|    Jun 23 Sat, 2018 7:52 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ലാഹോറിലെ കൂട്ടക്കൊല

Published : 31st March 2016 | Posted By: RKN

ലാഹോറില്‍ 70ലധികം പേരുടെ മരണത്തിനു വഴിവച്ച സ്‌ഫോടനം ഒരിക്കല്‍ കൂടി പാകിസ്താന്റെ ഭാവിയെക്കുറിച്ച സംശയങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കയാണ്. മഹാകവി ഇഖ്ബാലിന്റെ നാമത്തിലുള്ള പാര്‍ക്കില്‍ ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായെത്തിയ ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യം വച്ചാണു തങ്ങള്‍ ഈ കൊടുംപാതകം നടത്തിയതെന്നു ജമാഅത്തുല്‍ അഹ്‌റാര്‍ എന്ന നിഗൂഢ സംഘടന പറയുന്നു.  എന്തു ചെറിയ കാര്യവും ബോംബ് സ്‌ഫോടനം നടത്തി തീര്‍ക്കുന്ന ശീലം പാകിസ്താനില്‍ പലതരം വിഭാഗീയതകള്‍ നിയന്ത്രിക്കുന്ന സംഘടനകള്‍ക്കു സഹജമാണ്. ജനാധിപത്യവും പരസ്പര വിശ്വാസവും നഷ്ടപ്പെട്ട, സൈന്യത്തിന് അമിതാധികാരങ്ങളുള്ള സമൂഹത്തില്‍ ഇത്തരം ഛിദ്രശക്തികള്‍ക്കു പ്രവര്‍ത്തിക്കാനും വളരാനും വലിയ ബുദ്ധിമുട്ടില്ല. ബലൂചിസ്ഥാനിലും സിന്ധിലും പഖ്തൂണ്‍ഖ്വായിലുമൊക്കെ ഫ്യൂഡല്‍- ഗോത്രത്തലവന്‍മാരും മതപുരോഹിതന്‍മാരും ദേശീയമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയും തീര്‍ക്കുന്നതിനു പകരം കൈയൂക്കും ആയുധവുമാണ് പ്രയോഗിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള പലതരം ഏജന്‍സികള്‍ക്കും സുഗമമായി പ്രവര്‍ത്തിക്കാന്‍ പറ്റും വിധം ശിഥിലമാണ് പാക് സമൂഹം. സിഐഎയും മൊസാദും റഷ്യന്‍ ചാരസംഘടനയായ എഫ്എസ്ബിയും അതുപോലുള്ള സംഘടനകളും പാകിസ്താനില്‍ വളരെ സജീവമാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുഹാജിറുകളുടെ നേതാവായ അല്‍ത്താഫ് ഹുസയ്ന്‍ വിദേശ രാഷ്ട്രങ്ങളുടെ പണം വാങ്ങിയാണത്രെ കറാച്ചി നഗരത്തെ കൊലക്കളമാക്കിയത്. കാശുവാങ്ങി എവിടെയും ബോംബുവയ്ക്കാന്‍ തയ്യാറുള്ള സംഘങ്ങള്‍ വേറെ.വളരെ സങ്കുചിതമായ മതവ്യാഖ്യാനങ്ങള്‍ ലാഹോറില്‍ നടന്നപോലുള്ള കൊടും ക്രൂരതയ്ക്കു പിന്തുണയാവുന്നു. ദരിദ്രരും നിസ്സഹായരുമായ ചെറു ന്യൂനപക്ഷമാണ് പാകിസ്താനില്‍ ക്രൈസ്തവര്‍. ജന. സിയാഉല്‍ ഹഖിന്റെ ഇസ്‌ലാമീകരണകാലത്ത് പ്രവാചകനിന്ദയും മതപരിത്യാഗവും കഠിനശിക്ഷയര്‍ഹിക്കുന്ന കുറ്റമായി. അതോടെ ക്രൈസ്തവര്‍ പൊതുവില്‍ ഭയാശങ്കയില്‍ കഴിയുകയായിരുന്നു. ബേനസീര്‍ ഭൂട്ടോ ഭരിച്ചിരുന്ന കാലത്തും ആ കാടന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഭരണകൂടം തയ്യാറായില്ല. പല സംഭവങ്ങളിലും വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി ക്രൈസ്തവരെ ജയിലിലിട്ടിട്ടുണ്ട്. മതപരിത്യാഗവും പ്രവാചകനിന്ദയും എളുപ്പം ചാര്‍ത്താവുന്ന അവ്യക്തമായ കുറ്റങ്ങളാണ്. ഒരു സംസ്‌കൃത സമൂഹവും അംഗീകരിക്കാത്ത ഈ നിയമത്തിനെതിരേ സംസാരിച്ചതിനാണ് പഞ്ചാബ് ഗവര്‍ണറായ സല്‍മാന്‍ തഅ്‌സീര്‍ കൊല്ലപ്പെടുന്നത്. തഅ്‌സീറിന്റെ കൊലയാളിയെ ഈയിടെ തൂക്കിക്കൊന്നതു മതപുരോഹിതന്‍മാര്‍ വലിയ വിവാദമാക്കിയിരുന്നു. ഇത്തരം കൊലപാതക സംഘങ്ങള്‍ക്കെതിരേ പോരാടാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് മുന്നോട്ടുവന്നിട്ടുണ്ട്. സമീപകാലത്തായി മതതീവ്രവാദ സംഘങ്ങളില്‍ നിന്നുള്ള ആക്രമണങ്ങള്‍ വ്യാപകമായതോടെ സൈന്യവും ശക്തമായ നടപടികളാണു സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ലാഹോറിലെ കൂട്ടക്കൊലയ്ക്കു കാരണമായവരെ പിടികൂടി ശിക്ഷിക്കാന്‍ ഭരണകൂടത്തിനു സാധിക്കുമെന്ന് കരുതാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss