|    Mar 20 Tue, 2018 7:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലീഗും സമസ്തയും വീണ്ടും ഇടയുന്നു

Published : 30th July 2016 | Posted By: SMR

സമീര്‍ കല്ലായി

മലപ്പുറം: മുസ്‌ലിംലീഗുമായി സുന്നി ഇകെ വിഭാഗം വീണ്ടും ഇടയുന്നു. എംഎസ്എഫ് സംസ്ഥാന സമ്മേളനം ഇന്ന് കണ്ണൂരില്‍ തുടങ്ങാനിരിക്കെയാണ് ഏറ്റുമുട്ടല്‍. സമസ്തയുടെ കണ്ണിലെ കരടായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷറഫലി വീണ്ടും പ്രസിഡന്റാവുന്നത് തടയുകയാണ് ലക്ഷ്യമെന്നറിയുന്നു.
എംഎസ്എഫില്‍നിന്ന് വിടവാങ്ങുന്നവര്‍ യൂത്ത്‌ലീഗ് സംസ്ഥാന നേതൃത്വത്തിലെത്തുന്നതു പതിവാണ്. അഷറഫലിയുടെ കാര്യത്തില്‍ ഇതു തടയാനാണ് ഇകെ വിഭാഗത്തിന്റെ ശ്രമം. അഷറഫലിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമസ്ത ജന. സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ല്യാരുടെ നേതൃത്വത്തില്‍ നടന്ന സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മുസ്‌ലിംലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് അഞ്ചു യുവനേതാക്കളുടെ പ്രതികരണവും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായ്, എസ്‌കെഎസ്എസ്എഫ് വൈസ് പ്രസിഡന്റ് ഒണമ്പള്ളി മുഹമ്മദ് ഫൈസി, ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവരുടെ പ്രതികരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കെ പി എ മജീദിനെഴുതിയ കത്തില്‍ അഷറഫലിക്കെതിരേ നടപടിയെടുക്കണമെന്ന് ശക്തമായ ഭാഷയില്‍ ആവശ്യപ്പെടുന്നുണ്ട്.
വിവാഹപ്രായ വിഷയത്തില്‍ ഇസ്‌ലാമിക ശരീഅത്തിനെ വിമര്‍ശിക്കുന്ന നിലപാടായിരുന്നു അഷറഫലിയുടേതെന്നാരോപിച്ചാണ് സമസ്ത നേതാക്കള്‍ ആദ്യം രംഗത്തെത്തിയത്. എന്നാല്‍, വിഷയത്തില്‍ താന്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്നതാണ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയം കാണിക്കുന്നതെന്ന് അഷറഫലി പൊതുചടങ്ങില്‍ പ്രസംഗിച്ചതോടെ പ്രശ്‌നം വീണ്ടും വഷളായി. തലേക്കെട്ടും തൊപ്പിയും വച്ച കുത്തിത്തിരിപ്പുകാര്‍, അഭിനവ കാന്തപുരം, ജൂനിയര്‍ കാന്തപുരം, ഉത്തരം താങ്ങുന്ന പല്ലികള്‍, ലീഗ് വിരുദ്ധര്‍, ആജന്മ മുജ്ജന്മ ശത്രു തുടങ്ങിയ പരാമര്‍ശങ്ങളുള്ള അഷറഫലിയുടെ ഫേസ്ബുക്ക് പോസ്റ്റും വിവാദമായി. ഇക്കാര്യത്തില്‍ ലീഗ് നേതൃത്വവുമായി ചര്‍ച്ച നടന്നപ്പോള്‍ ഡിജിപിയോട് ഫേസ്ബുക്ക് പോസ്റ്റിട്ടത് അഷറഫലി തന്നെയാണോയെന്ന് കണ്ടെത്തണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചിരുന്നു.
വിഷയത്തില്‍ അന്വേഷണം നടത്തിയ മലപ്പുറം എസ്പി ഫേസ്ബുക്ക് പോസ്റ്റ് അഷറഫലിയുടേതു തന്നെയാണെന്ന് കണ്ടെത്തിയെന്നാണ് സമസ്ത നേതാക്കള്‍ പറയുന്നത്. സമസ്തയുടെയും ലീഗിന്റെ പാണക്കാട് തങ്ങളടക്കമുള്ള നേതാക്കളെയും പരസ്യമായി വിമര്‍ശിച്ചിട്ടും എന്തുകൊണ്ട് നടപടിയുണ്ടാവുന്നില്ല. നടപടിയെടുക്കാന്‍ ആരെയാണ് ഭയപ്പെടുന്നത്. പാര്‍ട്ടിയില്‍ ഉയര്‍ന്ന മറ്റാരെങ്കിലും താങ്കളെ നിയന്ത്രിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. കളവു പറഞ്ഞ അഷറഫലിയെപ്പോലുള്ളവര്‍ നേതൃസ്ഥാനത്ത് തുടരുന്നത് അനുവദിക്കണമോയെന്നും സമസ്തയുടെയും ലീഗിന്റെയും സമുന്നതരായ നേതാക്കളെടുത്ത തീരുമാനം നടപ്പാക്കാതെ പോവുന്നത് നല്ല പ്രവണതയാണോയെന്നും കത്തില്‍ ചോദിക്കുന്നു. പ്രശ്‌നപരിഹാരമുണ്ടാവാത്ത പക്ഷം മുസ്‌ലിം ലീഗിനെയും സുന്നത്ത് ജമാഅത്തിനെയും ഒരുപോലെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാക്കുന്ന കടുത്ത തീരുമാനമെടുക്കേണ്ടിവരുമെന്നും യുവ നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss