|    Apr 26 Thu, 2018 2:00 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലാ ലിഗ : വലന്‍സിയയുടെ വലനിറച്ച് ബാഴ്‌സലോണ

Published : 21st March 2017 | Posted By: fsq

 

ബാഴ്‌സലോണ: നൗകാംപില്‍ വീണ്ടും ബാഴ്‌സയ്ക്ക് ജീവന്‍വച്ചു. സ്പാനിഷ് ലീഗില്‍ വലന്‍സിയക്കെതിരേ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ കണ്ടെത്തി ബാഴ്‌സ ജയം സ്വന്തമാക്കി. മെസ്സിയുടെ ഇരട്ടഗോളിനു കൂട്ടായി സുവാരസും ഗോമസും ഗോള്‍ നേടിയതോടെ വലന്‍സിയയുടെ വല നിറഞ്ഞു. നാലു ഗോള്‍ ജയത്തോടെ 63 പോയിന്റുമായി ബാഴ്‌സ രണ്ടാംസ്ഥാനം ഭദ്രമാക്കി. കിരീടപ്പോരില്‍ റയലിന് കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച ബാഴ്‌സ രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് രണ്ടാംസ്ഥാനം നിലനിര്‍ത്തിയത്. ആദ്യപകുതി തന്നെ പത്തുപേരായി ചുരുങ്ങിയിട്ടും ശക്തരായ ബാഴ്‌സയ്‌ക്കെതിരേ രണ്ട് ഗോള്‍ സ്വന്തമാക്കാന്‍ സാധിച്ചത് വലന്‍സിയയ്ക്ക് നേട്ടമായി. 30 പോയിന്റുമായി 14ാം സ്ഥാനത്താണ് വലന്‍സിയ. ലീഗിലെ അവസാന മല്‍സരത്തില്‍ ഡിപോര്‍ടിവോയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ശേഷം ഇന്നലെയാണ് ബാഴ്‌സ കളിക്കാനിറങ്ങിയത്. പരിക്കില്‍ നിന്നു തിരിച്ചെത്തിയ നെയ്മറെ ഉള്‍പ്പെടുത്തി പിഎസ്ജിക്കെതിരേ ചരിത്രജയം നേടിയ ടീമിനെ തന്നെ രംഗത്തിറക്കിയാണ് ലൂയിസ് എന്റിക്വെ വലന്‍സിയയെ നേരിട്ടത്. എന്നാല്‍, 29ാം മിനിറ്റില്‍ ആദ്യഗോള്‍ നേടി വലന്‍സിയ ബാഴ്‌സയെ വിറപ്പിച്ചു. വലന്‍സിയ താരം മുനീറിന്റെ ഷോട്ട് ബാഴ്‌സ പ്രതിരോധിച്ചപ്പോള്‍ അത് കോര്‍ണറില്‍ കലാശിച്ചു. തുടര്‍ന്ന് ബാഴ്‌സ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി, കോര്‍ണര്‍ കിക്ക് മങ്കാല ഹെഡ്ഡറിലൂടെ വലയിലേക്ക് പായിക്കുകയായിരുന്നു. ഗോള്‍വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച ബാഴ്‌സയ്ക്കു വേണ്ടി പതിവുപോലെ സുവാരസ് തന്നെ ആദ്യഗോള്‍ നേടി. നെയ്മറിന്റെ ത്രോ സുവാരസ് ഗോളാക്കി മാറ്റിയതോടെ മല്‍സരം സമനിലയില്‍. വലന്‍സിയയുടെ ഗോള്‍ കണ്ടെത്തിയ മങ്കാലയ്ക്ക് പിന്നീട് അധികനേരം കളത്തില്‍ നില്‍ക്കാനായില്ല. ആദ്യപകുതി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഗോളെന്ന് ഉറപ്പിച്ച സുവാരസിന്റെ മുന്നേറ്റം ഫൗള്‍ ചെയ്തതിന് മങ്കാല ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി മെസ്സി ഗോളാക്കി മാറ്റിയതോടെ ബാഴ്‌സ ആധിപത്യം നേടി. എന്നാല്‍, ഒരു മിനിറ്റിനകം ആധിപത്യം സമനിലയാക്കി വലന്‍സിയ ബാഴ്‌സയെ ഞെട്ടിച്ചു. പ്രതിരോധ നിരയിലെ വീഴ്ച മുതലെടുത്ത് ജോസ് ലൂയിസ് നല്‍കിയ പാസ് മുനീര്‍ എല്‍ ഹദ്ദാദി ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യപകുതി വിസില്‍ മുഴങ്ങുമ്പോള്‍ ഇരുടീമും 2-2. ഇടവേള കഴിഞ്ഞെത്തിയ 52ാം മിനിറ്റില്‍ മെസ്സി ബാഴ്‌സയ്ക്ക് ലീഡ് സമ്മാനിച്ചു. ഇടതു വിങില്‍ നിന്ന് മസ്‌കരാനോ നല്‍കിയ പാസ് മെസ്സി വല കടത്തുകയായിരുന്നു. ലീഡ് ഉയര്‍ത്താന്‍ നെയ്മറിന് മറ്റൊരു മികച്ച അവസരം ലഭിച്ചെങ്കിലും പോസ്റ്റില്‍ തട്ടി പന്ത് പുറത്തുപോയി. പകരക്കാരനായി എത്തിയ ആന്ദ്രെ ഗോമസിലൂടെയായിരുന്നു ബാഴ്‌സയുടെ അവസാന ഗോള്‍. കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ, ഇടതു വിങിലൂടെ അടിപൊളി മുന്നേറ്റം നടത്തിയ നെയ്മര്‍ നല്‍കിയ പാസ് ഗോമസ് ഗോളാക്കി മാറ്റിയതോടെ 4-2ന് ബാഴ്‌സ മുന്നില്‍. ജയത്തോടെ ഗോള്‍ ശരാശരിയില്‍ ഏറെ മുന്നിലെത്തിയ ബാഴ്‌സ 28 മല്‍സരങ്ങളില്‍ നിന്നാണ് 63 പോയിന്റ് നേടിയത്. എന്നാല്‍, 65 പോയിന്റുമായി തലപ്പത്തുള്ള റയല്‍ മാഡ്രിഡ് ആവട്ടെ, ഒരു മല്‍സരം പിന്നിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss