|    Jan 24 Tue, 2017 12:57 pm
FLASH NEWS

ലാവ്‌ലിനില്‍ സിപിഎം പ്രതികരിക്കാത്തത് ന്യായീകരണങ്ങളില്ലാത്തതിനാല്‍ : സുധീരന്‍

Published : 16th January 2016 | Posted By: G.A.G

SUDHEERAN

പാലക്കാട്: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാനോ ജനങ്ങള്‍ക്കിടയില്‍ പ്രചരണ വിഷയമാക്കാനോ സിപിഎം തയ്യാറാകാത്തത് ന്യായീകരണങ്ങളൊന്നുമില്ലാത്തതിനാലാണെന്ന് കെപിസിസിപ്രസിഡന്റ് വി എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നെന്ന് പറയുന്ന കോടിയേരിയും വിഎസും സിപിഎം കേന്ദ്ര നേതൃത്വവും അതുകൊണ്ടുതന്നെയാണ് അതിനെതിരെ പ്രതികരിക്കാതിരിക്കുന്നത്. അഴിമതിക്കെതിരെ പിണറായി നയിക്കുന്ന യാത്രയില്‍ പ്രചരണവിഷയമാക്കാതിരിക്കാനും ശ്രമിക്കുന്നത് വ്യക്തമായ ന്യായവാദങ്ങള്‍ അവര്‍ക്കില്ലാത്തതിനാലാണ്. ലാവ്‌ലിന്‍ ഇടപാട് വേണ്ടെന്നും 100 കോടി രൂപയുടെ നവീകരണം മാത്രം മതിയെന്നുമുള്ള സിപിഎം നേതാവ് ബാലനന്ദന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും സിഐജി റിപ്പോര്‍ട്ടും അവഗണിച്ചത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കാന്‍ സിപിഎം നേതൃത്വം ബാധ്യസ്ഥരാണ്. ലാവ്‌ലിന്‍കേസിലെ ഹൈക്കോടതി പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ വി എസിന്റേയും സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടേയും പ്രതികരണങ്ങള്‍ക്ക് കേരളീയ സമൂഹം കാതോര്‍ക്കുകയാണ്. ലാവ്‌ലിന്‍ കേസില്‍ കുറ്റക്കാരനല്ലെങ്കില്‍ കോടതിയില്‍ അത് തെളിയിക്കുകയാണ് പിണറായി ചെയ്യേണ്ടത്.

നിരവധി കേസുകളിലായി നേതാക്കള്‍ സിബിഐയുടെ നിരീക്ഷണത്തിലായതിനാലാണ് സംഘപരിവാറുമായി ചര്‍ച്ചയ്ക്ക് സിപിഎം തയ്യാറായത്. അതിന്റെ പശ്ചാത്തലത്തില്‍ സിബിഐ അടവു നയം സ്വീകരിക്കുന്നുവെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം വേണമെന്ന് വൈകിയ വേളയിലും ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്ന ബിജെപി ഇപ്പോള്‍ മിണ്ടാത്തതും കോണ്‍ഗ്രസ് വിരോധം മറയാക്കി സിപിഎമ്മുമായി യോജിക്കുന്നുവെന്ന സൂചനകള്‍ അടിവരയിടുന്നതാണ്.
ഇന്ധനവില കുറച്ച് എക്‌സൈസ് തീരുവ കൂട്ടി ജനങ്ങളെ ദ്രോഹിക്കുകയെന്ന നയം ശൈലിയാക്കിയാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സാധാരണക്കാര്‍ക്ക് ഇന്ധനവില കുറഞ്ഞതനുസരിച്ച് വില കുറച്ചുനല്‍കേണ്ടതിന് പകരം കുത്തകകളെ സഹായിക്കുന്ന സമീപനവുമായാണ് മോഡി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ബാര്‍കോഴ വിഷയത്തിലെ വിജിലന്‍സിന്റെ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മാണിയെ മന്ത്രിയാക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് എല്ലാ വസ്തുതകളും പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. പാലക്കാട്ടെ തോല്‍വി സംബന്ധിച്ചുള്ള ഉപസമിതി റിപ്പോര്‍ട്ട് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും കൈവശമാണുള്ളത്. സര്‍ക്കാരിന്റെ മദ്യനയം തെറ്റായിരുന്നുമെന്ന് കെ അച്യുതന്‍ എംഎല്‍എ പ്രസ്താവന നടത്തിയെങ്കില്‍ അത് അദ്ദേഹം സ്വയം തിരുത്തും. ബിജെപിയുടെ പ്രാദേശിക വിജയങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നും അതിനെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. നേതാക്കളായ ശൂരനാട് രാജശേഖരന്‍, ബിന്ദുകൃഷ്ണ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക