|    Oct 21 Sun, 2018 10:03 pm
FLASH NEWS

ലാബുകളും സ്‌കാനിങ് സെന്ററുകളും രോഗികളെ കൊള്ളയടിച്ച് പണം വാങ്ങുന്നതായി പരാതി

Published : 20th September 2017 | Posted By: fsq

 

കരുനാഗപ്പള്ളി: താലൂക്കാശുപത്രി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലാബുകളും സ്‌കാനിങ് സെന്ററുകളും രോഗികളെ കൊള്ളയടിച്ച് പണം വാങ്ങുന്നതായി പരാതി. എംആര്‍ഐ സ്‌കാന്‍, സിടി സ്‌കാന്‍, എക്‌സ് റേ, ബ്ലഡ് ടെസ്റ്റുകള്‍ എന്നീ പരിശോധനകള്‍ക്കാണ് ഇത്തരക്കാര്‍ രോഗികളില്‍ നിന്നും സാധാരണ ഉള്ള റേറ്റിനേക്കാള്‍ രണ്ടും മൂന്നും ഇരട്ടി തുക വാങ്ങുന്നത്. ഇത്തരത്തിലുള്ള ചെറുതും വലുതുമായ സെന്ററുകള്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയ്ക്ക് സമീപമായി ഒരു ഡസനോളമുണ്ട്. സാധാരണ ഒരു എക്‌സ്‌റേ എടുക്കുന്നതിന് 90 രൂപയാണ് ചാര്‍ജ്ജ്. എന്നാല്‍ 200 രൂപ മുതല്‍ 300 രൂപ വരെ വാങ്ങുന്ന സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലഡ് പരിശോധനയ്ക്ക് 70 രൂപ മുതല്‍ 100 രൂപ വരെ ചാര്‍ജാണ് ഈടാക്കുന്നത്. ഡെങ്കിപ്പനി വര്‍ദ്ധിച്ചതോടെ ഇതിന് 400 രൂപ മുതല്‍ 1000 രൂപ വരെ വാങ്ങിയ ലാബുകളുമുണ്ട്. ഇവിടുത്തെ പ്രധാനപ്പെട്ട സ്‌കാനിങ് സെന്ററുകളില്‍ ഒരു എംആര്‍ഐ സ്‌കാന്‍ ചെയ്യുന്നതിന് 6500 രൂപയാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. ഇതില്‍ ഓരോ സ്‌കാനിങ്ങിനും ഡോക്ടര്‍മാര്‍ക്ക് 3000 രൂപ മുതല്‍ 3500 രൂപ വരെ കമ്മീഷന്‍ കൊടുക്കുന്ന സെന്ററുകളുമുണ്ട്. ഒരു ഡോക്ടര്‍ ദിവസം പത്ത് സ്‌കാനിങ് ചെയ്യുന്നതിന് കുറിച്ച് കൊടുത്താല്‍ 50 ശതമാനം മുഴുവന്‍ റേറ്റും ആ ഡോക്ടര്‍ക്ക് നല്‍കും. ഇതിന് തന്നെ കുറിച്ച് കൊടുക്കുന്ന ഡോക്ടര്‍മാരുടെ ബന്ധുക്കളോ പരിചയക്കാരോ ആണ് സ്‌കാന്‍ ചെയ്യുന്നതെങ്കില്‍ സ്‌കാനിങ്ങിനുള്ള കുറിപ്പില്‍ ഡോക്ടര്‍ പ്രത്യേക കോഡ് നമ്പര്‍ രേഖപ്പെടുത്തുന്നതനുസരിച്ച് സ്‌കാനിങ് ചാര്‍ജ്ജ് 3500 രൂപയോ 3000 രൂപയോ ആയി മാറും. ഇതു പോലെ പാവപ്പെട്ട രോഗികളെ കൊള്ളയടിക്കുന്ന സ്ഥാപനങ്ങള്‍ പെരുകുന്നു. എന്നാല്‍ സര്‍ക്കാര്‍ ലാബുകളുടെ ചാര്‍ജ്ജ് ഏകീകരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. ഇതു പോലെ സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരും നഴ്‌സുമാരും ഇത്തരത്തിലുള്ള ലാബുകളിലേയും സ്‌കാനിങ് സെന്ററുകളിലേയും ഏജന്റുമാരാണ്. ഏജന്റുമാര്‍ വഴി ലഭിക്കുന്ന സ്‌കാനിങ്ങിന് ഒന്നിന് 300 രൂപ മുതല്‍ 500 രൂപ വരെ ഏജന്റുമാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നതും പതിവാണ്. നിസ്സാര രോഗങ്ങളുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് സ്‌കാനിങ്ങിനും, എക്‌സ് റേക്കും ആവശ്യമില്ലാത്ത മറ്റ് ടെസ്റ്റുകള്‍ക്കും ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്നതായും രോഗികള്‍ പരാതി പറയുന്നു. പല ലാബുകളിലും സ്‌കാനിങ് സെന്ററുകളിലും മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ജീവനക്കാര്‍ക്ക് തുച്ഛമായ വേതനമാണ് ഉടമകള്‍ നല്‍കുന്നത്. ലാബ് ടെസ്റ്റുകളുടേയും സ്‌കാനിങുകളുടേയും റിപ്പോര്‍ട്ടുകള്‍ ഓരോ സ്ഥാപനത്തിലേയും ഓരോ രീതിയിലാണെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. ലാബുകളിലും സ്‌കാനിങ് സെന്ററുകളിലും എത്തുന്നവര്‍ക്ക് പരസ്യമായി കാണത്തക്കവിധം ഓരോ ഇനത്തിലും ഈടാക്കുന്ന ചാര്‍ജ്ജുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ശക്തമായി. പല ലാബുകളും രോഗികള്‍ക്ക് പരിഗണന നല്‍കാതെ നിയമലംഘനം നടത്തുന്നതായും അറിയുന്നു. മാറി മാറി വരുന്ന ഭരണകക്ഷി നേതാക്കളുടെ ഒത്താശയോട് കൂടിയാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. രോഗികളെ കൊള്ളയടിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നൂറു കണക്കിന് രോഗികള്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss