|    Jan 19 Thu, 2017 4:14 pm
FLASH NEWS

ലീഗിലെ കലാപം തടയാനാവാതെ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍

Published : 16th October 2015 | Posted By: RKN

ജെസി എം ജോയ്

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ലീഗിലെ കലാപക്കൊടിക്കു മുന്നില്‍ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ മുട്ടുമടക്കുന്നു. മണ്ണാര്‍ക്കാടിന്റെ മലപ്പുറമായി അറിയപ്പെടുന്ന കോട്ടോപ്പാടത്ത് ലീഗിലെ വിഭാഗീയത തുടങ്ങിയിട്ട് കാലങ്ങളായി. നിയോജക മണ്ഡലം മുതല്‍ സംസ്ഥാനം വരെയുള്ള നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണ് കോട്ടോപ്പാടത്ത് ലീഗിലെ വിഭാഗീയത ആളികത്തുന്നതില്‍ എത്തിച്ചത്. പഞ്ചായത്ത് കമ്മിറ്റിയിലെ ഒന്നോ രണ്ടോ പേര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം തക്കസമയത്ത് ഇടപ്പെട്ട് തീര്‍ക്കുന്നതിന് പകരം നേതൃത്വത്തിന്റെ ഗ്രൂപ്പിസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണ് കോട്ടോപ്പാടത്തെ ലീഗിലെ പ്രശ്‌നം കൂട്ടതല്ലിലെത്തിച്ചത്. ഇതിന് ജില്ലാ നേതൃത്വത്തിലെ ചില നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ആരോപണമുണ്ട്.

ഗ്രൂപ്പിസം പഞ്ചായത്തില്‍ ലീഗിനെ വെട്ടിമുറിക്കുന്ന തരത്തിലേക്ക് വളര്‍ന്നു. നേതൃത്വം ഉണര്‍ന്നുപ്രവര്‍ത്തികേണ്ടിയിരുന്നിടത്ത് ഉറക്കം നടിച്ചതിന്റെ വിലയാണ്  കിട്ടികൊണ്ടിരിക്കുന്നതെന്ന് യു.ഡി.എഫുകാര്‍ തന്നെ അടക്കം പറയുന്നു. മറ്റു പഞ്ചായത്തുകളിലും രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളതു പോലെയുള്ള ഗ്രൂപ്പു തര്‍ക്കമല്ലാ ഇവിടെയുള്ളത്. മറ്റു സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന തര്‍ക്കങ്ങള്‍ അതു കഴിയുന്നതോടെ തീരുകയാണ് പതിവ്. എന്നാല്‍ കോട്ടോപ്പാടത്തെ ലീഗില്‍ ഗ്രൂപ്പു പോര് പരമ്പരാഗതവൈരമായാണ് നിലനില്‍ക്കുന്നതെന്നാണ് യാഥാര്‍ഥ്യം. ഇത് ലീഗിന്റെ വളര്‍ച്ചയെക്കാള്‍ വേഗത്തില്‍ അണികളിലേക്കും ആളി പടരുകയാണ്. കോട്ടോപ്പാടത്തെ ഗ്രൂപ്പു തര്‍ക്കത്തിന് എന്താണു തുടക്കം എന്നു പോലും ആര്‍ക്കും അറിയാത്ത സാഹചര്യമാണ്.

എന്നാല്‍ ലീഗ് ഇവിടെ രണ്ട് ചേരിയായിട്ട് വര്‍ഷങ്ങളായിയെന്ന് ആദ്യകാല നേതാക്കള്‍ തന്നെ അടക്കം പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കോണി ചിഹ്‌നത്തില്‍ വിജയിച്ചവരെ കാഴ്ചക്കരാക്കി നിര്‍ത്തി വിമത ലീഗ് പഞ്ചായത്ത് ഭരിച്ചു. ഇതു തടയാനോ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ നടപടി എടുക്കാനോ നേതൃത്വത്തിന് കഴിഞ്ഞില്ല. സംസ്ഥാന കമ്മിറ്റി പല നേതാക്കളെയും അനുരഞ്ജന ചര്‍ച്ചയ്ക്ക് കോട്ടോപ്പാടത്തേക്ക് വിട്ടെങ്കിലും അവര്‍ക്കൊന്നും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ട് വിഭാഗത്തെയും ഒന്നിച്ചു കൊണ്ടുപോകാന്‍ ലീഗ് നേതൃത്വത്തിന് കഴിയില്ലെന്നുറപ്പാണ്. ഒരു വിഭാഗത്തിന് എതിരെ നടപടി എടുത്താല്‍ മറുവിഭാഗം ശക്തമാകുകയും ലീഗ് കുടുതല്‍ വഷളാകുകയും ചെയ്യും. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ അത്തരമൊരു കടുംകയ്യിന് നേതൃത്വം ഒരുങ്ങില്ലെന്നാണ് കരുതേണ്ടത്.

അതേസമയം വിമത പക്ഷത്തിന് എതിരെ നടപടി വേണമെന്ന കര്‍ശന നിലപാടിലാണ് ഔദ്യോഗിക പക്ഷം. ഏത് വെല്ലുവിളിയും നേരിടാനാവുന്ന കരുക്കളുമായാണ് മറുവിഭാഗവും മുന്നോട്ടു പോകുന്നത്. നിലവില്‍ 14 വാര്‍ഡുകളിലും രണ്ട് ബ്ലോക്ക് വാര്‍ഡുകളിലും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷിനിലും ലീഗ് സ്ഥാനാര്‍ഥിക്കു പുറമെ വിമത ലീഗും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. 17നു മുമ്പ് പ്രശ്‌നം പരിഹരിക്കപ്പെട്ടിങ്കില്‍ എല്ലാ വാര്‍ഡുകളിലും മല്‍സരിക്കാന്‍ പാകത്തില്‍ സ്വതന്ത്രരെയും വിമത ലീഗ് നിര്‍ത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ വലിയൊരു പിന്തുണ വിമത ലീഗിനുണ്ടെന്നാണ് വിവരം. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് തെക്കന്‍ അസ്മാഹബിക്ക് എതിരെ ലീഗ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചയെക്കെടുത്തപ്പോള്‍ ക്വാറം തികയാതെ വിട്ടു നിന്നാണ് സിപിഎം ആ കൂറു കാണിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക