|    Jul 20 Fri, 2018 2:11 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലീഗിലും കളം പിടിക്കാന്‍ വമ്പന്‍മാര്‍

Published : 16th September 2017 | Posted By: fsq

 

ലണ്ടന്‍: ചാംപ്യന്‍സ് ലീഗിന്റെയും യൂറോപ്പ ലീഗിന്റെയും കളിയാവേശത്തിന് തല്‍ക്കാലത്തേക്ക് വിരാമമിട്ട് യൂറോപ്യന്‍ ഫുട്‌ബോള്‍ ആരവത്തിന് ഇന്ന് വീണ്ടും കളമൊരുങ്ങും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ബേണ്‍ലിയെയും മാഞ്ചസ്റ്റര്‍ സിറ്റി വാട്‌ഫോര്‍ഡിനേയും ടോട്ടനം സ്വാന്‍സിയേയും നേരിടുമ്പോള്‍ സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണ ഖത്താഫയേയും നേരിടും.ജര്‍ഗന്‍ ക്ലോപ് തന്ത്രങ്ങളോതുന്ന ലിവര്‍പൂള്‍ നിരയ്ക്ക് ഇന്നത്തെ മല്‍സരത്തില്‍ ജയം അനിവാര്യമാണ്. പ്രീമിയര്‍ ലീഗിലെ അവസാന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത അഞ്ച് ഗോളിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ലിവര്‍പൂള്‍ ജയത്തോടെ തിരിച്ചുവരാനുറച്ചാവും ബേണ്‍ലിക്കെതിരെ ബൂട്ട്‌കെട്ടുക. നിലവിലെ പട്ടികയില്‍ ബേണ്‍ലി ഏഴാം സ്ഥാനത്തും ലിവര്‍പൂള്‍ എട്ടാം സ്ഥാനത്തുമാണ്.അതേസമയം മിന്നും ഫോമില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇന്നത്തെ എതിരാളി വാട്‌ഫോര്‍ഡാണ്. ലിവര്‍പൂളിനെ മറുപടിയില്ലാതെ അഞ്ച് ഗോളിന് തറപറ്റിച്ച കളിമികവിന്റെ കരുത്ത് സിറ്റി വാട്‌ഫോര്‍ഡിനെതിരെയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. സതാംപ്ടനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് വാട്‌ഫോര്‍ഡ് കളിക്കിറങ്ങുന്നത്. മറ്റൊരു മല്‍സരത്തില്‍ ടോട്ടനത്തിന്റെ ഇന്നത്തെ എതിരാളികള്‍ സ്വാന്‍സിയയാണ്.  അവസാന മല്‍സരത്തില്‍ എവര്‍ട്ടനെ എതിരില്ലാത്ത മൂന്ന് ഗോളിന് പൂട്ടിയ ടോട്ടനം പട്ടികയിലെ അഞ്ചാം സ്ഥാനക്കാരാണ്. അവസാന സീസണിലെ രണ്ടാം സ്ഥാനക്കാരനായ ടോട്ടനത്തിന് ആദ്യ നാലില്‍ ഇടം പിടിക്കാന്‍ ഇന്നത്തെ ജയം അനിവാര്യമാണ്. എന്നാല്‍ ന്യൂകാസ്റ്റില്‍ യുനൈറ്റഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി വഴങ്ങിയാണ് സ്വാന്‍സിയ ടോട്ടനത്തിനെതിരെ ഇറങ്ങുന്നത്. സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണയും ഇന്ന് ബൂട്ടണിയും. തകര്‍പ്പന്‍ ജയങ്ങളോടെ പട്ടികയുടെ തലപ്പത്ത് നില്‍ക്കുന്ന ബാഴ്‌സലോണയുടെ ഇന്നത്തെ എതിരാളി 10ാം സ്ഥാനക്കാരായ ഖത്താഫെയാണ്. ലീഗില്‍ മിന്നും ഫോം തുടരുന്ന ലയണല്‍ മെസ്സിയുടെ കളിമികവില്‍ തന്നെയാവും ബാഴ്‌സലോണയുടെ പ്രതീക്ഷ.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss