|    Jun 20 Wed, 2018 8:44 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ലാസ് വേഗസിലെ കൂട്ടക്കൊല

Published : 5th October 2017 | Posted By: fsq

 

മനോരോഗിയെന്നു പറയപ്പെടുന്ന ഒരു ചൂതുകളിക്കാരന്‍ ചൂതുകളിയുടെയും മറ്റു നേരമ്പോക്കുകളുടെയും നഗരമായ ലാസ് വേഗസില്‍ നടത്തിയ വെടിവയ്പില്‍ 59 നിരപരാധികളാണ് പിടഞ്ഞു മരിച്ചത്. എന്തിന് അത്തരമൊരു ഹീനമായ കൂട്ടക്കൊലയ്ക്ക് സ്റ്റീഫന്‍ പാഡക് മുതിര്‍ന്നു എന്നതിനെക്കുറിച്ച് യുഎസ് കുറ്റാന്വേഷണ ഏജന്‍സിക്കോ അയാളുടെ ബന്ധുക്കള്‍ക്കോ കൃത്യമായ ഒരുത്തരം നല്‍കാന്‍ പറ്റിയിട്ടില്ല. ലോകത്തു നടക്കുന്ന ഇത്തരം ഭീകര കൃത്യങ്ങളുടെ ഉത്തരവാദിത്തം ആരും ചോദിക്കാതെ ഏറ്റെടുക്കുന്ന ഐഎസ് വീമ്പടിയുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, എഫ്ബിഐ ആ അവകാശവാദം പുച്ഛിച്ചുതള്ളിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഓര്‍ലാന്റോയിലെ നിശാക്ലബ്ബില്‍ നടന്ന വെടിവയ്പില്‍ 49 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. അമേരിക്കയില്‍ സമീപകാലത്തായി സ്‌കൂളുകളിലും ക്ലബ്ബുകളിലും ചായക്കടകളിലും കയറി വെടിവച്ചുകൊല്ലുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ട്. സ്റ്റീഫന്‍ പാഡക് പലതരം തോക്കുകളുടെ ഒരു ശേഖരവുമായിട്ടാണ് ബഹുനില കെട്ടിടത്തിന്റെ 23ാം നിലയില്‍ നിന്നു തുരുതുരാ വെടിവയ്ക്കുന്നത്. നിരന്തരമായി ഇത്തരം കൊലയാളികളെ സൃഷ്ടിക്കുന്നവിധം അമേരിക്കന്‍ സമൂഹം സംഘര്‍ഷങ്ങള്‍ നേരിടുകയാണെന്ന് പല നിരീക്ഷകരും ചൂണ്ടിക്കാട്ടാറുണ്ട്. ദരിദ്രരും ധനികരും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നു. വംശീയത ശക്തിപ്പെടുന്നു. യുഎസ് രൂപീകരിച്ച കാലം തൊട്ടേ ഹിംസ സമൂഹത്തില്‍ ശക്തമായിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച കാല്‍പനികമായ സങ്കല്‍പങ്ങള്‍, തങ്ങള്‍ക്ക് ദൈവം ‘പ്രത്യേകമായി അനുവദിച്ച’ ഭൂഖണ്ഡത്തില്‍ മറ്റുള്ള ജനവിഭാഗങ്ങള്‍ വളര്‍ന്നുവരുന്നതില്‍ കണ്ണുകടി, വെള്ളക്കാരുടെ വംശശുദ്ധിവാദങ്ങള്‍, ആര്‍ക്കും തോക്ക് വാങ്ങിവയ്ക്കാനുള്ള അനുമതി എന്നിവ മൂലം അക്രമങ്ങള്‍ വ്യാപിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തോക്കുകള്‍ കൈവശം വയ്ക്കുന്നത് പൗരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നു വാദിക്കുന്നവര്‍ ഏറെയുള്ള രാജ്യമാണ് യുഎസ്. അതു സാധൂകരിക്കുന്ന ഒരു ഭരണഘടനാ ഭേദഗതി തന്നെയുണ്ട്. ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് തോക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ യുഎസ് കോണ്‍ഗ്രസ്സിനു മുമ്പില്‍ വന്നിരുന്നുവെങ്കിലും വലതുപക്ഷ യാഥാസ്ഥിതികര്‍ അവ തിരസ്‌കരിക്കുകയായിരുന്നു. അത്രമേല്‍ ശക്തമാണ് നാഷനല്‍ റൈഫിള്‍ അസോസിയേഷന്റെ സ്വാധീനം. പുതിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെങ്കില്‍ അത്തരം നിയന്ത്രണങ്ങളുടെ കഠിന ശത്രുവുമാണ്. അമേരിക്കയിലെ കത്തോലിക്കാ സഭ മാത്രമാണ് തോക്കുകള്‍ കൈവശം വയ്ക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അനീതിയും അസമത്വവും നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ ഘടനാപരമായ ഹിംസ ശക്തിപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഏകാന്ത ജീവിതം നയിച്ചിരുന്ന പാഡക് നിരപരാധികളുടെ നേരെ വെടിയുതിര്‍ക്കുകയും പിന്നീട് സ്വയം മരിക്കുകയും ചെയ്യുന്നു. അതിന്റെ കാരണങ്ങള്‍ എന്തെന്നു തിരിച്ചറിയാന്‍ അമേരിക്കന്‍ ജനത ആത്മപരിശോധന നടത്തേണ്ടതുണ്ട്. പാഡക്കുമാര്‍ തെളിനീരിലല്ല വളര്‍ന്നു പുഷ്പിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss