|    Oct 22 Mon, 2018 8:43 pm
FLASH NEWS

ലീഗ് പുനസ്സംഘടന വൈകുന്നു; രാജി ഭീഷണിയുമായി ഒരു വിഭാഗം

Published : 7th August 2016 | Posted By: SMR

മുക്കം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് പിരിച്ചുവിട്ട തിരുവമ്പാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി പുനസംഘടിപ്പിക്കുന്നത് വൈകുന്നു. മാസങ്ങളായിട്ടും കമ്മിറ്റിയില്ലാത്തതിനാല്‍ അണികളും പ്രതിഷേധത്തിലാണ്.
ഒരാഴ്ച്ച മുമ്പ് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ജില്ലയിലെ പ്രമുഖ നേതാക്കളായ ഒരു മുന്‍ എംഎല്‍എ, ഒരു സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നിവരേ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനായി ചുമതലപ്പെടുത്തുകയും ഇവര്‍ മണ്ഡലത്തിലെ വിവിധ നേതാക്കളുമായി നടത്തിയ ആശയ വിനിമയത്തിനും കൂടിക്കാഴ്ചക്കുമൊടുവില്‍ വി കെ ഹുസൈന്‍ കുട്ടിയെ പ്രസിഡന്റും സി കെ കാസിമിനെ ജനറല്‍ സെക്രട്ടറിയും കെ വി അബ്ദുറഹിമാനെ ട്രഷററായും പുതിയ ഭാരവാഹികളെ നിശ്ചയിക്കുകയും ചെയ്തു.
ഈ തീരുമാനം ജില്ലാ സംഘടനാ കാര്യസമിതി അംഗീകരിക്കുകയും പ്രഖ്യാപനത്തിനായി സംസ്ഥാന പ്രസിഡന്റിന് വിടുകയും ചെയ്തു. ഇതോടെയാണ് ഔദ്യോഗിക വിഭാഗം നേതാക്കള്‍ പ്രതിഷേധവുമായെത്തിയത്. സി കെ കാസിമിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ യാതൊരു നിലയ്ക്കും അനുവദിക്കുകയില്ലെന്ന് ഇവര്‍ പാണക്കാട്ടെത്തി നേരിട്ടറിയിച്ചു. കൊടിയത്തൂരിലെ പ്രമുഖ നേതാവ്, യൂത്ത് ലീഗ് നിയോജക മണ്ഡലം നേതാവ്, ഒരു ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹി, ഗ്രാമപ്പഞ്ചായത്ത് ഭാരവാഹിയും നിയോജക മണ്ഡലം നേതാവുമായ ഒരാള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാണക്കാട്ടെത്തി സംസ്ഥാനപ്രസിഡന്റിനെ കണ്ടത്.
കാസിമിനെ ജനറല്‍ സെക്രട്ടറിയാക്കിയാല്‍ ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികള്‍ തല്‍സ്ഥാനം രാജിവയ്ക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഇതോടെ പ്രഖ്യാപനം തല്‍ക്കാലം നിര്‍ത്തിവയ്ക്കുകയായിരുന്നു. വെള്ളിയാഴച്ച നടന്ന സംസ്ഥാന സംഘടനാകാര്യ സമിതി ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന പ്രവര്‍ത്തകരും ഇതോടെ കടുത്ത നിരാശയിലാണ്. അതേ സമയം എംഎല്‍എ പക്ഷത്തിനു മേല്‍ വിജയം നേടാനായതിന്റെ ആശ്വാസത്തിലാണ് ഔദ്യോഗിക പക്ഷം. സി കെ കാസിമിനെ മാറ്റി പകരം മറ്റാരെയും അംഗീകരിക്കാന്‍ ഇവര്‍ ഒരുക്കമാണ്.
എന്നാല്‍, ജില്ലാ സംഘടനാ കാര്യസമിതി അംഗീകരിച്ച ഭാരവാഹി പട്ടിക അംഗീകരിച്ചില്ലെങ്കില്‍ അത് മറ്റൊരു പൊട്ടിത്തെറിയിലേക്കാവും കാര്യങ്ങള്‍ കൊണ്ടെത്തിക്കുക. ഇരു വിഭാഗത്തേയും അനുനയിപ്പിച്ച് പ്രഖ്യാപനം നടത്താന്‍ എങ്ങനെ കഴിയുമെന്ന ചിന്തയിലാണ് ജില്ലാ-സംസ്ഥാന നേതൃത്വം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss