|    Jan 19 Thu, 2017 6:34 pm
FLASH NEWS

ലീഗ് നേതാവ് ഇ അഹമ്മദിന് ഉദ്യോഗക്കയറ്റം

Published : 22nd November 2015 | Posted By: TK

കരീംലാലകൈപ്പമംഗലം

മുസ്‌ലിംലീഗ് നേതാവ് ഇ അഹമ്മദിനെ വിദേശകാര്യമന്ത്രാലയ ഉപസമിതിയിലെ അംഗമായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുകയാണല്ലോ.  അഹമ്മദിനെ സംബന്ധിച്ചിടത്തോളം ഇതു വലിയ കാര്യമാണ്. മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന മട്ടിലായിട്ടുണ്ട്.വെറും രണ്ടംഗങ്ങള്‍ മാത്രമുള്ള പാര്‍ട്ടിയിലെ ഒരു എംപിയെയാണ് അവര്‍ ഉപദേശകസമിതിയിലേക്കെടുത്തത്. എങ്ങനെ സന്തോഷിക്കാതിരിക്കും? ഇതു തങ്ങള്‍ക്കുള്ള അംഗീകാരമായിട്ടായിരിക്കും ലീഗ് കരുതുക. നരസിംഹറാവു യുപിഎ ഗവണ്‍മെന്റിനെ നയിച്ചിരുന്നപ്പോഴും പ്രധാനമന്ത്രി വാജ്‌പേയിയുടെ ഭരണകാലത്തും അഹമ്മദിന് യുഎന്നില്‍ ഇത്തരത്തിലുള്ളൊരു സ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ കിട്ടിയ അംഗീകാരം അത്തരത്തിലുള്ളതല്ല.

നരേന്ദ്രമോദി അധികാരത്തിലേറിയതിനുശേഷം ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ അക്രമം വ്യാപകമായി. അവയൊക്കെ നിസ്സാരവല്‍ക്കരിക്കുന്ന ഒരു പ്രധാനമന്ത്രി നയിക്കുന്ന ഗവണ്‍മെന്റില്‍നിന്നു ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ ലീഗ് നേതാക്കള്‍ പലകുറി ചിന്തിക്കേണ്ടിയിരുന്നു.ഗോള്‍വാള്‍ക്കര്‍ മുസ്‌ലിംലീഗിനെപ്പറ്റി ഇപ്പറഞ്ഞതുകൂടി ഇ അഹമ്മദ് കേട്ടാല്‍ കൊള്ളാം: ”മുസ്‌ലിംലീഗ് അതിന്റെ വൃത്തികെട്ട തല തെക്കുദിക്കില്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.

വടക്ക് പാകിസ്താന്റെ സൃഷ്ടി ഹിന്ദുക്കള്‍ക്കു താല്‍ക്കാലികമായിട്ടെങ്കിലും മുസ്‌ലിംലീഗിന്റെ വിപത്ത് ബോധ്യമാക്കിക്കൊടുത്തു. അതിനാല്‍ ലീഗ് നേതാക്കള്‍ തങ്ങളുടെ തലസ്ഥാനം തെക്കോട്ടു മാറ്റി. ഈ വര്‍ഷങ്ങളിലത്രയും തങ്ങളുടെ പ്രവൃത്തികള്‍ രഹസ്യമായി നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന പ്രസ്താവനയുമായി അവര്‍ പുറത്തുവന്നിരിക്കുകയാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ തറപറ്റിച്ച ബഹുജന പ്രക്ഷോഭം പൊതുരംഗത്തുവരാന്‍ അവര്‍ക്കൊരു സുവര്‍ണാവസരം പ്രദാനം ചെയ്തു. തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പും അവര്‍ക്കനുകൂലമായ ഒരു കാറ്റായിരുന്നു.

മുസ്‌ലിംലീഗിനെ പ്രീണിപ്പിച്ച് നാടിനെ വിഭജനമെന്ന കൊടും വിപത്തില്‍ ചാടിച്ച പഴയ അനുഭവത്തില്‍നിന്ന് മറ്റൊന്നും പഠിക്കാതെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കാലത്ത് ഒരിക്കല്‍ക്കൂടി രണ്ടു കൈയും നീട്ടി മുസ്്‌ലിം ലീഗിനെ ആലിംഗനം ചെയ്തു. ദേശീയവിരുദ്ധമെന്നു സ്പഷ്ടമായ തങ്ങളുടെ ഈ നീക്കത്തെ ന്യായീകരിക്കുന്നതിനായി ജവഹര്‍ലാല്‍ നെഹ്‌റു, അത് പഴയ മുസ്‌ലിംലീഗല്ലെന്നും സ്വന്തം സമുദായത്തെയും മതത്തെയും സേവിക്കുന്നതില്‍ ബദ്ധശ്രദ്ധരായ ദേശഭക്തരുടെ പുതിയൊരു കക്ഷിയാണെന്നുമുള്ള രാജ്യസ്‌നേഹത്തിന്റെ ഒരു പ്രമാണപത്രം മുസ്‌ലിംലീഗിനു നല്‍കുകയും ചെയ്തു. രാജ്യസ്‌നേഹത്തിനു എന്തൊരദ്ഭുതകരമായ നിര്‍വചനം.”അധികാരം എന്നും മുസ്‌ലിംലീഗിനെ മത്തുപിടിപ്പിച്ചിട്ടേയുള്ളൂ. അഹമ്മദുമാരിലൂടെ മിര്‍ ജാഫര്‍മാര്‍ പുനര്‍ജനിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെ സംഘപരിവാരങ്ങള്‍ക്ക് എം സി ചഗ്ലയ്ക്കും അബ്ദുല്‍കലാമിനും ശേഷം ദേശസ്‌നേഹിയായ മറ്റൊരു മുസല്‍മാനെയും കൂടി ലഭ്യമായിരിക്കുന്നു ഇ അഹമ്മദിലൂടെ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക