|    Apr 27 Fri, 2018 6:41 am
FLASH NEWS

ലീഗുമായി അകലുന്നു; സമസ്തയും ഇടത്തോട്ട്

Published : 6th June 2016 | Posted By: SMR

ആബിദ്

കോഴിക്കോട്: പതിറ്റാണ്ടുകളായി മുസ്‌ലിംലീഗിനെ പിന്തുണച്ചിരുന്ന സമസ്തയും ലീഗും തമ്മിലുള്ള അകലം വര്‍ധിക്കുന്നതായി സൂചന. യുവനേതൃത്വമാണ് സമസ്തയെ ലീഗിന്റെ ആലയില്‍ മാത്രം ഒതുക്കേണ്ടതില്ലെന്നും ഇടതുപക്ഷവുമായും നീക്കുപോക്കുകള്‍ ആവാമെന്നുമുള്ള പുതിയ നിലപാടുമായി രംഗത്തുവന്നത്. ഇതിന്റെ ഭാഗമായി ചില നേതാക്കള്‍ തിരഞ്ഞെടുപ്പിനു മുമ്പ് പിണറായി വിജയനുള്‍പ്പെടെയുള്ള ഇടതു നേതാക്കളുമായി ചര്‍ച്ച നടത്തുകയും ലീഗ് മല്‍സരിക്കാത്ത പല മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് അനുകൂല നിലപാടു സ്വീകരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന സമസ്തയിലെ രണ്ട് യുവനേതാക്കളെ ലീഗ് ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഇവര്‍ കാര്യമായ വിവരങ്ങളൊന്നും കൈമാറിയില്ല. മുസ്‌ലിംലീഗ് നേതാക്കള്‍ക്ക് കാന്തപുരം വിഭാഗവുമായി ചര്‍ച്ചയാവാമെങ്കില്‍ തങ്ങള്‍ക്ക് ഇടതു നേതാക്കളുമായി ചര്‍ച്ച നടത്താമെന്നാണ് സമസ്തയിലെ ഒരുവിഭാഗം നേതാക്കളുടെ നിലപാട്. ഇടതിനു നല്‍കിയ പിന്തുണയ്ക്കുള്ള നന്ദിസൂചകമായി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് യുവനേതാക്കള്‍ക്ക് വിവിഐപി പാസ് നല്‍കിയതായും വിവരമുണ്ട്.
ലീഗുമായി കുറെക്കാലമായി ഉടലെടുത്ത ഭിന്നത കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ മറനീക്കി പുറത്തുവന്നിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന ലീഗനുകൂല നിലപാടാണു സ്വീകരിച്ചത്. കാന്തപുരം വിഭാഗം മണ്ണാര്‍ക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ലീഗിനെതിരേ പരസ്യ നിലപാടെടുത്തതോടെ ലീഗ് സ്ഥാനാര്‍ഥികളെ പിന്‍തുണയ്ക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍, ഫലപ്രഖ്യാപനത്തിനു ശേഷം ജയിക്കാന്‍ താന്‍ ഒരു സമുദായ നേതാവിന്റെയും തിണ്ണനിരങ്ങിയിട്ടില്ലെന്ന കെ എം ഷാജിയുടെ പ്രസ്താവന സമസ്തയെക്കൂടി ഉദ്ദേശിച്ചാണെന്ന ധാരണ യുവനേതാക്കളില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തിരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ തോല്‍പ്പിക്കാന്‍ പരസ്യമായി രംഗത്തുവന്ന കാന്തപുരത്തിനെതിരേ ശക്തമായ നിലപാടെടുക്കാതിരിക്കുക കൂടി ചെയ്തതതോട ഈ എതിര്‍പ്പ് കൂടുതല്‍ രൂക്ഷമായി. നിലവിളക്ക് വിവാദത്തില്‍ കെ എം ഷാജി, എം കെ മുനീര്‍, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി തുടങ്ങിയവരുടെ നിലപാടുകള്‍ നേരത്തെതന്നെ സമസ്തയെ പ്രകോപിപ്പിച്ചിരുന്നു. ഇത്തരം വിഷയങ്ങളില്‍ സമസ്തയുടെ നിലപാടുകളെ ബഹുമാനിക്കുകയെങ്കിലും ചെയ്യാമായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം. അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ എതിരുനിന്നതും ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാത്തതുമെല്ലാം ഈ നിലപാടുകള്‍ക്കു ശക്തിപകര്‍ന്നു. സമസ്തയ്ക്ക് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞ പല മഹല്ലുകളിലും അധികാര കൈമാറ്റം സംബന്ധിച്ച് വഖ്ഫ് ബോര്‍ഡിന് ശക്തമായ നിലപാടെടുക്കാനാവാതിരുന്നതും ഈ വിഭാഗത്തെ ചൊടിപ്പിച്ചു. തര്‍ക്കങ്ങളുണ്ടായ പല മഹല്ലുകളിലും പോലിസ് കാന്തപുരം വിഭാഗത്തിന് അനുകൂല നിലപാടെടുത്തു എന്ന ആരോപണം കോണ്‍ഗ്രസ്സിനെതിരായ വികാരം ശക്തിപ്പെടുത്തി. കല്‍പ്പറ്റ, കൂത്തുപറമ്പ്, വടകര, നിലമ്പൂര്‍, മാനന്തവാടി, കണ്ണൂര്‍, പട്ടാമ്പി തുടങ്ങിയ മണ്ഡലങ്ങളില്‍ സമസ്തയുടെ വോട്ടുകള്‍ ഇടതുപക്ഷത്തിനു ചോര്‍ന്നതായ സംശയം ലീഗിനുണ്ട്.
ഈ മണ്ഡലങ്ങളില്‍ ചില സമസ്ത നേതാക്കള്‍ ഇടതുപക്ഷവുമായി രഹസ്യധാരണ ഉണ്ടാക്കിയിരുന്നു എന്ന വിലയിരുത്തലാണ് ലീഗിനുള്ളത്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ഉറച്ച നിലപാടും വിശ്വാസ്യതയും ഇടതുപക്ഷത്തിനാണുള്ളതെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതു വിവാദമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ താല്‍ക്കാലികമായി വെടിനിര്‍ത്തലുണ്ടാവുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കാന്തപുരത്തിന്റെ പരസ്യമായ ലീഗ്‌വിരുദ്ധ നിലപാടു കാരണം ലീഗിനെ സഹായിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്‌തെങ്കിലും ഈ വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ലീഗ് നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ഭരണം മാറിയാലും വഖ്ഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി തുടങ്ങിയ സര്‍ക്കാര്‍ സമിതികളില്‍ സമസ്തയ്ക്കു കൂടി പ്രാതിനിധ്യമുണ്ടാവുന്നതിന് ഇടത് അനുകൂല നീക്കം ഗുണകരമാവുമെന്നും ഈ വിഭാഗം വിശ്വസിക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് കാന്തപുരത്തെ വിമര്‍ശിച്ച് പാര്‍ട്ടിപ്പത്രത്തില്‍ ലേഖനമെഴുതിയെങ്കിലും അതു കാര്യമായെടുക്കേണ്ടെന്ന നിലപാടിലാണ് സമസ്ത നേതാക്കള്‍. ഭരണത്തിലിരുന്ന അഞ്ചുവര്‍ഷവും കാന്തപുരത്തെ പ്രീണിപ്പിച്ച ശേഷം ഇപ്പോഴുള്ള നിലപാടുമാറ്റം ആത്മാര്‍ഥമല്ലെന്നാണ് ഇവര്‍ പറയുന്നത്. ചരിത്രത്തില്‍ ആദ്യമായി സമസ്തയുടെ ജനറല്‍ സെക്രട്ടറി ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചതും ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയാക്കിയതിന്റെ പേരില്‍ സര്‍ക്കാരിനെതിരേ പ്രതികരിക്കണമെന്ന ആവശ്യം എസ്‌കെഎസ്എസ്എഫ് തള്ളിയതുമെല്ലാമാണ് ലീഗ് ഇപ്പോള്‍ കാന്തപുരത്തിനെതിരേ തിരിയാന്‍ കാരണമായെതെന്നാണു വിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss