായ ലീഗ് വിമത പദവി രാജിവച്ചു. യുഡിഎഫ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് പന്ന്യങ്കണ്ടി വാര്‍ഡിലെ കെ എം പി സറീന രാജിവച്ചത്. ഇന്നലെ രാവിലെയാണ് പഞ്ചായത്ത് സെക്രട്ടറി പി ബാലനാണു രാജി സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ മെയ് 10നാണു യുഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
ദിവസങ്ങള്‍ക്കകം അവിശ്വാസപ്രമേയത്തിന്‍മേല്‍ ചര്‍ച്ചയും തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് രാജി. നിലവിലുള്ള വൈസ് പ്രസിഡന്റ് എം അനന്തനാണു പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. ഭരണസമിതിയുടെ തുടക്കത്തില്‍ നൂഞ്ഞേരി വാര്‍ഡിലെ ലീഗ് പ്രതിനിധി കെ സി പി ഫൗസിയയായിരുന്നു പ്രസിഡന്റായിരുന്നത്. ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തിനൊടുവില്‍ അവധിയില്‍ പോവുകയും പിന്നീട് രാജിവയ്ക്കുകയും ചെയ്തതോടെയാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. കഴിഞ്ഞ ജൂണ്‍ 16നാണ് ഫൗസിയ രാജിവച്ചത്. ഇതേത്തുടര്‍ന്ന് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പാമ്പുരുത്തി വാര്‍ഡിലെ മുസ്‌ലിം ലീഗ് പ്രതിനിധി കെ താഹിറ മല്‍സരിച്ചു. എന്നാല്‍, നേതൃത്വത്തെ ഞെട്ടിച്ച് ലീഗ് വിമതയായ പന്ന്യങ്കണ്ടി വാര്‍ഡിലെ കെ എം പി സറീന കോണ്‍ഗ്രസ്, സിപിഎം, ബിജെപി പിന്തുണയോടെ വിജയിക്കുകയായിരുന്നു. എട്ടിനെതിരേ ഒമ്പതു വോട്ടുകള്‍ക്കാണ് താഹിറ പരാജയപ്പെട്ടത്. ലീഗ് വിമതയെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും സിപിഎം ഉള്‍പ്പെടെയുള്ള അഞ്ച് എല്‍ഡിഎഫ് അംഗങ്ങളും ഒരു ബിജെപി അംഗവും പിന്തുണച്ചപ്പോള്‍ താഹിറയെ ഒരു കോണ്‍ഗ്രസ് അംഗവും ഏഴ് ലീഗ് അംഗങ്ങളും പിന്തുണച്ചു. മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കരീം ചേലേരിയുടെ നാട്ടില്‍ തന്നെ പതിറ്റാണ്ടുകളായി കൈവശം വയ്ക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത് പാര്‍ട്ടിയില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വിമതസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനു അണിയറ നീക്കം നടത്തിയ മുതിര്‍ന്ന ലീഗ് നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയെടുത്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കമാണ് പ്രസിഡന്റുമാരുടെ രാജി ആവര്‍ത്തിക്കാന്‍ കാരണം. ജില്ലയില്‍ തന്നെ യുഡിഎഫ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് ജില്ലാ നേതൃത്വം ഇടപെട്ടാണ് പ്രശ്‌ന പരിഹാര ഫോര്‍മുലയുണ്ടാക്കിയത്.
പഞ്ചായത്തില്‍ മുസ്്‌ലിം ലീഗ് 8, കോണ്‍ഗ്രസ് 3, സിപിഎം 3, സിപിഐ 1, ഇടത് അനുകൂല സിഎംപി 1, ബിജെപി 1 എന്നിങ്ങനെയാണു കക്ഷിനില. കഴിഞ്ഞ തവണ പരാജയപ്പെട്ട ലീഗ് ഔദ്യോഗിക സ്ഥാനാര്‍ഥി പാമ്പുരുത്തി വാര്‍ഡിലെ കെ താഹിറ, കമ്പില്‍ വാര്‍ഡിലെ ടി വി ഷമീമ എന്നിവരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുകയെന്നാണു സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss