|    Jan 19 Thu, 2017 2:23 pm
FLASH NEWS

ലീഗ്‌രാഷ്ട്രീയത്തിന്റെ തന്ത്രജ്ഞന്‍ കുഞ്ഞാലിക്കുട്ടി

Published : 20th April 2016 | Posted By: SMR

മുജീബ് പുള്ളിച്ചോല

മലപ്പുറം: ഇത്, പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയെന്ന പി കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിംലീഗ് രാഷ്ട്രിയത്തിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയുന്ന ആശാന്‍. ലീഗ് അണികളുടെ പ്രിയപ്പെട്ട ‘കുഞ്ഞാപ്പ’. നിലവില്‍ പാര്‍ട്ടിയുടെ ദേശീയ ഖജാഞ്ചിയാണെങ്കിലും മുസ്‌ലിം ലീഗെന്ന രാഷ്ട്രീയപാര്‍ട്ടിയുടെ വാര്‍ഡ്തലം തൊട്ട് ദേശീയ കാര്യങ്ങളില്‍ വരെ നയനിലപാടുകള്‍ രൂപപ്പെടുത്തുന്ന രാഷ്ട്രീയ ചാണക്യന്‍.
പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജി – കെ പി ഫാത്തിമക്കുട്ടി ദമ്പതികളുടെ മകനായി 1951 ജനുവരി ആറിന് പാണക്കാടിനടുത്തുള്ള ഊരകത്ത് ജനിച്ചു. പാണക്കാട് തങ്ങള്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുഹമ്മദ് ഹാജിയിലൂടെ മകന്‍ കുഞ്ഞാലിക്കുട്ടി കൊടപ്പനയ്ക്കല്‍ തറവാടുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അതുവഴി ലീഗ് രാഷ്ട്രീയത്തിന്റെ കോണിപ്പടികള്‍ ചവിട്ടിക്കയറി. എംഎസ്എഫിലൂടെ രാഷ്ട്രിയത്തിലേക്ക്. 1980ല്‍ മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാനായി. പിന്നീട് പി കെ കുഞ്ഞാലിക്കുട്ടിയെന്ന രാഷ്ട്രീയക്കാരന്റെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു.
ഭാഷാ സമരത്തിലൂടെ ലീഗിന് ആദ്യമായി മൂന്ന് രക്തസാക്ഷികളുണ്ടായ വര്‍ഷം. കേസില്‍ മുഖ്യ പ്രതിയായതോടെ ഹരിത രാഷ്ട്രിയത്തിലെ മുടിചൂടാമന്നനായി വളര്‍ന്നു. 1982ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലും 87ലും മലപ്പുറത്ത് നിന്ന് വിജയിച്ചു. 1991, 96, 2001 വര്‍ഷങ്ങളില്‍ കുറ്റിപ്പുറത്തുനിന്നു ഹാട്രിക് ജയം. 2006ലെ നാലാം അങ്കത്തില്‍ കുറ്റിപ്പുറത്ത് കാലിടറി.
കേരള രാഷ്ടീയത്തെ പിടിച്ചുലച്ച ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി. യൂത്ത്‌ലീഗ് മുന്‍ നേതാവും ശിഷ്യനുമായ കെ ടി ജലീലിനോട് 8,781 വോട്ടിന് അടിയറവ് പറഞ്ഞു. ലീഗും കുഞ്ഞാലിക്കുട്ടിയും മറക്കാനാഗ്രഹിക്കുന്ന ആ തോല്‍വി പക്ഷേ, ഒരു ചവിട്ടുപടിയായിരുന്നു. പ്രവര്‍ത്തകര്‍ക്ക് ഏറ്റവും പരിചിതനായി ആര്‍ക്കും മാറ്റിനിര്‍ത്താനാവാത്ത നേതാവായി കുഞ്ഞാലിക്കുട്ടി വീണ്ടും വളര്‍ന്നു. കുറ്റിപ്പുറം മണ്ഡലം ഇപ്പോഴില്ല. വിമര്‍ശകര്‍ പറയുന്നതുപോലെ, ലീഗിന്റെ കണ്ണിലെ കരടായ കുറ്റിപ്പുറത്തെ നിളയിലേക്ക് എറിഞ്ഞ് കുറ്റിപ്പുറത്തിനോട് പകരം വീട്ടി.
മണ്ഡല പുനര്‍ നിര്‍ണയത്തില്‍ കുറ്റിപ്പുറം ഇല്ലാതായതോടെ നിലവില്‍വന്ന തവനൂരില്‍ പഴയ ശിഷ്യന്‍ കെ ടി ജലീല്‍ ഇടത് എംഎല്‍എയായുണ്ട്. 2011ല്‍ വേങ്ങര മണ്ഡലം പിറന്നപ്പോള്‍ അവിടെ നിന്നു എംഎല്‍എയായി. കുറ്റിപ്പുറം സമ്മാനിച്ച മുറിപ്പാടുകളുമായി വേങ്ങരയിലേക്ക് കളംമാറിയ മുസ്‌ലിം ലീഗിന്റെ പടത്തലവന് കഴിഞ്ഞ തവണ 38,237 വോട്ടിന്റെ ഭൂരിപക്ഷമാണ് വേങ്ങര സമ്മാനിച്ചത്. വേങ്ങരയില്‍നിന്നു രണ്ടാം അങ്കത്തിനാണ് ‘കുഞ്ഞാപ്പ’ ഇറങ്ങുന്നത്. ലീഗ് ഉള്‍ക്കൊള്ളുന്ന മുന്നണിയാണ് ഭരണത്തിലെത്തുന്നതെങ്കില്‍ ഒന്നാമനായും രണ്ടാമനായും ഈ രാഷ്ട്രീയ ചാണക്യന്‍ കളംനിറഞ്ഞ് കളിക്കും. അണികള്‍ക്ക് ഒഴിച്ചുകൂടനാവാത്ത നേതാവാണ് ഇന്ന് കുഞ്ഞാലിക്കുട്ടി. ‘അത് വല്യ ഇഷ്യൂ’ ആക്കെണ്ടന്നു നെറ്റി ചുളിച്ച് പ്രവര്‍ത്തകരോട് പറഞ്ഞാല്‍ ലീഗിലെ പ്രശ്‌നങ്ങള്‍ തീരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 319 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക