|    Oct 21 Sun, 2018 1:22 am
FLASH NEWS

ലാബ് പ്രവര്‍ത്തനം നിലച്ചു; ജില്ലാ ആശുപത്രിയില്‍ ബഹളം

Published : 8th September 2017 | Posted By: fsq

 

കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ ബയോ കെമിസ്ട്രി ലബോറട്ടറിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്ന ലാബിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് രോഗികള്‍ ബഹളം വച്ചു. രോഗികള്‍ പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കി ഓഫിസില്‍ പണമടച്ചെങ്കിലും ഫലത്തിനായി ലാബിലെത്തിയപ്പോഴാണ് യന്ത്രത്തകരാര്‍ അറിഞ്ഞത്. ഒരു ദിവസം കഴിഞ്ഞിട്ടും ഫലം ലഭിക്കാത്തതോടെ രോഗികള്‍ ബഹളമുണ്ടാക്കി. ഫലം ലഭിക്കുന്നില്ലെങ്കില്‍ അടച്ച പണം തിരികെ തരണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അനുമതി നല്‍കാതെ പണം തിരികെ നല്‍കില്ലെന്ന് ഓഫിസ് ജീവനക്കാരും പറഞ്ഞു. ഇതോടെ ബഹളമയമായി. ഒടുവില്‍ പണം നല്‍കാന്‍ സമ്മതിച്ചതോടെയാണ് ബഹളം നിര്‍ത്തിയത്. ഇന്നലെ രാവിലെ തന്നെ വിവിധ ഡോക്ടര്‍മാര്‍ എഴുതിക്കൊടുത്ത കുറിപ്പുമായി രോഗികള്‍ ലാബിലേക്ക് കൂട്ടത്തോടെ എത്തിയപ്പോഴാണ് യന്ത്രത്തകരാറിനെ കുറിച്ച് അറിയുന്നത്. ജില്ലാ ആശുപത്രിയിലെ എക്‌സ്‌റേ പ്രവര്‍ത്തനം നിലച്ചിട്ട് നാലുമാസമായിട്ടും അധികൃതര്‍ക്കു കുലുക്കമില്ല. ദിനേന 30,000 രൂപയോളം ആശുപത്രി വികസന സമിതിയിലേക്ക് വരുമാനമുള്ള ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സായ ആശുപത്രിയിലാണ് ഇടയ്ക്കിടെ യന്ത്രത്തകരാര്‍ കാരണം രോഗികള്‍ വലയുന്നത്. ഡയാലിസിസ് യൂനിറ്റ് കഴിഞ്ഞ ദിവസം രണ്ടുമണിക്കൂര്‍ വൈകിയാണ് പ്രവര്‍ത്തനം തുടങ്ങിയത്. രാവിലെ ആറിനു തുടങ്ങുന്ന ആദ്യഷിഫ്റ്റാണ് രണ്ടു മണിക്കൂര്‍ വൈകി പ്രവര്‍ത്തനം തുടങ്ങിയത്. ഡയാലിസിസ് യൂനിറ്റില്‍ ആഴ്ചകള്‍ക്കു മുമ്പ് തീപിടിത്തമുണ്ടായത് രോഗികളെയും ആശുപത്രി അധികൃതരെയും വലച്ചിരുന്നു. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കാന്‍ ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തിക്കുമ്പോഴാണ് ആശുപത്രിയിലെത്തുന്നവര്‍ക്ക് ദുരിതംവിതയ്ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുണ്ടാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss