|    Nov 20 Mon, 2017 1:09 am
FLASH NEWS

ലീഗല്‍ സര്‍വീസ് അതോറിറ്റി സ്റ്റാളില്‍ തിരക്കേറുന്നു

Published : 11th August 2017 | Posted By: fsq

 

അമ്പലവയല്‍: അന്താരാഷ്ട്ര ചക്കമഹോല്‍സവത്തോടനുബന്ധിച്ച് കാര്‍ഷിക ഗവേഷണ കേന്ദത്തില്‍ തുടങ്ങിയ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസഹായ ക്ലിനിക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നു. പൊതുജനങ്ങള്‍ക്ക് സൗജന്യമായി രാവിലെ 9 മുതല്‍ വൈകീട്ട് 9 വരെ ഇവിടെ നിന്നു നിയമസഹായം ലഭിക്കും. രണ്ട് അഭിഭാഷകരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ ജഡ്ജി ഡോ. വി വിജയകുമാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങള്‍ക്ക് നേരിട്ട് ഇവിടെ പരാതി നല്‍കുന്നതിനുള്ള സൗകര്യവുമുണ്ട്. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസഹായം സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതു ലക്ഷ്യമിട്ടാണ് പ്രദര്‍ശന മേളയിലുള്ള സ്റ്റാളില്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഇതിനകം ആയിരത്തോളം പേര്‍ ഈ സ്റ്റാള്‍ സന്ദര്‍ശിച്ചു. ഡിഎല്‍എസ്എയുടെ മുപ്പതോളം പാരാലീഗല്‍ വോളന്റിയര്‍മാര്‍ ഇവിടെ സഹായത്തിനുണ്ട്. നിയമവുമായി ബന്ധപ്പെട്ട സൗജന്യ ലഘുലേഖയും പുസ്തകവും ഇവിടെ നിന്നു വിതരണം ചെയ്യുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് നിയമത്തെക്കുറിച്ചും കോടതി നടപടികളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിന് പ്രത്യേകമായ ഇടപെടലുകളാണ് വയനാട് ലീഗല്‍ സര്‍വീസസ് അതോറിറ്റി നടത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ചതും ദേശീയാടിസ്ഥാനത്തില്‍ രണ്ടാമത്തേതുമായ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്ന ബഹുമതിയും ഇതിനകം വയനാട് ഡിഎല്‍എസ്എയെ തേടിയെത്തിയിരുന്നു. നീതി വീട്ടുപടിക്കല്‍ എന്ന സന്ദേശവുമായി ജില്ലയിലെ മുഴുവന്‍ ഗ്രാമങ്ങളിലും ലീഗല്‍ സര്‍വീസസ് അതോറിറ്റി സഹായവുമായി എത്തിയിരുന്നു. ആദിവാസി കോളനികളുടെയും ഗോത്രവിഭാഗത്തിന്റെയും വികാസത്തിനായി പ്രത്യേക നിയമസഹായ ക്ലിനിക്കുകള്‍ ഇവര്‍ നടത്തിയിരുന്നു. സ്ത്രീകള്‍ കുട്ടികള്‍ അവശവിഭാഗങ്ങള്‍ പ്രകൃതി ദുരന്തത്തിനിരയാവുന്നവര്‍ എന്നിവര്‍ക്കെല്ലാം പ്രത്യേകമായ നിയമസഹായ ക്യാംപുകളും ഇതിനകം നടത്തിയിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് പരമോന്നത നീതിപീഠമായ സുപ്രിംകോടതിയില്‍ സൗജന്യ നിയമസഹായവും ലീഗല്‍ സര്‍വീസസ് അതോറിറ്റി നല്‍കുന്നു. വിവിധ തലങ്ങളിലെ നീതിന്യായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ലോക് അദാലത്തുകളും നടത്തുന്നു. വിവിധ കേസുകളില്‍ മധ്യസ്ഥത ഇടപെടലുകള്‍ നടത്തി കേസുകള്‍ ഒത്തുതീര്‍ക്കുന്നതിനും ഡിഎല്‍എസ്എ മുന്‍കൈയെടുക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക