|    Oct 17 Wed, 2018 12:15 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ലിംഗസമത്വം: ശൈശവത്തില്‍ തന്നെ അവബോധം ഉണ്ടാക്കണം-ഹാമിദ് അന്‍സാരി

Published : 24th September 2017 | Posted By: fsq

 

കോഴിക്കോട്: ലിംഗസമത്വത്തെക്കുറിച്ച് ശൈശവ ദശയില്‍ തന്നെ അവബോധം സൃഷ്ടിക്കാന്‍ സാധിക്കണമെന്ന് മുന്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി. പോഷകാഹാരം, വിദ്യാഭ്യാസം, സാമൂഹിക ഇടപെടല്‍ എന്നിവയില്‍ കുട്ടിക്കാലത്ത് തന്നെ ആണ്‍-പെണ്‍ തുല്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനുള്ള പ്രാഥമിക ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണെന്നും അവര്‍ അക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് സംഘടിപ്പിച്ച ക്ഷേമ സമൂഹ നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക് അന്താരാഷ്ട്ര സെമിനാര്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഴ്‌സറി മുതല്‍ സെക്കന്‍ഡറി സ്‌കൂള്‍ തലം വരെയുള്ള പാഠ്യപദ്ധതിയില്‍ ലിംഗസമത്വം വിഷയമാക്കേണ്ടതുണ്ട്. സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍ കാരണം പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുന്നത് തന്നെ വലിയ ഭാരമായാണു സമൂഹം കാണുന്നത്. പുരുഷാധിപത്യവും പരമ്പരാഗതമായ ചില ചിന്താഗതികളും ആചാരങ്ങളും സ്ത്രീ സമത്വത്തിനു വിഘാതമാവുകയാണ്. ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളായിട്ടും അവ സ്ത്രീകള്‍ക്കു പരിഗണന നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും പരമ്പരാഗതമായ ചില വിശ്വാസങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഒരു കുട്ടി ആദ്യപാഠം തുടങ്ങുന്നതുതന്നെ അമ്മയില്‍ നിന്നാണ്. സമൂഹത്തില്‍ വേരൂന്നിയ അനാചാരങ്ങള്‍ കാരണം ഇതിന്റെ ഗുണം ലഭിക്കുന്നില്ല. ലോകത്ത് സ്ത്രീകളുടെ ജീവിതം വളരെ പരിതാപകരമായാണ് മുന്നോട്ടു പോവുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവരില്‍ 60 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. നിരക്ഷരരില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണ്. സൗത്ത് ഏഷ്യയിലെ 60 ശതമാനത്തിലധികവും കാര്‍ഷിക മേഖലയിലാണു ജോലിചെയ്യുന്നത്. സ്ത്രീ സാമ്പത്തിക അസമത്വത്തിന്റെ കാര്യത്തില്‍ 125ാം സ്ഥാനത്താണ് ഇന്ത്യ. രാഷ്ട്രീയ-നേതൃ-നയരൂപീകരണ പ്രക്രിയകളില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വളരെയധികം വിവേചനം നിലനില്‍ക്കുന്ന പുരുഷാധിപത്യ സമൂഹത്തിലാണ് സ്ത്രീ ജനിക്കുന്നതും വളരുന്നതും. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം തൊഴില്‍ ശേഷിയില്‍ സ്ത്രീകളുടെ പങ്ക് ഇന്ത്യയില്‍ 27 ശതമാനമാണ്. ഇന്തോനീസ്യയില്‍ ഇത് 51ഉം മലേസ്യയില്‍ 49ഉം ബംഗ്ലാദേശില്‍ 43ഉം പാകിസ്താനില്‍ 25ഉമാണ്. ഇന്ത്യയിലെ 27 ശതമാനത്തില്‍ മുസ്‌ലിം സ്ത്രീകളുടെ പങ്ക് വെറും 10 ശതമാനം മാത്രമാണ്.ഇത് മെച്ചപ്പെടുത്താന്‍ വിശ്വാസത്തിന്റെ കൂടി ഭാഗമാക്കി മാറ്റി ഓരോ വ്യക്തിയും പരിശ്രമിക്കേണ്ടതുണ്ട്. നിശ്ചയദാര്‍ഢ്യത്തോടെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിന്റെ സ്വമേധയാ ഉള്ള ഇടപെടലുകളിലൂടെയും മാത്രമേ ലിംഗസമത്വം സാധ്യമാവൂ. സ്ത്രീകളും ഇതിനായി മുന്നിട്ടിറങ്ങണം. ഐഒഎസ് ചെയര്‍മാന്‍ ഡോ. എം മന്‍സൂര്‍ ആലം അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി പ്രഫ. അഫ്‌സല്‍ വാനി, ഫിനാന്‍സ് സെക്രട്ടറി പ്രഫ. ഇശ്തിയാഖ് ഡാനിഷ്, ഡോ. നൗറാ അല്‍ഹാസ്‌വി, പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍, തമിഴ് നോവലിസ്റ്റും എഴുത്തുകാരിയുമായ സല്‍മ, പ്രഫ. പി കോയ, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ അധ്യക്ഷ എ എസ് സൈനബ, എ എ വഹാബ് സംസാരിച്ചു. സജിന ഖിറാഅത്ത് നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss