|    Nov 17 Sat, 2018 6:25 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ലിബറല്‍ കുഴിബോംബുകള്‍

Published : 29th December 2015 | Posted By: SMR

 

കേരളത്തിലെ മഹാഭൂരിപക്ഷം മുസ്‌ലിംകളുടെയും ഈ ദൈനംദിന വ്യവഹാരങ്ങളുടെ നിഷേധം മുസ്‌ലിം സ്വത്വത്തിന്റെയും നിലനില്‍പിന്റെയും തന്നെ നിരാസമാണ്. മുസ്‌ലിംകളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന വ്യവസ്ഥയോടുള്ള ഒരു കലഹത്തില്‍ അവരുടെ നിലനില്‍പിന്റെ അടിസ്ഥാനങ്ങളിലൊന്നിനെ അസന്നിഹിതമാക്കുന്നതിലൂടെ ലിബറല്‍ ഇടത്, യഥാര്‍ഥ ഭീഷണിയായ ഹിന്ദുത്വ അധികാരഘടനയെ ശക്തിപ്പെടുത്തുകയാണ്.


kiss of love1

കെ ടി ഹാഫിസ്

ലിബറല്‍ ഇടത് ഇടങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന രണ്ടു പ്രധാന സമരങ്ങളായിരുന്നു സദാചാര പോലിസിനെതിരേയുള്ള ചുംബനസമരവും ഫാഷിസത്തിനെതിരേയുള്ള മനുഷ്യസംഗമവും. രണ്ടു സമരങ്ങളും തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നു തെന്നിമാറി, ആരെയാണോ ഉന്നംവയ്ക്കുന്നത് അവരെ തന്നെ ശക്തിപ്പെടുത്തുകയായിരുന്നെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഫാഷിസത്തിനെതിരേയുള്ള മനുഷ്യസംഗമം മുസ്‌ലിം സംഘടനകളോട് അയിത്തം പ്രഖ്യാപിക്കുമ്പോള്‍ ഹൈന്ദവഭീകരതയുടെ പ്രാഥമിക ഇരകളിലൊന്നായ ഒരു സമുദായത്തെ അരക്ഷിതമായ ഒറ്റപ്പെടലിലേക്കും ഏതുവിധത്തിലും വേട്ടയാടപ്പെടാന്‍ അര്‍ഹമായ ഒരു പരിതസ്ഥിതിയിലേക്കും മാറ്റുന്നുണ്ട് കേരളത്തിലെ ഇടത് ലിബറല്‍ ചേരി.
മനുഷ്യസംഗമത്തിലേക്കു ക്ഷണിക്കപ്പെടാത്തതില്‍ ഒരു മുസ്‌ലിം സംഘടനയും പരാതി പറഞ്ഞിട്ടില്ല.

 

manusyasangamam1

 

പൊതുവില്‍ ലിബറല്‍ ഇടത് വ്യവഹാരങ്ങളില്‍ അവര്‍ പങ്ക് ചോദിക്കാറുമില്ല. അതോടൊപ്പം തന്നെ പലതലത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ലിബറല്‍ ഇടതു വ്യവഹാരങ്ങളും മുസ്‌ലിം സംഘടനകളും തമ്മില്‍ നടക്കുന്നുമുണ്ട്. മുസ്‌ലിം സമുദായത്തിലെ പുരോഗമന മുഖമുള്ള സംഘടനകള്‍ക്കൊക്കെ തന്നെ അവരുടെ പ്രവര്‍ത്തനമണ്ഡലത്തിനോടുള്ള അത്രതന്നെ കടപ്പാട് ലിബറല്‍ ഇടത് വ്യവഹാരങ്ങളോടുമുണ്ട്. എന്നാല്‍, ഒരു ഘട്ടത്തിലും തങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലാത്ത മുസ്‌ലിം സംഘടനകളെ മാറ്റിനിര്‍ത്തുന്നു എന്ന പ്രഖ്യാപനത്തിലൂടെയും അതു ന്യായീകരിക്കാനായി ഉയര്‍ത്തിയ വാദങ്ങളിലൂടെയും സാധ്യമാക്കുന്ന സാമൂഹിക ബഹിഷ്‌കരണം ലിബറല്‍ ഇടതിന്റെ ചില ആചാരങ്ങളെ വെളിവാക്കുന്നുണ്ട്.
മുസ്‌ലിം പാരമ്പര്യത്തിലെ പണ്ഡിത ശ്രേണികളോടു ചേര്‍ന്നുനില്‍ക്കുന്ന വ്യത്യസ്ത ധാരകളുടെ ആധുനിക രൂപമാണ് സംഘടനകള്‍. ഇവയ്ക്കകത്തു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ധാരകളില്‍ ഏതെങ്കിലും ഒന്നിനോടു ചേര്‍ന്നോ വിയോജിച്ചുകൊണ്ടോ മാത്രമേ കേരളത്തില്‍ മുസ്‌ലിം ജീവിതം സാധ്യമാവൂ എന്നത് ആധുനികതയുടെ ഒരു പ്രതിസന്ധികൂടിയാണ്. ഇങ്ങനെ മുസ്‌ലിം ദൈനംദിന വ്യവഹാരങ്ങളെ നിര്‍ണയിക്കുന്ന സംഘടനാ ഇടപാടുകളിലൂടെയാണ് അവരുടെ മത ജീവിതം മുതല്‍ രാഷ്ട്രീയജീവിതം വരെ വികസിക്കുന്നത്.

കേരളത്തിലെ മഹാഭൂരിപക്ഷം മുസ്‌ലിംകളുടെയും ഈ ദൈനംദിന വ്യവഹാരങ്ങളുടെ നിഷേധം മുസ്‌ലിം സ്വത്വത്തിന്റെയും നിലനില്‍പിന്റെയും തന്നെ നിരാസമാണ്. മുസ്‌ലിംകളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന വ്യവസ്ഥയോടുള്ള ഒരു കലഹത്തില്‍ അവരുടെ നിലനില്‍പിന്റെ അടിസ്ഥാനങ്ങളിലൊന്നിനെ അസന്നിഹിതമാക്കുന്നതിലൂടെ ലിബറല്‍ ഇടത്, യഥാര്‍ഥ ഭീഷണിയായ ഹിന്ദുത്വ അധികാരഘടനയെ ശക്തിപ്പെടുത്തുകയാണ്.

 

kiss of love

 

ഹിന്ദുത്വ ജാതീയ അധികാരത്തിന്റെ ഹിംസകളെ പ്രതിരോധിക്കാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദമാണ് ഫാഷിസം എന്നത്. യൂറോപ്യന്‍ അനുഭവങ്ങളില്‍നിന്ന് കടമെടുത്ത, ഇന്ത്യന്‍ പശ്ചാത്തലത്തില്‍ തീര്‍ത്തും അമൂര്‍ത്തമായ ഈ ആശയസംഹിതയില്‍ ഇടത് ലിബറലുകള്‍ മതവും മതജീവിതത്തിലെ ഹിംസകളെയും ഉള്‍പ്പെടുത്താറുണ്ട്. എന്നിട്ടവര്‍ ഭൂരിപക്ഷ വര്‍ഗീയത, ന്യൂനപക്ഷ വര്‍ഗീയത എന്ന സമീകരണം നടത്തുന്നു. അതിലൂടെ അധികാരഘടനയില്‍ ഒരിക്കലും തുല്യത അവകാശപ്പെടാനാവാത്ത ഇസ്‌ലാം അടക്കമുള്ള ന്യൂനപക്ഷ മതങ്ങളുടെ ദൈനംദിന ഇടപാടുകളെ അവര്‍ ഇന്ത്യയെന്ന ഹിംസാത്മക ദേശീയ ഘടനയെ തന്നെ നിര്‍ണയിക്കാന്‍ മാത്രം ശക്തമായ അധികാരം കൈയാളുന്ന ഹൈന്ദവ ജാതീയ മേധാവിത്വവുമായിട്ട് തുല്യപ്പെടുത്തുന്നു. ചരിത്രപരമായി തന്നെ, മതനിരാസത്തിന്റെയും വംശകേന്ദ്രീകൃതമായ സെമിറ്റിക് മതവിരുദ്ധതയുടെയും ആശയമാണ് ഫാഷിസത്തിനുള്ളത്.

ഇന്ത്യയില്‍ അത് ജാതി കേന്ദ്രീകൃതമായ മുസ്‌ലിം വിരുദ്ധതയില്‍ നട്ടുനനച്ചുണ്ടാക്കിയതാണ്. മുസ്‌ലിം അപരരുടെ തുല്യതയ്ക്കു വേണ്ടിയുള്ള സംഘര്‍ഷങ്ങളെയൊക്കെയും നിശ്ശബ്ദമാക്കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധമാണ് ‘മതവര്‍ഗീയത’ എന്ന ആരോപണം എന്നത് സര്‍വേന്ത്യാ മുസ്‌ലിം ലീഗ് മുതല്‍ സമകാലിക മുസ്‌ലിം രാഷ്ട്രീയ ഇടപെടലുകള്‍ വരെയുള്ള അനുഭവങ്ങളില്‍ തെളിയുന്നുണ്ട്.
മുസ്‌ലിം സമുദായത്തിലെ ഭൂരിപക്ഷത്തെ സംബന്ധിച്ച് സാമൂഹികാവകാശങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരായ സമരം ഹിന്ദുത്വ അധികാരത്തിനെതിരായ, ഏകപക്ഷീയമായ സമരമല്ല. അത്തരം സമരങ്ങളുടെ തിരിച്ചടികള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് പലപ്പോഴും മുസ്‌ലിംകള്‍ മാത്രമാണ്.

 

 

muslim

 

അതിനാല്‍ തന്നെ ‘മനുഷ്യസംഗമം’ പോലുള്ള പരിപാടികള്‍ അവരെ സംബന്ധിച്ച് തീര്‍ത്തും അപ്രസക്തമാണ്. അതിന്റെ ക്ഷണത്തിലോ നിരാസത്തിലോ അവര്‍ തല്‍പ്പരരുമല്ല. അതിലുമുപരി, മതകീയമായ ആവിഷകാരങ്ങളിലൂടെയും സമരങ്ങളിലൂടെയും വിലപേശലുകളിലൂടെയും അവര്‍ പ്രതിരോധത്തിന്റെ മറ്റൊരു തലം രൂപീകരിക്കുന്നു. തങ്ങളുടെ പേരുകൊണ്ടു തന്നെ പ്രതിരോധമാവാന്‍ കഴിയുന്ന, പൊതുഇടങ്ങളില്‍ നബിദിനാവിഷ്‌കാരങ്ങള്‍കൊണ്ട് സാമൂഹികഘടനയോട് സംവദിക്കാന്‍ സാധിക്കുന്ന, ചുവരെഴുത്തിന്റെ ഭാഷകൊണ്ട് ചെറുത്തുനില്‍പ് തീര്‍ക്കുന്ന മുസ്‌ലിം ദൈനംദിന പ്രതിരോധങ്ങള്‍ പുരോഗമന ഇടത് ലിബറല്‍ ഭാവനകള്‍ക്കു പുറത്താണ്. കീഴാളസമുദായങ്ങള്‍ പരസ്പരം പണിയുന്ന പാലങ്ങളിലാവും ഭാവി കേരളീയസമൂഹം വിഭാവനം ചെയ്യപ്പെടുന്നത്. ലിബറലുകള്‍ ഒരുക്കുന്ന കുഴിബോംബുകളെ അതിജീവിച്ച്, ഇരകാത്തിരിക്കുന്ന ചീങ്കണ്ണികളെ മറികടന്ന് അവര്‍ തീര്‍ക്കുന്ന സാമൂഹിക ഭാവനകള്‍ ഹിന്ദുത്വ അധികാരത്തിനെതിരേയുള്ള പ്രതിരോധമായി ഉയര്‍ന്നുവരുക തന്നെ ചെയ്യും.

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss