|    Oct 19 Fri, 2018 12:43 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് യോഗം : വഹാബ്-മജീദ്-ഇടി അച്ചുതണ്ട് ഖാദറിനെ പിന്തുണച്ചു

Published : 19th September 2017 | Posted By: fsq

 

മലപ്പുറം: മുസ്‌ലിംലീഗിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു. ഇത്രയും കാലം ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി വിചാരിക്കുന്നതു മാത്രമേ പാര്‍ട്ടിയില്‍ നടക്കുകയുള്ളൂവെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, ഇന്നലെ വേങ്ങരയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സമ്മര്‍ദങ്ങളും അതിജീവിച്ചാണ് കെ എന്‍ എ ഖാദര്‍ വേങ്ങരയില്‍ സ്ഥാനാര്‍ഥിത്വം നേടിയെടുത്തത്. പാര്‍ട്ടിയില്‍ പുതുതായി രൂപപ്പെട്ട വഹാബ്-മജീദ്-ഇടി അച്ചുതണ്ടാണ് യു എ ലത്തീഫിനെ വേങ്ങരയില്‍ നിര്‍ത്താനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തെ തടഞ്ഞത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യൂത്ത്‌ലീഗിനും എംഎസ്എഫിനും ലീഗ് വഴങ്ങില്ലെന്ന സന്ദേശം കൂടി നല്‍കാനും ഇതോടൊപ്പം നേതൃത്വത്തിനു സാധിച്ചു. നാലു തവണ നടന്ന കൂടിയാലോചനകളിലും ഇന്നലെ രാവിലെ നടന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലും യു എ ലത്തീഫിനു വേണ്ടി കുഞ്ഞാലിക്കുട്ടി ശക്തമായ വാദങ്ങളാണ് ഉയര്‍ത്തിയത്. എന്നാല്‍, പി വി അബ്ദുല്‍ വഹാബും കെ പി എ മജീദും ആദ്യം മുതല്‍ തന്നെ കെ എന്‍ എ ഖാദറിനെയാണ് നിര്‍ദേശിച്ചിരുന്നത്. സോഷ്യല്‍ മീഡിയകള്‍ വഴി പാര്‍ട്ടിയെ നിയന്ത്രിക്കാമെന്ന യുവജന നേതാക്കളുടെ അഹങ്കാരത്തിനു വഴങ്ങരുതെന്ന നിലപാട് യോഗത്തില്‍ മജീദും വഹാബും എടുത്തു. യുവജന പ്രാതിനിധ്യത്തിന്റെ പേരില്‍ പി കെ ഫിറോസിനെയോ പി എം സാദിഖലിയെയോ മല്‍സരിപ്പിക്കണമെന്ന നീക്കങ്ങള്‍ തള്ളിക്കളയണമെന്നും അവര്‍ ആവശ്യപ്പെട്ടു. മജീദിനൊപ്പം സാമൂഹിക മാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശിക്കപ്പെട്ട കെ എന്‍ എ ഖാദറിനെ പിന്തുണക്കാനുള്ള പ്രധാന ന്യായം മജീദിന് ഇതായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറിയായുള്ള ഖാദറിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തിയുണ്ടെന്നു പറഞ്ഞ മജീദ് ഖാദറിനെ സ്ഥാനത്തുനിന്നു മാറ്റാന്‍ വേങ്ങരയിലെ സീറ്റ് നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചു. ഇതൊരു തന്ത്രമായിരുന്നുവെന്നാണ് മനസ്സിലാക്കപ്പെടുന്നത്. പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ഏകാഭിപ്രായം ഉണ്ടാക്കുന്നതിനായി ഹൈദരലി തങ്ങള്‍ ബോര്‍ഡംഗങ്ങള്‍ ഓരോരുത്തരെയും ഒറ്റയ്ക്ക് കണ്ട് അഭിപ്രായം തേടിയിരുന്നു. ഇടിയും വഹാബും മജീദും ഒരുമിച്ച് പിന്തുണച്ചതോടെ യു എ ലത്തീഫിനെ തള്ളി കെ എന്‍ എ ഖാദറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലത്തീഫിനു വേണ്ടി കുഞ്ഞാലിക്കുട്ടി മാത്രമാണ് വാദിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാവട്ടെ ആരെയും നിര്‍ദേശിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തില്ല. ഹൈദരലി തങ്ങളും നിഷ്പക്ഷ നിലപാട് സ്വീകരിച്ച് ഭൂരിപക്ഷത്തിന്റെ അഭിപ്രായം അംഗീകരിച്ച് ഖാദറിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss